യു.ഡി.എഫ്. തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിച്ചത് എല്‍.ഡി.എഫ്.; പുതുതലമുറ പഴയ ഇരുണ്ടകാലം മറക്കരുത്: മുഖ്യമന്ത്രി
പത്തനംതിട്ട: യു.ഡി.എഫ്. ഭരണകാലത്ത് എല്ലാ മേഖലകളിലും തകര്‍ന്നുപോയ കേരളത്തെ വീണ്ടെടുത്ത് പുനര്‍നിര്‍മ്മിച്ചത് എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ട് വയസ്സ് തികഞ്ഞ് വോട്ട് ചെയ്യാനെത്തുന്ന പുതുതലമുറയ്ക്ക് പത്ത് വര്‍ഷം മുന്‍പത്തെ കേരളത്തിന്റെ ദുരനുഭവം ഓര്‍മ്മയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ഭരണത്തില്‍ സമസ്ത മേഖലകളിലും മുരടിപ്പായിരുന്നു. സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് അവര്‍ നാടിന് സമ്മാനിച്ചത്. ആ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തമാണ് എല്‍.ഡി.എഫ്. ഏറ്റെടുത്തത്. അവിടെനിന്നാണ് തകര്‍ന്നു കിടന്ന ഓരോ മേഖലയും പുതിയ ഉയര്‍ച്ചയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
നാടിന്റെ പുരോഗതിയും ജനക്ഷേമവും സാധ്യമാക്കുന്ന വികസനത്തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. അസത്യങ്ങളും വര്‍ഗ്ഗീയതയും പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് സര്‍വ്വതും വിറ്റുതുലയ്ക്കുന്ന കോണ്‍ഗ്രസ്-ബി.ജെ.പി. നവലിബറല്‍ നയങ്ങള്‍ക്ക് ബദലില്ലെന്ന പൊതുനിരാശ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് തന്നെ മാതൃകയായ ഒരു മാനവിക ബദല്‍ പത്ത് വര്‍ഷം കൊണ്ട് കേരളം ഉയര്‍ത്തിക്കാട്ടി. തകര്‍ന്നടിഞ്ഞ ഭൂതകാലത്തില്‍നിന്ന് പ്രത്യാശയുടെയും വികസനത്തിന്റെയും പുതിയ തീരങ്ങളിലേക്ക് കേരളത്തെ നയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. നാടിന്റെ വികസനവും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന ജനകീയ നയങ്ങള്‍ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.