വെളുപ്പിന് കക്കൂസ് മാലിന്യം കളയാൻ എത്തിയ ടാങ്കർ; മുന്നിൽ ദുരൂഹമായി ഒരു കാറും; ചേസ് ചെയ്ത് പൊക്കി പോലീസ്; ഒരാൾ പിടിയിൽ; രണ്ടു പേർ ഇറങ്ങിയോടി
പത്തനംതിട്ട: കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടാങ്കർ ലോറിയെ പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി. പത്തനംതിട്ട ഏനാത്ത് മണ്ണടി ദളവ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംശയം തോന്നി പോലീസ് സംഘം ലോറിയെ പിന്തുടർന്നപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടിയിട്ടുണ്ട്. രണ്ട് പേർ ഇറങ്ങിയോടി രക്ഷപ്പെടുകയും ചെയ്തു.
പുലർച്ചെയാണ് ഏനാത്ത് പോലീസ് സ്റ്റേഷനിലെ നൈറ്റ് പെട്രോളിംഗ് സംഘം ഒരു ടാങ്കർ കണ്ടത്. ടാങ്കറിന് മുന്നിൽ ഒരു കാറും കടന്നുപോയി. ഈ കാറിന് പിന്നാലെ അതിവേഗത്തിൽ ടാങ്കർ കടന്നുപോയപ്പോൾ പോലീസ് സംഘത്തിന് സംശയം തോന്നി. ഇതോടെ പോലീസുകാർ ടാങ്കറിനെ പിന്തുടർന്നു.
പോലീസിനെ കണ്ടതോടെ അമിതവേഗതയിൽ പാഞ്ഞ ടാങ്കറിന് പിന്നാലെ പോലീസ് സംഘവും പിന്തുടർന്നു. മൂന്നര കിലോമീറ്ററോളം പിന്തുടർന്ന് സഞ്ചരിച്ച ശേഷം ഏനാത്ത് മിസ്പാ ജംഗ്ഷനിൽ വെച്ച് സാഹസികമായി വാഹനം പോലീസ് പിടികൂടുകയായിരുന്നു.