നിയന്ത്രണംവിട്ട ബൈക്ക് മതിലിടിച്ചു; കോട്ടായിയില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
കുഴല്‍മന്ദം: നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി കല്ലംപറമ്പ് വീട്ടില്‍ ആകാശ് (23), കോട്ടായി കരിയങ്കോട് സുദീപത്തില്‍ സുര്‍ജിത് (23) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടായി പഴയ കല്ലേക്കാട് സ്വദേശി അശ്വിനെ (23) ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി എ.എല്‍.പി. സ്‌കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. കോട്ടായി കണ്ടത്താര്‍കാവ് ദേശവേല കഴിഞ്ഞ് ആകാശിനെ വീട്ടിലാക്കാന്‍ പോവുകയായിരുന്നു മൂവരും. ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആകാശും സുര്‍ജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ അശ്വിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്കും മാറ്റി.
അപകടത്തില്‍പ്പെട്ട മൂവരും അടുത്ത സുഹൃത്തുക്കളാണ്. ഗള്‍ഫിലായിരുന്ന അശ്വിന്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പരേതനായ സുബ്രഹ്‌മണ്യന്റെയും ദീപയുടെയും രണ്ടാമത്തെ മകനാണ് മരിച്ച സുര്‍ജിത്ത്. സഹോദരങ്ങള്‍: സുധീഷ് (ആര്‍മി, അരുണാചല്‍ പ്രദേശ്), അശ്വതി. മോഹന്‍ദാസ് - സുനിത ദമ്പതികളുടെ മൂത്ത മകനാണ് ആകാശ്. സഹോദരന്‍: ആദര്‍ശ്. കോട്ടായി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സുര്‍ജിത്തിന്റെ സംസ്‌കാരം പിന്നീട് നടക്കും.