യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം ഗൗരവതരം; കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം; സീനിയര്‍ അഭിഭാഷകനെ ബോധപൂര്‍വ്വം സഹായിച്ചവരെ കുറിച്ചും പൊലീസ് അന്വേഷിക്കണമെന്ന് നിയമമന്ത്രി പി രാജീവ്; പരാതിയുമായി മുന്നോട്ടെന്ന് ശ്യാമിലി; ബെയ്‌ലിന്‍ ദാസിനെ സസ്പന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സിലും
യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം ഗൗരവതരം
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഗൗരവതരമെന്ന് നിയമ മന്ത്രി പി രാജീവ്. മര്‍ദ്ദനമേറ്റ യുവ അഭിഭാഷക ശ്യാമിലിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഇതിന് മുന്‍പ് കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
' വളരെ ഗൗരവകരമായ സംഭവമാണ്. പൊലീസ് കേസ് ചാര്‍ജ് ചെയ്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കുറ്റവാളിയെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. സീനിയര്‍ അഭിഭാഷകനെ ബോധപൂര്‍വം സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കണം. അഭിഭാഷകയെ ആക്രമിച്ച കേസിലാണ് നടപടി. അപ്പോള്‍ ഇരയ്ക്കൊപ്പമാണ് അഭിഭാഷകര്‍ നില്‍ക്കേണ്ടത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്'- മന്ത്രി വ്യക്തമാക്കി
നിയമവകുപ്പ് വിഷയം ബാര്‍ കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും. അഭിഭാഷക സമൂഹം മുഴുവന്‍ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നില്‍ക്കണം. അസാധാരണമായ സംഭവമാണിത്. മര്‍ദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസ് മര്‍ദിച്ച സംഭവത്തില്‍ നടപടിയുമായി ബാര്‍ കൗണ്‍സില്‍. ബെയ്‌ലിന്‍ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടന്‍ പുറത്തുവിടും. ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്താല്‍ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെയും നടപടി.
പരാതിയുമായി മുന്നോട്ടെന്ന് ശ്യാമിലി
അതേസമയം, പിരിച്ചുവിട്ടതിലുള്ള കാരണം അറിയാനാണ് വീണ്ടും ഓഫീസിലേക്ക് പോയതെന്നും സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് തന്നെ മര്‍ദിക്കുമെന്ന് വിചാരിച്ചില്ലെന്നും അഭിഭാഷക ശ്യാമിലി. വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷനായതിനാലാണ് പിരിച്ചുവിട്ടതിലുള്ള കാരണം അറിയാനായി അവിടെ പോയതെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
'മര്‍ദനമേറ്റതിന്റെ വേദനയുണ്ട്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പൊലീസ് അന്വേഷണത്തില്‍ അതൃപ്തിയുമില്ല. വളരെ നല്ലരീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ബാര്‍ കൗണ്‍സിലില്‍ ഇ-മെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. ബാര്‍ അസോസിയേഷനില്‍ പരാതി നേരിട്ട് നല്‍കും. നിയമനടപടിയുമായി മുന്നോട്ട് പോകാണ് തീരുമാനമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
മര്‍ദിക്കുമെന്ന് ഓഫീസിലുള്ള ആരും വിചാരിച്ചില്ല. സംഭവത്തിന് ശേഷം ബെയിലിനെ ഓഫീസില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യണമെന്നായിരുന്നു എനിക്ക്. എന്നാല്‍ വക്കീല്‍ ഓഫീസില്‍ നിന്നും ഒരു വക്കീലിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ സമ്മതിക്കില്ല എന്നായിരുന്നു ബാര്‍ അസോസിയേഷന്റെ നിലപാട്. അസോസിയേഷന്‍ സെക്രട്ടറിയാണ് അത് പറഞ്ഞത്. അസോസിയേഷന്റെ തെരഞ്ഞെടുപ്പ് സമയത്ത് ബെയ്‌ലിന്‍ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാവാം അദ്ദേഹത്തെ സംരക്ഷിച്ചത് ശ്യാമിലി പറഞ്ഞു.
നിലവില്‍ ബാര്‍ അസോസിയേഷനില്‍ നിന്നും വളരെയധികം സഹകരണം ഉണ്ട്. ബാര്‍ അസോസിയേഷന്റെയും കൗണ്‍സിലിന്റെയും ഭാഗത്തുനിന്നും കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് ഇനി യൂണിഫോം ധരിക്കാന്‍ കഴിയാത്ത തരത്തിലുള്ള നടപടികള്‍ ഉണ്ടാകണമെന്നും ശ്യാമിലി പറഞ്ഞു.
ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷകയ്ക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയര്‍ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍/ തടഞ്ഞുവയ്ക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബെയിലിനെതിരെ കേസെടുത്തിരുന്നു.