മലയാളി നഴ്സുമാര്‍ ചരിത്രം സൃഷ്ടിച്ച ആര്‍സിഎന്‍ തിരഞ്ഞെടുപ്പ്: യുകെയിലെ നഴ്സുമാര്‍ക്ക് ഇനി മലയാളി തന്നെ പ്രസിഡന്റും; ആദ്യമായി മേയറെയും പാര്‍ലമെന്റ് അംഗത്തെയും കിട്ടിയ വര്‍ഷത്തില്‍ അതിനേക്കാള്‍ നേട്ടമാകാവുന്ന പദവിയും മലയാളി കൈകളില്‍; ബിജോയ് സെബാസ്റ്റിയന്റെ വിജയം ഓരോ മലയാളി നഴ്സിനും അഭിമാനമാകുമ്പോള്‍

യുകെയിലെ ആര്‍സിഎന്‍ സംഘടനയുടെ തലപ്പത്ത് മലയാളി യുവാവ്

Update: 2024-11-14 03:12 GMT

കവന്‍ട്രി: അരനൂറ്റാണ്ട് കാലത്തിലേറെയായി മലയാളികള്‍ യുകെയില്‍ ഉണ്ടെങ്കിലും 2024 പോലെ ഒരു വര്‍ഷം മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഇനി സംഭവിക്കുമോ എന്ന ചോദ്യമുയര്‍ത്തിയാണ് ഇന്നലെ കടന്നു പോയിരിക്കുന്നത്. ബ്രിട്ടന്റെ വിദ്യാഭ്യാസ നഗരത്തിനു മലയാളി മേയറെയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആഷ്ഫോഡില്‍ നിന്നും മലയാളി എംപിയെയും സമ്മാനിച്ച വര്‍ഷം ഇപ്പോള്‍ രാജ്യത്തെ ഏഴര ലക്ഷം നഴ്സുമാരുടെ നേതാവായും ഒരു മലയാളിയെ സമ്മാനിച്ചതോടെയാണ് 2024 സമാനതകള്‍ ഇല്ലാത്ത ചരിത്ര നേട്ടം സൃഷ്ടിക്കുന്നത്.

കേംബ്രഡ്ജില്‍ നിന്നും മലയാളിയായ ബൈജു വര്‍ക്കി തിട്ടാല മേയര്‍ ആയപ്പോഴും ആഷ്ഫോഡില്‍ നിന്നും സോജന്‍ ജോസഫ് പാര്‍ലിമെന്റ് അംഗം ആയപ്പോഴും അതില്‍ മലയാളി സമൂഹത്തിന്റെ പങ്കു തുലോം ചെറുതായിരുന്നെങ്കില്‍ ഇന്നലെ ബിജോയ് സെബാസ്റ്റ്യന്‍ ആര്‍സിഎന്‍ എന്ന നഴ്സിങ് സംഘടനയുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യുകെയിലെ മലയാളി സമൂഹത്തിന്റെ ശക്തിയും ഒരുമയുമാണ് തെളിഞ്ഞു നിന്നത്.

മുന്‍പ് ആര്‍സിഎന്‍ മേഖല തലത്തിലും മറ്റും മലയാളികള്‍ മത്സരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും കാര്യമായ വോട്ട് പിടിച്ചെടുക്കാന്‍ സാധിക്കാത്ത ചരിത്രമുള്ളപ്പോഴാണ് ബിജോയ് നേടിയ അസാധാരണവും അവിശ്വസനീയവും ആയ വിജയം ചരിത്ര നിര്‍മിതി ആകുന്നത്. ബിജോയ്ക്ക് വേണ്ടി മലയാളി സംഘടനകളും കൂട്ടായ്മകളും നഴ്സിംഗ് രംഗത്തെ സംഘടനകളും ഒക്കെ ശക്തമായ കാമ്പയിന്‍ ചെയ്തപ്പോഴും ബ്രിട്ടീഷുകാരും ആഫ്രിക്കന്‍ വംശജരും ഒക്കെ നിറഞ്ഞ വോട്ടര്‍മാരുടെ ഇടയില്‍ മലയാളി കരുത്തു മാത്രം കൈമുതലാക്കി വിജയിച്ചു കയറാനാകുമോ എന്ന ശങ്കയാണ് ഇന്നലെ മാറിയതും വിജയം മലയാളികളുടെ സ്വന്തമായതും. വളരെ ചെറിയ വിഭാഗം നഴ്സുമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത് എന്നിരിക്കെ യുകെയിലെ മലയാളി നഴ്സുമാര്‍ മനസ് വച്ചാല്‍ ആര്‍സിഎന്‍ പാനല്‍ ഒന്നാകെ പിടിച്ചെടുക്കാമല്ലോ എന്നാണ് ബിജോയ് സെബാസ്റ്റ്യന്റെ വിജയം പങ്കുവച്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ വികാരം.

