സിബിഐ അന്വേഷണത്തെ 'നെഞ്ചും വരിച്ച്' നേരിടാന്‍ നിന്നാല്‍ ജയില്‍വാസ സാധ്യത കൂടുതല്‍; ദൗര്‍ഭാഗ്യകരമായ 'സിഗിംള്‍ ബഞ്ച്' വിധിക്കെതിരെ അപ്പീലിന് പോകാന്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; കിഫ്ബി പദവി അടക്കം രാജിവയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രി ഒപ്പം നല്‍കിയത് ഉപദേശം; കെഎം എബ്രഹാം ഡിവിഷന്‍ ബഞ്ചില്‍ അപ്പീലിന്; ലക്ഷ്യം സ്റ്റേ നേടല്‍
തിരുവനന്തപുരം: സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് വിശദീകരിച്ച മുന്‍ ചീഫ് സെക്രട്ടറി കെ. എം എബ്രഹാം നിയമ പോരാട്ടത്തിന്. വരവില്‍കവിഞ്ഞ സ്വത്തുസമ്പാദന കേസിലായിരുന്നു മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പദവികള്‍ രാജിവയ്‌ക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ അപ്പീല്‍ സാധ്യത പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഈ സാഹചര്ത്തിലാണ് അപ്പീല്‍ സാധ്യത തേടുന്നത്. കിഫ്ബി സിഇഒ പദവി സ്വയം ഒഴിയില്ലെന്നും കെ എം എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണം സധൈര്യം നേരിടുമെന്നും കെ എം എബ്രഹാം പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ അറസ്റ്റ് സാധ്യത കൂടുതലാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാല്‍ മുന്‍കൂര്‍ ജാമ്യം കിട്ടുകയും അസാധ്യമാണ്.
തനിക്കെതിരെയുള്ള നീക്കത്തില്‍ ഗൂഢാലോചനയുണ്ടെന്നും കെ എം എബ്രഹാം ആരോപിച്ചിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കലും ജേക്കബ് തോമസും ഗൂഢാലോചനക്ക് പിന്നിലെന്നും കെ എം എബ്രഹാം ആരോപിച്ചു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്നും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗിച്ചതിന് നടപടി എടുത്തിരുന്നുവെന്നും കെ എം എബ്രഹാം വ്യക്തമാക്കി. മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലന്‍സ് കൈമാറണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ കെ എം എബ്രഹാമിന്റെ വാദങ്ങളെല്ലാം തെളിവ് സഹിതം ജോമോന്‍ പൊളിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അപ്പീലില്‍ അനുകൂല തീരുമാനം ഉണ്ടാകുമോ എന്നതും നിര്‍ണ്ണായകമാണ്. എബ്രഹാമിനെതിരെ താന്‍ കേസ് കൊടുത്ത ശേഷമാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗിച്ചതിന് നടപടി എടുത്തതെന്നും ജോമോന്‍ പറയുന്നു.
കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ല്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്നും കെ എം എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സ് അന്വേഷണമെന്നു സംശയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ മുന്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധാ റിപ്പോര്‍ട്ട് അതേപടി വിജിലന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായും ഹൈക്കോടതി അറിയിച്ചു. ഈ വിധിയ്‌ക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലാകും എബ്രഹാം അപ്പില്‍ നല്‍കുക. നിലവിലെ വിധിക്ക് സ്റ്റേ നേടുകയാണ് പ്രാഥമിക ലക്ഷ്യം. സ്റ്റേ കിട്ടിയില്ലെങ്കില്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി സിംഗിള്‍ ഉത്തരവിലെ പരാമര്‍ശം മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പോലും തടസ്സമായി മാറും. ഇത് മനസ്സിലാക്കിയാണ് ജയില്‍ വാസമൊഴിവാക്കാന്‍ അപ്പില്‍ സാധ്യത തേടുന്നത്.
