ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷാവിധി ചൊവ്വാഴ്ച്ച; 19 വര്‍ഷത്തിന് ശേഷം വിധി എത്തുമ്പോള്‍ കണ്ണീരോടെ റിജിത്തിന്റെ അമ്മ
റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2005 ഒക്ടോബറില്‍ രാത്രി ഒമ്പത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരുന്ന സമയത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരകായുധങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായിരുന്ന നികേഷ്, വികാസ്, വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന്‍ (50), കോത്തല താഴെ വീട്ടില്‍ കെ.ടി. ജയേഷ് (35), വടക്കെ വീട്ടില്‍ വി.വി. ശ്രീകാന്ത് (40), പുതിയ പുരയില്‍ പി.പി. അജീന്ദ്രന്‍ (44), ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി. അനില്‍കുമാര്‍ (45), പുതിയ പുരയില്‍ പി.പി. രാജേഷ് (39), കോത്തല താഴെ വീട്ടില്‍ അജേഷ് (34), ചാക്കുള്ള പറമ്പില്‍ സി.പി രഞ്ജിത്ത് (39), വടക്കെവീട്ടില്‍ വി.വി. ശ്രീജിത്ത് (40), തെക്കേ വീട്ടില്‍ ടി.വി. ഭാസ്‌കരന്‍(60) എന്നിവരാണ് കേസിലെ പ്രതികള്‍.
കേസുമായി ബന്ധപ്പെട്ട് 29 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒപ്പം 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 2005 ഒക്ടോബര്‍ രണ്ടാം തിയതി തര്‍ക്കമുണ്ടാവുകയും മൂന്നാം തിയതി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കെ. ഉമേഷ്, പി.പി. സജീവന്‍, കോടതിയിലെ പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് വി.സി. ജയരാജന്‍, വില്ലേജ് ഓഫിസര്‍ പി.വി. അരവിന്ദന്‍, പി.കെ. ബാലന്‍, ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ. വിദ്യാധരന്‍, ഡോ. ഹിലാരി സലാം, സയിന്റിഫിക് എ. ബാബു, പൊലീസ് ഫോട്ടോഗ്രാഫര്‍ പി.വി. സുരേന്ദ്രന്‍, പൊലീസ് ഓഫിസര്‍മാരായ, എ.വി. ജോര്‍ജ്, ടി.പി. പ്രേമരാജന്‍, കെ. പുരുഷോത്തമന്‍, പ്രകാശന്‍, കെ. രവീന്ദ്രന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍സാക്ഷികള്‍.
19 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഏറെ വൈകാരികമായിരുന്നു അമ്മയുടേയും സഹോദരിയുടേയും പ്രതികരണം. വിധിയില്‍ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. 19 വര്‍ഷവും മൂന്നു മാസവും കാത്തിരിക്കേണ്ടി വന്നു. 17 വര്‍ഷം വരെ അച്ഛന്‍ കാത്തിരുന്നു. 2 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. ഇപ്പോള്‍ തനിച്ചായെന്നും മറ്റൊന്നും പറയാനില്ലെന്നും അമ്മ പറഞ്ഞു. വിധി കേള്‍ക്കാന്‍ അച്ഛനില്ലാതെ പോയെന്ന് സഹോദരിയും പ്രതികരിച്ചു.