പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റത്തിലടക്കം ഭരണവിരുദ്ധ വികാരം ശക്തം; അഴിമതി വ്യാപകമെന്ന് പരാതി; ആഞ്ഞടിച്ച് യുഡിഎഫ്; സീറ്റുകള്‍ ഇരട്ടിയാക്കാന്‍ കാടിളക്കി ബിജെപി; അരനൂറ്റാണ്ട് കുത്തകയാക്കി വെച്ച കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് അഗ്നി പരീക്ഷ

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് അഗ്നി പരീക്ഷ

Update: 2025-12-08 16:30 GMT

കോഴിക്കോട്: കഴിഞ്ഞ അര നൂറ്റാണ്ടോളമായി ഇടതുമുന്നണി ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ തവണ ആകെയുള്ള 75 സീറ്റില്‍ 49 ഉം നേടിയാണ് അവര്‍ ഭരണം നിലനിര്‍ത്തിയത്. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലാണ് തങ്ങള്‍ക്ക് കഴിഞ്ഞതവണ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കാതെ പോയതെന്നും ഇത്തവണ ഭരണം പിടിക്കുമെന്നുമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. സീറ്റുകള്‍ ഇരട്ടിയാക്കുമെന്നും, കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ തങ്ങള്‍ക്കാകുമെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തുണ്ട്.

ശക്തമായ ഭരണവിരുദ്ധവികാരമാണ് ഇത്തവണ എല്‍ഡിഎഫിലെ അലട്ടുന്നത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണത്തില്‍ അഴിമതി വ്യാപകമായെന്ന് പരാതി സിപിഎം അനുഭാവികള്‍ക്ക് തന്നെയുണ്ട്. മാത്രമല്ല, പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റത്തിലടക്കം വലിയൊരു വിഭാഗം അനുഭാവികള്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് മുതലെടുക്കാന്‍ യുഡിഎഫിന് കഴിയുമോ എന്നാണ് ചോദ്യം.

മേയര്‍ സ്ഥാനാര്‍ത്ഥി നിയാസ്

ഇത്തവണ കോഴിക്കോട് കോര്‍പറേഷന്റെ ചുമതല കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി ഒരു പടി മുന്നിലെത്താനും യുഡിഎഫിന് സാധിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി. എം നിയാസ്, നിലവിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, യൂത്ത് ലീഗ് നേതാക്കളായ ഫാത്തിമ തഹ്ലിയ, ടി.പി.എം ജിഷാന്‍ തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെയാണ് യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പാറോപ്പടി സ്ഥാനാര്‍ഥിയുമായ പി.എം.നിയാസ് ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വ്യകതമാക്കിയിട്ടുണ്ട്. നാലര പതിറ്റാണ്ട് നീണ്ട എല്‍.ഡി.എഫിന്റെ കോര്‍പ്പറേഷന്‍ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. നേരത്തെ, സംവിധായകന്‍ വി.എം.വിനുവിനെയാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. പക്ഷേ വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മത്സരിക്കാനായില്ല.

45 വര്‍ഷത്തിനുശേഷം കോഴിക്കോടിന് ഒരു കോണ്‍ഗ്രസ് മേയര്‍ ഉണ്ടാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗ്രൂപ്പ് വീതംവെപ്പിന് അധികംപോവാതെ, കഴിവുള്ളവരെയാണ് തങ്ങള്‍ മത്സരിപ്പിക്കുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. തങ്ങള്‍ക്ക് മേല്‍ വന്നിട്ടുള്ള സ്ത്രീവിരുദ്ധര്‍ എന്ന ഇമേജ് മാറ്റനായി വനിത യുവ നേതാവിനെ കളത്തിലിറക്കിയിരിക്കയാണ് മുസ്ലീം ലീഗ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ അഡ്വ. ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ജനവധി തേടും. യുവനേതാക്കളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന യു.ഡി.എഫിന്റെ നീക്കത്തിന്റെ ഭാഗമായാണ് തഹ്ലിയയുടെ സ്ഥാനാര്‍ഥിത്വം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാനിരിക്കെയാണ് തഹ്ലിയയുടെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും നേടിയ വന്‍ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡി എഫ് ഇത്തവണ തദ്ദേശപ്പോരിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല പഞ്ചായത്തുകളിലും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തിന് ഇറങ്ങിയതും ശബരിമല സ്വര്‍ണക്കൊള്ളയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ സര്‍ക്കാറിന്റെ സമീപനവും നികുതി കൊള്ളയും വിലക്കയറ്റവും ഉള്‍പ്പെടെ മുന്‍നിര്‍ത്തി വന്‍പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.