ഈ വിഷയത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മറുപടി ചുവടെ
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനെതിരെ ഞാന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ.ബദറുദ്ധീന്‍, 2016 ഒക്ടോബര്‍ 7 ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടടുത്ത ദിവസം കോടതി ഉത്തരവിന്റെ ഒറിജിനല്‍ പകര്‍പ്പും മറ്റു മുഴുവന്‍ രേഖകളുമായി വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിനെ ഞാന്‍ വിജിലന്‍സ് ആസ്ഥാനത്തു പോയി നേരില്‍ കാണാന്‍ ശ്രമിച്ചപ്പോള്‍, ഉച്ചകഴിഞ്ഞ് അദ്ദേഹം ആരെയും കാണാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന്റെ പി.എ എന്നോടു പറഞ്ഞു. എങ്കില്‍ പിന്നെ എന്നെ കാണാന്‍ അദ്ദേഹം അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടി വരും എന്നു പറഞ്ഞ് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. അങ്ങനെ ഞാന്‍ ഓഫീസില്‍ കയറിച്ചെന്നു. അപ്പോള്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറും കെ.എം എബ്രഹാമിന്റെ ചാരനുമായ അഗസ്റ്റിന്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. ഞാന്‍ കേസ് സംബന്ധിച്ച് വളരെ ചുരുങ്ങിയ വിവരങ്ങള്‍ പറഞ്ഞു. കേസിന്റെ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നേരിട്ടു കൊടുത്ത് ഞാന്‍ അപ്പോള്‍ തന്നെ തിരികെ പോന്നു. കെ.എം എബ്രഹാമിനെ സഹായിക്കാന്‍ വിജിലന്‍സിലെ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥനായ എസ്.പി രാജേന്ദ്രനെയാണ് കണ്ടുപിടിച്ച് അന്വേഷണ ചുമതല ഏല്പിച്ചത്.
പിന്നീടാണ് എനിക്കൊരു കാര്യം മനസ്സിലായത്. ജേക്കബ് തോമസ് പോര്‍ട്ട് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യവകുപ്പു സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ജേക്കബ് തോമസിന് അനുകൂലമാക്കാന്‍ വേണ്ടി ജേക്കബ് തോമസ് കെ.എം എബ്രഹാമിന് എതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായിട്ട് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. രാജേന്ദ്രനെ കൊണ്ട് എബ്രഹാമിന്റെ വീട്ടില്‍ പ്രഹസന റെയ്ഡ് നടത്തി. ഇതിനെ തുടര്‍ന്ന് നിയമസഭയിലും ഐ.എ.എസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന് കെ.എം എബ്രഹാമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുവാനും ധനകാര്യപരിശോധനാ റിപ്പോര്‍ട്ട് ജേക്കബ് തോമസിന് അനുകൂലമായി സര്‍ക്കാരിനു കൊടുക്കാനും കെ.എം എബ്രഹാമും ജേക്കബ് തോമസും ധാരണയിലെത്തി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കെഎം എബ്രഹാമിനെതിരെയുള്ള റിപ്പോര്‍ട്ട് ആദ്യം വിജിലന്‍സ് കോടതിയില്‍ കൊടുക്കുക എന്ന തീരുമാനമാണ് മുന്നോട്ടു വെച്ചിരുന്നത്. അതിന്‍പ്രകാരം 2016 ഡിസംബര്‍ 7 ന് കെ.എം എബ്രഹാമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു.
വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തതിന്റെ തൊട്ടടുത്ത ദിവസം 2016 ഡിസംബര്‍ 3 തീയതി വെച്ച് ജേക്കബ് തോമസിനെ ചതിച്ചു കൊണ്ട് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് കെഎം എബ്രഹാം സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജേക്കബ് തോമസിനെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്യുകയും ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്. അഴിമതിക്കാരുമായി ഒരിക്കലും സന്ധി ചേരില്ല എന്നു സ്വയം പറഞ്ഞു നടക്കുന്ന ജേക്കബ് തോമസ് തന്റെ അഴിമതി മറച്ചു പിടിച്ച് ഇല്ലാതാക്കാന്‍ വേണ്ടി വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ അധികാര ദുരുപയോഗം ചെയ്ത്, കെ.എം എബ്രഹാമിനെ സഹായിച്ച് തന്റെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചു ചതിക്കപെട്ടപ്പോഴാണ് ജേക്കബ് തോമസിന്റെ പതനം തുടങ്ങിയത്. കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനെ കുറിച്ച് ഞാന്‍ നല്‍കിയ ഹര്‍ജി ഒന്നര വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹരിച്ഛന്ദ്രനാണെന്നു പറഞ്ഞു നടക്കുന്ന കെ.എം എബ്രഹാമിനെതിരെ ഏഴു വിജിലന്‍സ് അന്വേഷണങ്ങളും ഒരു ക്രൈംബ്രാഞ്ച് അന്വേഷണവും ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും കേരള ഹൈക്കോടതിയില്‍ വേറെ കേസുകള്‍ പെന്‍ഡിങ് ഉണ്ട്. കെ. എം എബ്രഹാം ചീഫ് സെക്രട്ടറിയായി 2017 ഡിസംബര്‍ 31ന് റിട്ടയര്‍ ചെയ്തതിന് ശേഷം രണ്ടാം പിണറായി സര്‍ക്കാര്‍ 2021 മെയില്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ച് ഈ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കെ. എം എബ്രഹാം - ഇതാണ് ആരോപണം.