സഹപാഠികളുടെ നിരന്തര മാനസിക പീഡനം; മുറിയിലേക്ക് അതിക്രമിച്ച് കയറി ഭീഷണി; അച്ഛന്‍ പരാതി കൊടുത്തപ്പോള്‍ മെമ്മോ നല്‍കിയ കോളേജ്; ടൂര്‍ കോര്‍ഡിനേറ്ററെ ചൊല്ലി തുടങ്ങിയ തര്‍ക്കം; ഒടുവില്‍ അമ്മു വീണു മരിച്ചു; ചുട്ടിപ്പറായിലേത് സിദ്ധാര്‍ത്ഥനുണ്ടാതിന് സമാനമായ അനുഭവങ്ങളോ? അതൊരു തള്ളിയിടല്‍ കൊലയോ?

Update: 2024-11-18 02:00 GMT

പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് നഴ്സിങ് വിദ്യാര്‍ഥിനി വീണു മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപണം ശക്തം. പോലീസ് അന്വേഷണം നടത്തും. പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി കഴിഞ്ഞു. അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലായെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വീണ് മരിക്കാനുള്ള സാധ്യത തീരെയില്ല. പ്രത്യേകിച്ച് ആ കോളേജില്‍ തന്നെ ശത്രുക്കള്‍ ഉണ്ടാകുമ്പോള്‍. ഇതിലേക്ക് അന്വേഷണം എത്തിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.

ആരോടും വഴക്കിനുപോകാത്ത പ്രകൃതമാണ് അമ്മുവിന്റേത്. സഹപാഠികളായ ചില പെണ്‍കുട്ടികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. കോളേജില്‍നിന്ന് ടൂര്‍ പോകുന്നതിനെച്ചൊല്ലിയും മറ്റുമായി ബന്ധപ്പെട്ടായിരുന്നു പീഡനങ്ങള്‍. അമ്മു താമസിച്ചിരുന്ന മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ചുകയറിയതായും കുടുംബം പറയുന്നു. ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണശേഷം അധികൃതര്‍ പത്തനംതിട്ടയില്‍ അമ്മുവിന് മികച്ച ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. ഇതോടെ പൂക്കോട് വെറ്റിനറി കോളേജില്‍ മരിച്ച സിദ്ധാര്‍ത്ഥന്റേതിന് സമാനമായ അനുഭവങ്ങള്‍ അമ്മുവിനും ഉണ്ടായി എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. ഏതായാലും കോളേജിലെ കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന് തെളിവുണ്ട്. പരാതിയും നേരത്തെ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം നിര്‍ണ്ണായകമാകും.

കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്‍കി. സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛന്‍ സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്‍കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം.

ക്ലാസില്‍നിന്ന് ടൂര്‍ പോകുന്നതിനായി അമ്മുവിനെ ടൂര്‍ കോഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ലാസിലെ ഏതാനും വിദ്യാര്‍ഥികള്‍ ഇത് എതിര്‍ത്തു. സഹപാഠികള്‍ക്കിടയില്‍ നിലനിന്നിരുന്ന ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് എതിര്‍പ്പുണ്ടായതെന്നാണ് വിവരം. ഈ വിവരങ്ങള്‍ അമ്മു വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അച്ഛന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഇത് കുട്ടികള്‍ക്ക് പ്രതികാരമുണ്ടാക്കാനും സാധ്യതയുണ്ട്. ഇതും മരണത്തിന് കാരണമായി എന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ പൂക്കോട് കോളേജില്‍ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം അട്ടിമറിച്ചത് ഇവിടേയും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.

ഞായറാഴ്ച രാവിലെ അമ്മുവിന്റെ വീട്ടിലെത്തിയ സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി ജി.ആര്‍.അനിലിനോട് മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍പ്പെടുത്താമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. അമ്മുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. റിട്ട. നഴ്സിങ് സൂപ്രണ്ട് രാധാമണിയുടെയും ബിസിനസുകാരനായ സജീവന്റെയും മകളാണ് അമ്മു.

Tags:    

Similar News