വാര്‍ഡ് വിഭജനം ഇടതിന് തുണ

കഴിഞ്ഞ 15 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇടതുമുന്നണി ഇവിടെ കൃത്യമായ മേധാവിത്വം പുലര്‍ത്തിയത് കാണാം. 2010-ല്‍ യുഡിഎഫിന് കോര്‍പ്പറേഷനില്‍ 34 സീറ്റും എല്‍ഡിഎഫിന് 41 സീറ്റും ലഭിച്ചു. എന്നാല്‍, 2015-ല്‍ എത്തിയപ്പോള്‍ യുഡിഎഫ് സീറ്റ് 20 ലേക്ക് കുറയുകയും എല്‍ഡിഎഫ് സീറ്റ് 48 ലേക്ക് കുതിക്കുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ അട്ടിമറിജയം നടത്തി ബിജെപി ഏഴ് സീറ്റും കരസ്ഥമാക്കി. എല്‍ഡിഎഫിന്റെ നാല് സീറ്റും യുഡിഎഫിന്റെ മൂന്ന് സീറ്റും പിടിച്ചടക്കിയായിരുന്നു ബിജെപി കോര്‍പ്പറേഷനില്‍ സാന്നിധ്യമറിയിച്ചത്. 2020-ആവുമ്പോഴേക്കും സ്ഥിതി വീണ്ടും മാറി മറിഞ്ഞു. 2015-ല്‍ 48 സീറ്റ് നേടിയ എല്‍ഡിഎഫ് 51-ലേക്കുയര്‍ന്നു. യുഡിഎഫ് ഇരുപതില്‍നിന്ന് 17-ലേക്ക് ചുരുങ്ങി. ബിജെപിക്ക് 2015-ല്‍ ലഭിച്ച ഏഴുസീറ്റുകളേ 2020-ലും കിട്ടിയുള്ളൂ. എന്നാല്‍ ഇരുപത്തിരണ്ടിടത്ത് രണ്ടാംസ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. ഇത്തവണ വാര്‍ഡ് വിഭജനം ഇടതിന് മുതല്‍ക്കൂട്ടാണ്.

ആകെയുള്ള 75 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വിഭജനം കഴിഞ്ഞതോടെ 76 ആയി. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു, മേയര്‍ സ്ഥാനമെങ്കില്‍ ഇത്തവണ ജനറലിലേക്ക് മാറി. തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളും കൊടുകാര്യസ്ഥതയുംമൂലം കോര്‍പ്പറേഷന്‍ ഭരണം പ്രതിക്കൂട്ടിലായ കാലമായിരുന്നു ഇത്. മാലിന്യപ്രശ്‌നം, പാളയം മാര്‍ക്കറ്റ് മാറ്റം, കിഡ്‌സണ്‍ കോര്‍ണര്‍ പൊളിച്ചിടല്‍, തുടങ്ങിയ പല വിഷയങ്ങളും ഇടതിന് തലവേദനയാണ്.

എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ നിലവിലെ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദിന് പാര്‍ട്ടിയില്‍ നിന്നുതന്നെ വെല്ലുവിളിയുണ്ട്. അദ്ദേഹം മത്സരിക്കാന്‍ ആദ്യം കണ്ടുവെച്ച കോട്ടൂളി വാര്‍ഡില്‍ നിന്ന് വിമത ഭീഷണി മൂലം മാറി പോകേണ്ടിവന്നു. ഇപ്പോള്‍ അദ്ദേഹം മത്സരിക്കുന്ന മീഞ്ചന്ത വാര്‍ഡിലും സിപിഎമ്മില്‍ അടിയൊഴുക്ക് സാധ്യത ഏറെയാണ്. നിലവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എസ്.കെ അബൂബക്കറാണ് മീഞ്ചന്തയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍ എംഎല്‍എയായ എ പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപും മത്സരിക്കുന്നുണ്ട്. ഇവരെ ഡെപ്യൂട്ടി മേയര്‍ ആക്കാനാണ് നീക്കംമെന്നും അറിയുന്നു. മുന്‍ എംഎല്‍എകൂടിയായ എ പ്രദീപ്കുമാര്‍, ഇത്തവണ കോഴിക്കോട്ട് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവാണ്. പക്ഷേ അപ്പോഴാണ് അദ്ദേഹം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുന്നത്.

സീറ്റ് ഇരട്ടിയാക്കാന്‍ ബിജെപി

കഴിഞ്ഞ തവണ ഏഴ്‌സീറ്റുകള്‍ ജയിക്കുകയും, 22 ഇടത്ത് രണ്ടാമത് എത്തുകയും ചെയ്ത ബിജെപി നിലമെച്ചപ്പെടുത്തിയാല്‍, എല്‍ഡിഎഫിന് ഭരണപോവുകയോ, തൂക്ക് സഭയുണ്ടാവുമോ ചെയ്യുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ ഏഴുസീറ്റ് നേടി മിന്നും പ്രകടനം കാണിച്ച ബി.ജെ.പി ഇത്തവണ ഒരു കലക്ക് കലക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞത് ഇത്തവണ പ്രവചനാതീതമാവും കോഴിക്കോട് കോര്‍പറേഷന്‍ എന്നാണ്. നിലവില്‍ 22 സീറ്റുകളില്‍ രണ്ടാമതും മൂന്ന് സീറ്റുകളില്‍ നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുമെത്തിയ പാര്‍ട്ടി ഇത്തവണ 20സീറ്റുകളെങ്കിലും അധികം നേടുമെന്നാണ് നേതാക്കളുടെ ആത്മിവശ്വാസം.

45 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ശക്തമായ മത്സരം നടത്താനാണ് ബിജെപി നീക്കം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസ് കാരപ്പറമ്പിലും, നിലവിലെ കൗണ്‍സിലര്‍ ടി. റനീഷ് പൊറ്റമ്മലുമാണ് മത്സരിക്കുന്നത്. മുന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ പന്നിയങ്കര ഡിവിഷനിലും, ജില്ലാ ജനറല്‍ സെക്രട്ടറി രമ്യ മുരളി നടുവട്ടത്തും ജനവിധി തേടും. മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നവ്യ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാദ്ധ്യത. ബിജെപി ജില്ല പ്രസിഡന്റ് പ്രകാശ് ബാബുവും ചാലപ്പുറം ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം മത്സരിക്കാതെ ജില്ലയുടെ പ്രചാരണചുമതലയിലേക്ക് മാറിയിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് ചുമതല.

Tags:    

Similar News