രാജ്യത്തിനകത്തും പുറത്തും നിര്‍ണ്ണായകമായ പല റോളുകളും ഏറ്റെടുക്കേണ്ട ഫുള്‍ ടൈം ജോലി കൂടിയാണ് ആര്‍സിഎന്‍ പ്രസിഡന്റിന്റേത്. സ്ഥാനത്തിരിക്കുന്ന രണ്ടു വര്‍ഷക്കാലവും സംഘടനയുടെ വിവിധങ്ങളായ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം നഴ്സുമാരുടെ ആവശ്യങ്ങള്‍ക്കായി സംഘടനയെ ഒരുക്കിയെടുക്കുക എന്നതും പ്രധാനമാണ്. ഇപ്പോള്‍ നഴ്സുമാരുടെ വേതന വര്‍ധനവിനായി സമരം നടത്തുന്ന ആര്‍സിഎന്‍, സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചര ശതമാനം വേതന വര്‍ധന തള്ളിയ സാഹചര്യത്തില്‍ അടുത്ത നീക്കം എന്തെന്ന് തീരുമാനിക്കേണ്ടത് ബിജോയ് ഉള്‍പ്പെടെ ഇപ്പോള്‍ വിജയിച്ചെത്തിയ പുതിയ പാനല്‍ അംഗങ്ങളാണ്. നിലവിലെ ഭരണ സമിതി ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ എത്തി ആരോഗ്യ സെക്രട്ടറി അടക്കമുള്ളവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാടില്‍ എത്തിയിട്ടില്ല.

അക്കാരണത്താല്‍ ബിജോയ് അടക്കമുള്ള പുതിയ ആര്‍സിഎന്‍ നേതൃത്വത്തിനു തലവേദന പിടിച്ച ദിവസങ്ങളാകും മുന്നില്‍ എത്തുക. കൈകളില്‍ എത്തിയ പുതിയ സ്ഥാനലബ്ധി പുറമെ നിന്നും കാണുന്നതിന്റെ ആയിരം മടങ്ങു സമ്മര്‍ദം സൃഷ്ടിക്കാന്‍ സാധിക്കും വിധം വിപുലമായ ഉത്തരവാദിത്തം നിറഞ്ഞത് തന്നെയെന്ന് വ്യക്തം. ലേബര്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജോയ്ക്ക് മുന്നോട്ടുള്ള വഴികളില്‍ തടസങ്ങള്‍ മറികടക്കാനും അത്തരം രാഷ്ട്രീയ ബന്ധങ്ങള്‍ ഒരു പരിധി വരെ സഹായകമായേക്കും എന്നാണ് ഇപ്പോള്‍ നഴ്സിംഗ് സമൂഹം ഒന്നാകെ ചിന്തിക്കുന്നത്. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ യുകെയിലെ നഴ്സിംഗ് സമൂഹത്തിന്റെ ആവശ്യങ്ങളില്‍ ഗുണപരമായ മാറ്റത്തിന് അവിശ്രമം പ്രയത്‌നിക്കും എന്ന ബിജോയിയുടെ വാക്കുകളില്‍ ഉള്ള അമിത പ്രതീക്ഷ തന്നെയാണ് മലയാളി നഴ്സുമാരുടെ കൂട്ടത്തോടെയുള്ള വോട്ടൊഴുക്ക് തെളിയിക്കുന്നത്.

ഒരു മാസത്തോളം നീണ്ട വോട്ടെടുപ്പിനെ തുടര്‍ന്നാണ് ഇന്നലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ലണ്ടന്‍ കിങ്സ് ഹോസ്പിറ്റല്‍ നഴ്‌സായ ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അനേകായിരം മലയാളി നഴ്സുമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തെന്ന് ഉറപ്പായ തിരഞ്ഞെടുപ്പ് വിജയമാണ് ബിജോയ് തിരഞ്ഞെടുക്കപ്പെട്ടതോടെ വ്യക്തമായത്. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ ആശംസകളുമായി സോഷ്യല്‍ മീഡിയ സജീവം ആയതും മലയാളികള്‍ എത്ര ആകാംക്ഷയോടെയാണ് ഈ വിജയം കാത്തിരുന്നത് എന്നതും വ്യക്തമാകുന്നത് ആയിരുന്നു. സോഷ്യല്‍ മീഡിയയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചാണ് ബിജോയ് വോട്ടിങ് കാമ്പയിന്‍ നടത്തിയതും.

ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയാണ് ബിജോയ്. ഹാമര്‍സ്മിത് ആശുപത്രിയിലെ നഴ്സയ ദിവ്യയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ ഏക മകനും. 2011 ല്‍ യുകെയില്‍ എത്തിയ ബിജോയ് വെറും പത്തു വര്‍ഷത്തെ നഴ്സിംഗ് കരിയര്‍ കൊണ്ടാണ് ബാന്‍ഡ് 8 എ വരെയെത്തിയത്. പതിമൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെ ലക്ഷക്കണക്കിന് നഴ്സുമാരുടെ സംഘടനയെ നയിക്കാന്‍ നിയുക്തനായി എന്നതും ചരിത്ര നിയോഗമായി മാറിയിരിക്കുകയാണ്.

Tags:    

Similar News