റഷ്യയുമായുള്ളത് പരമ്പരാഗത ബന്ധം; ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യയുടെ നീക്കം; ആയുധങ്ങളും എയര്‍ക്രാഫ്റ്റുകളും വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങുന്നു; രാജ്‌നാഥിന്റെ അമേരിക്കന്‍ യാത്ര റദ്ദാക്കി; ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് ചൈന; താരിഫ് കൂട്ടിയ അമേരിക്കന്‍ നടപടിക്ക് രൂക്ഷ വിമര്‍ശനം

ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യയുടെ നീക്കം

Update: 2025-08-08 13:18 GMT

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ അമ്പത് ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതൃപ്തിയുടെ ആദ്യ സൂചനയായി അമേരിക്കയില്‍ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാല്‍, യാത്ര റദ്ദാക്കിയതായി ഏതാനും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറ്റേതെങ്കിലും രാജ്യവും അമേരിക്കയുമായുള്ള വ്യാപാര ബന്ധവും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യം ട്രംപിനില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യ റദ്ദാക്കിയതെന്നാണ് വിവരം. മോദി നേരത്തെ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായുള്ള പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനമാണ് ഇന്ത്യ റദ്ദാക്കിയത്. അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തീരുവയില്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടി മാത്രമേ കൈക്കൊള്ളു എന്നും സ്ഥിതി സംയമനത്തോടെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രം വിവരിച്ചിട്ടുണ്ട്.

റഷ്യയുമായി ഇന്ത്യക്ക് പരമ്പരാഗതമായ ബന്ധമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട വ്യാപാര ബന്ധമാണിത്. എണ്ണയും ആയുധങ്ങളുമെല്ലാം കാലങ്ങളായി റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള നിരവധി ആയുധങ്ങള്‍, മുങ്ങിക്കപ്പലുകള്‍ തുടങ്ങിയവയെല്ലാം റഷ്യയില്‍ നിന്ന് വാങ്ങിയവയാണ്. റഷ്യയുമായുള്ള ആയുധ കരാറും വ്യാപാര ബന്ധവും അതുകൊണ്ട് തന്നെ ഇന്ത്യ തുടരും. ഡോണള്‍ഡ് ട്രംപ് എന്തുപറഞ്ഞാലും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തിവയ്ക്കില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

പക്ഷേ പരസ്യമായി വെല്ലുവിളിച്ച് ഒരു ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഇന്ത്യ താത്പര്യപ്പെടുന്നുമില്ല. മന്ത്രിമാരടക്കമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പരസ്യ വാഗ്വാദം ഇക്കാര്യത്തില്‍ അമേരിക്കയുമായി വേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. അമേരിക്കയുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുമ്പോഴും ബ്രിക്‌സ് രാജ്യങ്ങളുമായി ചേര്‍ന്ന് പോകാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ബ്രസില്‍ പ്രസിഡന്റുമായി ഇന്നലെ രാത്രി ഒരു മണിക്കൂറിലേറെ പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തിയിരുന്നു. ഈ സംഭാഷണത്തില്‍ ബ്രിക്‌സുമായി ചേര്‍ന്ന് നില്‍ക്കുമെന്നാണ് ഇന്ത്യ ഉറപ്പ് നല്‍കിയത്. ഇന്ന് ചൈനയും ഇന്ത്യക്ക് വലിയ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇതിനെല്ലാം പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യ റദ്ദാക്കി. പ്രതിരോധ മന്ത്രിയെ വരുന്ന ആഴ്ച യു എസിലേക്ക് അയക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായുള്ള സന്ദര്‍ശനമായിരുന്നു പ്രതിരോധ മന്ത്രിയുടേത്. മോദിയുടെ സന്ദര്‍ശന വേളയില്‍ ധാരണയിലെത്തിയിരുന്ന ആയുധ കരാരുകളിലടക്കം ഒപ്പു വയ്ക്കാനും അവ പ്രഖ്യാപിക്കാനുമായിരുന്നു രാജ്‌നാഥിന്റെ യാത്ര. എന്നാല്‍ ഇതെല്ലാം തത്കാലത്തേക്ക് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. അമേരിക്കയുമായുള്ള ചില പ്രതിരോധ ഇടപാടുകള്‍ തല്ക്കാലം ഇന്ത്യ നിറുത്തിവയ്ക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീരുവകളില്‍ വളരെ പെട്ടെന്ന് മാറ്റംവരുത്തിയ ചരിത്രമുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ത്തന്നെ തീരുവയുടെ കാര്യത്തില്‍ യുഎസുമായി കേന്ദ്രം സജീവ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തീരുവയുടെ കാര്യത്തിലും ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ ആയുധങ്ങളും മറ്റും വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, അത് പ്രതീക്ഷിക്കുന്ന വേഗത്തില്‍ നടക്കാനിടയില്ല.

യുഎസില്‍നിന്ന് ആയുധങ്ങളും മറ്റും വാങ്ങുന്നത് താത്കാലികമായി നിര്‍ത്താന്‍ ഇതുവരെ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനറല്‍ ഡൈനാമിക്സ് ലാന്‍ഡ് സിസ്റ്റംസ് നിര്‍മിച്ച സ്ട്രൈക്കര്‍ യുദ്ധ വാഹനങ്ങളും റേതിയോണ്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകളും വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതി. ഇതാണ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

മോദിയെ സ്വാഗതം ചെയ്ത് ചൈന

അധിക തീരുവയെച്ചൊല്ലി ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തിരിക്കുകയാണ് ചൈന. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ടിയാന്‍ജിന്‍ സമ്മിറ്റിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നതെന്നതിനൊപ്പം അമേരിക്കയുടെ താരിഫ് ഭീഷണിക്കിടെയാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. അതിനിടെ ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിയെ എതിര്‍ക്കുന്നതായി വ്യക്തമാക്കിയ ചൈന, അമേരിക്കയുടെ താരിഫ് അതിക്രമം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.

ടിയാന്‍ജിന്‍ സമ്മിറ്റില്‍ സൗഹൃദം ശക്തിപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുഒ ജിയാകുന്‍ പ്രതികരിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ ഒന്ന് വരെയാണ് ചൈനയില്‍ എസ്സിഒ സമ്മിറ്റ് നടക്കുന്നത്. 20 രാജ്യങ്ങളാണ് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ അംഗങ്ങള്‍. ഇവിടങ്ങളില്‍ നിന്നെല്ലാമുള്ള ഭരണാധികാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിന് പുറമെ പത്ത് അന്താരാഷ്ട്ര ഓര്‍ഗസൈനേഷനുകളുടെ പ്രതിനിധികളും സമ്മിറ്റില്‍ പഹ്‌കെടുക്കുമെന്ന് ഗുഒ അറിയിച്ചു. ഷാങ്ഹായി സമ്മിറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മേളനമാണ് ചൈന ഇക്കുറി ലക്ഷ്യമിടുന്നത്.

ഓഗസ്റ്റ് 29 ന് ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇവിടെ നിന്നാവും ചൈനീസ് നഗരമായ ടിയാന്‍ജിനിലേക്ക് പോവുക. സെപ്തംബര്‍ ഒന്ന് വരെ അദ്ദേഹം ചൈനയില്‍ തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം ഈ സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. 2020 ലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മോശമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരം കൂടിയായാണ് ഇരു രാജ്യങ്ങളും പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ കാണുന്നത്. 2018 ജൂണിലാണ് ഇതിന് മുന്‍പ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചത്. അന്നും എസ്സിഒ സമ്മിറ്റ് തന്നെയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Tags:    

Similar News