ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ കേന്ദ്രം തയ്യാറല്ല; നിധിന്‍ രാജിന്റെ വേര്‍പാട് അത്യന്തം വേദനയുളവാക്കുന്നത്

Update: 2026-04-14 07:23 GMT

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നടുവിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ നിധിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയില്‍ കേരളം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത വാര്‍ത്തകളാണ് തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശി നിതിന്‍രാജിന്റെ മരണത്തെ തുടര്‍ന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണ്.

ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുള്‍പ്പെടെയുള്ള വിഭജനവും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്.

Similar News