ഹോളി 2025: ബെംഗളൂരുവില്‍ നിന്ന് വിശാപട്ടണത്തേക്ക് ഒരു ഹോളി ട്രെയിന്‍ യാത്ര ആയാലോ? ബെംഗളൂരു- വിശാഖപട്ടണം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയില്‍വേ; ആകെ ഉള്ളത് മൂന്ന് സര്‍വീസുകള്‍; ആഘോഷിക്കാം ഇക്കുറി ബീച്ച് ഹോളി
നിറങ്ങള് വാരിയെറിയുന്ന ഹോളി ബെംഗളൂരുവിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. നാടും നഗരവും ഒരുപോലെ ആഹ്ലാദിക്കുന്ന ദിവസങ്ങള്‍. എന്നാല്‍ ചിലപ്പോഴെങ്കിലും ഹോളി അവധിയില്‍ ഈ തിരക്കില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി ശാന്തമായ ഒരിടത്തേയ്ക്ക് പോകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ അതിനു പറ്റിയ ഒരു അവസരം വന്നിരിക്കുകയാണ്. മറ്റെങ്ങോട്ടുമല്ല, ബീച്ചുകളുടെയും കടല്‍ത്തീരങ്ങളുടെയും നാടായ വിശാഖപട്ടണത്തേയ്ക്ക്!
ബെംഗളൂരുവിനേക്കാള്‍ വലിയ ഹോളി ആഘോഷമൊന്നും ഇവിടെ നടക്കാനില്ലെങ്കിലും അവധി ആഘോഷിക്കാനും ചൂടില്‍ നിന്ന് രക്ഷപെട്ട് ബീച്ചില്‍ ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനും വിശാഖപട്ടണം കാണാനും പറ്റിയ വിധത്തില്‍ ഇത്തവണത്തെ ഹോളി പ്ലാന്‍ ചെയ്താലോ.. എങ്ങനെ പോകുമെന്നോര്‍ത്ത് വിഷമിക്കേണ്ട, ബെംഗളൂരു- വിശാഖപട്ടണം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് റെയില്‍വേ ഒരുക്കിയിട്ടുണ്ട്.
തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഹോളി ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബെംഗളൂരു. പാര്‍ട്ടികളും കൂടിച്ചേരലുകളും പഴയ രീതിയിലുള്ള ആഘോഷങ്ങളും സംഗീത കച്ചേരികളും ഒക്കെയായി വലിയ പരിപാടികളണ് ഇവിടെ നടക്കുന്നത്. ഓഫീസുകളിലും വീടുകളിലും ഫ്‌ലാറ്റുകളിലും മറ്റു കമ്യൂണിറ്റികളിലുമെല്ലാം വലിയ ഹോളി ആഘോഷങ്ങള്‍ കാണം.
കടല്‍ത്തീരത്തിന്റെ ഭംഗിയോട് ചേര്‍ന്നു നില്‍ക്കുന്ന ഹോളി ആഘോഷങ്ങളാണ് വിസാഗിലേത്. ക്ഷേത്രങ്ങളും പ്രാദേശിക സംഘടനകളും ഒക്ക ഇവിടെ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തിരക്കില്ലാതെ, ഹോളി ദിവസങ്ങള്‍ ചെലവഴിക്കാനും വെക്കേഷനു വരാനും ഒക്കെ പറ്റിയ അന്തരീക്ഷമാണ് വിശാഖപട്ടണത്തില്‍ ഉള്ളത്. ഹോളി സീസണിലെ തിരക്ക് പരിഗണിച്ച് വിശാഖപട്ടണത്തിനും ബെംഗളൂരുവിനും ഇടയില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സര്‍വീസ് നടത്തും.
ട്രെയിന്‍ നമ്പര്‍ 08549 വിശാഖപട്ടണം- ബെംഗളൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ മാര്‍ച്ച് 9, 16, 23 എന്നീ ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.30 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവിലെത്തും. ആകെ മൂന്ന് സര്‍വീസുകളാണുള്ളത്.
സ്ലീപ്പറിന് 675 രൂപ, എസി ത്രി എക്കോണമിക്ക് 1675 രൂപ, എസി ടൂ ടയറിന് 2445 രൂപ എന്നിങ്ങനെയാണ് നിരക്ക്. നാല് എസി ടൂ ടയര്‍ കോച്ച്, 2 എസി ത്രീ ടയര്‍ എക്കോണമി, 8 സ്ലീപ്പര്‍ ക്ലാസ് കോച്ച്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാര്‍ക്കുള്ള 1 സെക്കന്‍ഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാന്‍ എന്നിവയാണ് ഇതിനുള്ളത്.
ട്രെയിന്‍ നമ്പര്‍ 08550 ബെംഗളൂരു- വിശാഖപട്ടണം ഹോളി സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 10, 17, 24 എന്നീ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് 3.50 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.30 ന് വിശാഖപട്ടണത്ത് എത്തും. ആകെ മൂന്ന് സര്‍വീസുകളാണുള്ളത്.