17 ദിവസം പ്രായമുള്ള ചെറുമക്കളെ കുളിപ്പിച്ച് ഒരുക്കി മുത്തവും കൊടുത്ത് ശാന്തമ്മ പഞ്ചായത്ത് ഓഫീസിലേക്ക് പോയി; തിരിച്ചെത്തിയപ്പോള്‍ കണ്ടത് കഴുത്തറ്റ പിഞ്ചോമനകളെ; സര്‍വ്വതും തകര്‍ന്ന ശാന്തമ്മ നീതി തേടി മുട്ടാത്ത വാതിലുകളില്ല; 18 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ കുറ്റവാളികളെ പിടികൂടൂമ്പോള്‍ ആ മാതൃപോരാട്ടത്തിനും വിജയം
17 ദിവസം പ്രായമുള്ള ചെറുമക്കളെ കുളിപ്പിച്ച് ഒരുക്കി മുത്തവും കൊടുത്ത് ശാന്തമ്മ
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലായത്. അഞ്ചല്‍ സ്വദേശിയും മുന്‍ സൈനികരുമായ ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. അഞ്ചലില്‍ അന്ന് നടന്ന അരുംകൊല സമാനതകള്‍ ഇല്ലാത്തതായിരുന്നു. 17 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് അരുംകൊല ചെയ്തത് ആ കുഞ്ഞിന്റെ പിതാവ് തന്നെയായിരുന്നു.
2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിയും അവിവാഹിതയുമായ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിബില്‍കുമാറിനും രാജേഷിനും കൊലപാതകത്തില്‍ പങ്കുള്ള കാര്യം വ്യക്തമായത്. അന്ന് മകളും പേരക്കുട്ടികളും നഷ്ടമായ അലമണ്‍ രജനീ ഭവനില്‍ ശാന്തമ്മ വലിയ നീതിക്കായി വലിയ പോരാട്ടം തന്നെയാണ് നടത്തിയത്. ഓമനിച്ചു മതിവാരാത്ത പിഞ്ചു കുഞ്ഞുങ്ങളെയും മകളെയും അരുംകൊല ചെയ്തവരെ എങ്ങനെയും കണ്ടെത്തണം എന്നതായിരുന്നു ഇവരുടെ ആവശ്യം.
അന്നത്തെ സംഭവം അഞ്ചല്‍ സ്വദേശികള്‍ ഇന്നും മറക്കുന്നില്ല. ചെറുമക്കള്‍ രണ്ട് പേരെയും കുളിപ്പിച്ച് ഒരുക്കി ഉറക്കി കിടത്തി അവര്‍ക്ക് മുത്തം കൊടുത്താണ് ആ മുത്തശ്ശി വീട്ടില്‍ നിന്നും പുറത്തുപോയത്. വെള്ളിയാഴ്ച്ച ഉച്ചക്ക് അഞ്ചല്‍ ടൗണില്‍ പോയി പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു അവര് പോയത്. കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. തിരികെ എത്തുമ്പോള്‍ അവര്‍ കണ്ടത് കട്ടിലില്‍ കഴുത്തറ്റ നിലയിലുള്ള കുരുന്നു ശരീരങ്ങളാണ്. കുട്ടികളുടെ അമ്മ പുറത്തേ മുറിയില്‍ മരിച്ച നിലയിലും. ഹൃദയം തകര്‍ക്കുന്നതായിരുന്നു മാതാവിന്റെ ഈ അനുഭവം. അന്ന് മുതല്‍ നീതി തേടി ഏറെ അലഞ്ഞു ആ മാതാവ്.
അന്ന് ശാന്തമ്മയ്ക്ക് സഹായങ്ങളുമായി എത്തിയത് അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതികുമാര്‍ ചാമക്കാല അടക്കമുള്ളവരായിരുന്നു. ചെറുമക്കളുടെയും മകളുടെയും ഘാതകരെ കണ്ടെത്താന്‍ വേണ്ടി അവര്‍ എല്ലാ തലത്തിലും പരിശ്രമങ്ങള്‍ നടത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അടക്കം ഉണ്ടായി. കേസ് അന്വേഷണം തുടക്കത്തില്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത് ജ്യോതികുമാര്‍ ചാമക്കാലയായരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഇടപെടലോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയും ചെയ്തു. പിന്നീട് പ്രതികളെ പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും തേടി.
ശന്തമ്മയുടെ മകള്‍ അവിവാഹിതയായ രഞ്ജിനി അയല്‍വാസിയായ ദിവില്‍കുമാറുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തില്‍ ഗര്‍ഭിണിയായി ഇവര്‍ 2006 ജനുവരി 26 ന് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. കൃത്യമായ പ്ലാനിംഗോടെയായിരുന്നു കൊലപാതകം. 2006 ഫെബ്രുവരി ആറിന് രഞ്ജിനിയെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സൈന്യത്തില്‍ നിന്ന് അവധിയെടുത്ത ദിവില്‍കുമാറും രാജേഷും സംഭവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാതെ ഒളിവില്‍ പോകുകയായിരുന്നു.
പ്രസവത്തിനുമുമ്പ് ജോലിക്കുപോയ ദിവില്‍കുമാറുമായി ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാന്‍ രഞ്ജിനി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ പിതൃത്വം ഇയാള്‍ നിഷേധിച്ചു. രഞ്ജിനി വനിതാകമീഷന് പരാതിനല്‍കുകയും ഡി.എന്‍.എ പരിശോധനക്ക് വിധേയനാകാന്‍ ദിവില്‍കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ഇയാള്‍ തയാറായിരുന്നില്ല. പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിനിയെ കാണാന്‍ മറ്റൊരു പേരില്‍ എത്തിയ രാജേഷ് അവരുമായി അടുപ്പം സ്ഥാപിക്കുകയും ദിവില്‍കുമാറിനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കുകയുംചെയ്തു.
സംഭവദിവസം ഇയാള്‍ രഞ്ജിനിയുടെ വീട്ടിലെത്തിയതായും രേഖകള്‍ വ്യക്തമാക്കുന്നു. രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തോഫിസില്‍ പോയിരുന്ന സമയത്താണ് കൊല നടന്നത്. ലോക്കല്‍പൊലീസ് നടത്തിയ അന്വേഷണം പിന്നീട് ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. ദിബിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പതിനെട്ട് വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു. പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഇരുവര്‍ക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.
സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ജനുവരി 18 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കും. അഞ്ചലില്‍ സംഭവം നടന്ന സ്ഥലത്തടക്കം പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.