ആശുപത്രിയിലായ അമ്മയ്ക്ക് ചികില്‍സയ്ക്കുള്ള പണമെടുക്കാന്‍ ഒറ്റയ്ക്ക് വന്ന മകള്‍; ബലാത്സംഗത്തിലൂടെ യുവതിയെ ഗര്‍ഭിണിയാക്കിയ സൈനികന്‍; ആറാം മാസം സത്യം പുറത്തായി; പോണ്ടിച്ചേരിയില്‍ സുഖിച്ചത് അധ്യാപികമാരെ വിവാഹം ചെയ്ത്; കൊല നടത്തിയത് രാജേഷ്; ദിബില്‍ കുറ്റസമ്മതം നടത്തുമ്പോള്‍
കൊല്ലം: കൊല്ലം അഞ്ചല്‍ അലയമണില്‍ അവിവാഹിതയായ യുവതിയെയും 17 ദിവസം മാത്രം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ ഉള്‍പ്പെട്ട രണ്ടു മുന്‍ സൈനികര്‍ അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 18 വര്‍ഷത്തിനുശേഷമാണ് സി.ബി.ഐ ചെന്നൈ യൂണിറ്റ് പോണ്ടിച്ചേരിയില്‍ നിന്ന് ഇവരെ പിടികൂടിയത്. അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയെയും (23) പിഞ്ചുകുഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്. രഞ്ജിനിയുടെ അമ്മ ശാന്തമ്മയുടെ നിരന്തര പോരാട്ടമാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ കോടതിയെ സമീപിക്കും. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുക. കേസിലെ പ്രതികളായ അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരെ പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ വാങ്ങി അഞ്ചലില്‍ അടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
ആര്‍മിയുടെ പഠാന്‍കോട്ട് റെജിമെന്റിലെ മുന്‍ സൈനികരായ അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരൊ നിരന്തര നിരീക്ഷണത്തിലൂടെയാണ് പിടികൂടിയത്. രഞ്ജിനിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചല്‍ ഏറത്തെ വീട്ടില്‍ 2006 ഫെബ്രുവരി 10നാണ് കൊല്ലപ്പെട്ടത്. രഞ്ജിനിയുടെ അമ്മ ശാന്തമ്മ രാവിലെ 10 മണിയോടെ പഞ്ചായത്ത് ഓഫീസില്‍ പോയി. ഉച്ചയ്ക്ക് ഒന്നോടെ തിരികെ വന്നപ്പോള്‍ രഞ്ജിനിയെ നിലത്തും കുഞ്ഞുകളെ തൊട്ടിലിലും കട്ടിലിലുമായി കഴുത്തറുത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ വാടകവീട്ടില്‍ ഒപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബം സംഭവദിവസം രാജേഷ് അവിടെ വന്നുപോകുന്നതായി കണ്ടിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.
സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത് വന്നിട്ടുണ്ട്. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത് രണ്ടാം പ്രതി രാജേഷ് ആണെന്ന് പ്രതി ദിബില്‍കുമാര്‍ മൊഴി നല്‍കി. യുവതിയേയും കുട്ടികളേയും ഇല്ലാതാക്കാമെന്ന് നിര്‍ദേശിച്ചത് രാജേഷാണ്. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുമ്പു തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും ദിബില്‍കുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടിരുന്നു. ഇതാണ് ക്രൂരകൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് രാജേഷ് രഞ്ജിനിയും അമ്മയുമായി തന്ത്രപൂര്‍വം അടുപ്പം സ്ഥാപിച്ചു. രഞ്ജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രാജേഷ് അവിടെയെത്തി സഹായിച്ചു. വാടക വീട്ടിലേക്ക് ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും ദിബില്‍കുമാര്‍ പറഞ്ഞു.
2006 ലെ കൃത്യത്തിന് ശേഷം രണ്ടു വര്‍ഷം ഇന്ത്യ മുഴുവന്‍ കറങ്ങി. 2008 ല്‍ പോണ്ടിച്ചേരിയിലെത്തി പേരുമാറ്റി താമസമാക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ബന്ധുക്കളെ ആരെയും വിളിച്ചിരുന്നില്ല. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞതോടെ ഇനി പിടിക്കപ്പെടില്ല എന്നു കരുതിയതായും ദിബില്‍കുമാര്‍ മൊഴി നല്‍കി. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അവിവാഹിതയായ യുവതിയും അവരുടെ രണ്ട് പെണ്‍മക്കളും കൊല്ലപ്പട്ടത്. സൈനികരായ ദിബില്‍കുമാറും രാജേഷും പഠാന്‍ കോട്ട് യൂണിറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് പൊലീസ് മനസ്സിലാക്കി എന്നറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. പോണ്ടിച്ചേരിയില്‍ ഇരുവരും മറ്റൊരു വിലാസത്തില്‍ സ്‌കൂള്‍ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.
ദിബില്‍കുമാര്‍ ബലാത്സംഗം ചെയ്താണ് താന്‍ ഗര്‍ഭിണിയായതെന്ന് രഞ്ജിനി പൊലീസിന് പരാതി നല്‍കിയിരുന്നു. അതിനു മുമ്പ് ഗര്‍ഭം അലസിപ്പിക്കണമെന്ന് ദിബില്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കണമെന്നായിരുന്നു രഞ്ജിനിയുടെ ആവശ്യം.ഇതോടെയാണ് സഹപ്രവര്‍ത്തകനായ രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. സമീപവാസികളായ രഞ്ജിനിയും ദിബില്‍കുമാറും അടുപ്പത്തിലായിരുന്നു. ഇതിനിടെ അമ്മ ശാന്തമ്മ തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയി. ചികിത്സയ്ക്കുള്ള പണം എടുക്കാന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയ രഞ്ജിനിയെ ദിബില്‍കുമാര്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ വിവരം അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല.
ആറാം മാസം ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ രഞ്ജിനി പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കി. വിവാഹം കഴിക്കണമെന്ന ആവശ്യം ദിബില്‍കുമാര്‍ നിരസിച്ചു. രഞ്ജിനി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സൈന്യത്തില്‍ നിന്ന് ദിബില്‍കുമാറും രാജേഷും അവധിയെടുത്ത് നാട്ടിലെത്തി കൃത്യം നടപ്പാക്കി സ്ഥലം വിടുകയായിരുന്നു.