പാഞ്ഞെത്തിയ ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കി യു.എ.ഇ എയര്‍ഫോഴ്‌സും എയര്‍ ഡിഫന്‍സും സംവിധാനവും; തടഞ്ഞിട്ടത് 137 മിസൈലുകളും 209 ഡ്രോണുകളുമെന്ന് പ്രതിരോധ മന്ത്രാലയം; വെല്ലുവിളികളെ നേരിടാന്‍ സജ്ജമെന്ന് യുഎഇ

പാഞ്ഞെത്തിയ ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും നിര്‍വീര്യമാക്കി യു.എ.ഇ എയര്‍ഫോഴ്‌സും എയര്‍ ഡിഫന്‍സും സംവിധാനവും

Update: 2026-03-01 12:58 GMT

ദുബായ്: ഇറാന്‍ ആക്രമണം തുടങ്ങിയ ശേഷം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് യു.എ.ഇ അധികൃതര്‍. രാജ്യത്തെ ലക്ഷ്യമിട്ട 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും യു.എ.ഇ എയര്‍ഫോഴ്‌സും എയര്‍ ഡിഫന്‍സും ചേര്‍ന്ന് തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യത്യസ്ത രൂപത്തിലുള്ള വെല്ലുവിളികളെ നേരിടാനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതായിരുന്നു നടപടികള്‍.

പ്രതിരോധ പ്രവര്‍ത്തനത്തില്‍ 137 ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളില്‍ 132 എണ്ണം വിജയകരമായി നശിപ്പിച്ചു. ശേഷിച്ച അഞ്ച് മിസൈലുകള്‍ കടലിലാണ് വീണത്. ഇതോടൊപ്പം 209 ഇറാനിയന്‍ ഡ്രോണുകളില്‍ 195 എണ്ണം തടഞ്ഞു വീഴ്ത്തിയിട്ടുണ്ട്. 14 എണ്ണം രാജ്യത്തിന്റെ ഭൂപ്രദേശത്തും കടല്‍പരിധിയിലും പതിച്ചതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീണതിനെ തുടര്‍ന്ന് ചെറിയ രീതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും മന്ത്രാലയം അറിയിച്ചു. സംഭവങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര നടപടിക്രമങ്ങള്‍ അനുസരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ നടപടിയാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം സംഭവങ്ങളില്‍ ശക്തമായി അപലപിക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ യു.എ.ഇക്ക് പൂര്‍ണ അവകാശമുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി.

എല്ലാ ഭീഷണികളെയും നേരിടാന്‍ സജ്ജമാണെന്നും, പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.

അതേസമയം ഇറാനെതിരേ രൂക്ഷ വിമര്‍ശനവും യുഎഇ ഉയര്‍ത്തി. യുദ്ധം അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. 'ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. വിവേകത്തോടെ സാഹചര്യം കൈകാര്യംചെയ്യൂ. അയല്‍ക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയല്‍ക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം', അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

ഇസ്രയേല്‍ -യുഎസ് സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളില്‍ വ്യാപക ആക്രമണവും ഇറാന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുഎഇ രംഗത്തെത്തിയത്.

Tags:    

Similar News