അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി; ചോറോട് അപകടം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല
കോഴിക്കോട് : ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് അബോധാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യം ഇല്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. അപകടത്തില്‍ പുത്തലത്ത് ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന കോമയിലാകുകയുമായിരുന്നു.
വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്.
നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് പ്രതിയെ പിടിക്കാന്‍ അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.