മോഷണം നടത്തി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ കള്ളന് മാനസാന്തരം; പത്ത് പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെ നല്‍കി

കള്ളന് മാനസാന്തരം; പത്ത് പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെ നല്‍കി

Update: 2026-04-13 03:09 GMT

ആലത്തൂര്‍: തരൂരിലെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണവും പണവും ആഴ്ചകള്‍ക്ക് ശേഷം കള്ളന്‍ ഉടമസ്ഥന് തിരികെ നല്‍കി. തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പി.കെ. ജോയിയുടെ വീട്ടില്‍ നിന്നും മോഷണം പോയ പത്ത് പവനും 90000 രൂപയുമാണ് മാനസാന്തരം വന്നപ്പോള്‍ കള്ളന്‍ ഉടമസ്ഥന് തിരികെ നല്‍കിയത്.

വീട്ടുമുറ്റത്തെ കിണറിനുസമീപം ഞായറാഴ്ച രാവിലെ ചെറിയ കടലാസ് പെട്ടി ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വര്‍ണവും പണവുമാണ് അതിനുള്ളിലെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ ആലത്തൂര്‍ പോലീസിനെ വിവരം അറിയിച്ചു. വീട്ടുകാരുടെ വരവുംപോക്കും കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നായിരുന്നു പോലീസ് നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മോഷണവസ്തുക്കള്‍ തിരിച്ചുകിട്ടിയത്.

മാര്‍ച്ച് 31-നാണ് ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പള്ളിയില്‍ പോയ ഭാര്യ ജിജിയെ കൂട്ടിക്കൊണ്ടുവരാന്‍ ജോയി വീടുപൂട്ടി പോയപ്പോഴായിരുന്നു സംഭവം. ഗൃഹനാഥന്‍ വീട് പൂട്ടിപ്പോകുമ്പോള്‍ സിറ്റൗട്ടിലെ ഷൂവിനുള്ളില്‍ താക്കോല്‍ സൂക്ഷിച്ച് വയ്ക്കുകയാണ് പതിവ്. ഇത് മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നില്‍.

തിരിച്ചുകിട്ടിയ വസ്തുക്കളടങ്ങിയ കടലാസ് പെട്ടി വീട്ടുകാര്‍ തുറന്ന് പരിശോധിച്ചതിനാല്‍, വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പോലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരം ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെനല്‍കും.

Tags:    

Similar News