കാല്‍സ്യം കാര്‍ബൈഡ് പ്രധാനമായും ഉപയോഗിക്കുന്നത് വെല്‍ഡിങ് മെഷീനില്‍ ഉപയോഗിക്കുന്ന അസറ്റിലിന്‍ വാതകം ഉണ്ടാക്കാന്‍; സംയുക്തം കടലില്‍ കലര്‍ന്നാല്‍ സ്‌ഫോടന സാധ്യത; ജലജീവികളുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കും; അതീവ ജാഗ്രതയില്‍ തീരമേഖല
അതീവ ജാഗ്രതയില്‍ തീരമേഖല
കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 കപ്പലില്‍ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ പതിമൂന്ന് എണ്ണത്തില്‍ അപകടകരമായ ചരക്കുകളെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് തീരപ്രദേശം. കടലില്‍ വീണ പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണ്. വെള്ളവുമായി കലര്‍ന്നാല്‍ സ്‌ഫോടനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, കണ്ടെയ്‌നറുകള്‍ മാറ്റിയില്ലെങ്കില്‍ സഞ്ചരിക്കുന്ന ടൈം ബോംബാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും 640 കണ്ടെയ്‌നറുകളില്‍ നൂറെണ്ണം വേര്‍പെട്ട് കടലില്‍ വീണിരുന്നു. പന്ത്രണ്ടു കണ്ടെയ്‌നറുകളിലാണ് മാരക സ്‌ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് ഉള്ളത്. കണ്ടെയ്‌നറുകളില്‍ രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതും ആയിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാല്‍സ്യം കാര്‍ബേഡ് അടങ്ങിയ 12 കണ്ടെയ്‌നകളും ഉള്ളത്.
ഒരു കണ്ടെയ്‌നര്‍ 22 ടണ്‍ ഭാരം വരും. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. വെല്‍ഡിങ് മെഷീനില്‍ ഉപയോഗിക്കുന്നത് അസറ്റലിന്‍ വാതകമാണ്.
കാല്‍സ്യം കാര്‍ബൈഡ് കടലില്‍ കലര്‍ന്നാല്‍
നിറമില്ലാത്ത, ഖരരൂപത്തിലുള്ള രാസവസ്തുവാണ് കാല്‍സ്യം കാര്‍ബൈഡ്. കാല്‍സ്യം അസറ്റിലൈഡ് എന്നും അറിയപ്പെടുന്നു. ചുണ്ണാമ്പുകല്ലും (കാല്‍സ്യം ഓക്‌സൈഡ്) കല്‍ക്കരിയും (കാര്‍ബണ്‍) 2000 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് ഇത് ഉണ്ടാക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി അസറ്റിലിന്‍ വാതകം ഉണ്ടാക്കാനാണ് കാല്‍സ്യം കാര്‍ബൈഡ് പ്രധാനമായും ഉപയോഗിക്കുന്നത്.
അതേസമയം കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേരുമ്പോള്‍ അപകടകരമായ രീതിയില്‍ പ്രതികരിക്കും. ഈ പ്രതികരണം താപനില കൂട്ടുകയും തീപിടിക്കാന്‍ സാധ്യതയുള്ള അസറ്റിലിന്‍ വാതകം പുറത്തുവിടുകയും ചെയ്യും. ഇത് ജലത്തിന്റെ പിഎച്ച് (pH) ലെവല്‍ കൂട്ടുകയും ജലജീവികളുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
മാങ്ങ പഴുപ്പിക്കുന്നവനെന്ന ചീത്തപ്പേരും
അന്യ നാടുകളില്‍ നിന്നാണ് കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ കേരളത്തിലെ വിപണിയിലേക്ക് എത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാങ്ങ പഴുപ്പിക്കാന്‍ മാരകമായ വിഷമായ കാല്‍സ്യം കാര്‍ബൈഡ് കലര്‍ത്തുന്നതായാണ് കണ്ടെത്തിയത്. കാല്‍സ്യം കാര്‍ബൈഡ് ശരീരത്തില്‍ എത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഇത് തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്‌നം എന്നിവയ്ക്കും കാരണമാകുന്നു. കൂടാതെ, ഭാവിയില്‍ അന്നനാളം, വന്‍ കുടല്‍, കരള്‍ എന്നിവിടങ്ങളില്‍ ക്യാന്‍സറിനും ഇടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
തൊടരുത്, അടുത്ത് പോകരുത്
കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞാല്‍ തൊടരുത്, അടുത്ത് പോകരുത്. കപ്പല്‍ മുങ്ങിയ മേഖലയില്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറിതല യോഗത്തിന് ശേഷം സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നൗട്ടിക്കല്‍മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ച് വരികയാണ്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ ഉള്ള പൊടി എണ്ണ പാടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്‍ടെയ്‌നര്‍ എത്താന്‍ കൂടുതല്‍ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരം പൂര്‍ണ്ണമായും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുങ്ങിയ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞാല്‍ തൊടാനോ അടുത്തുപോകാനോ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ കണ്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കണം. ചുരുങ്ങിയത് 200 മീറ്റര്‍ എങ്കിലും മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. കൂട്ടം കൂടി നില്‍ക്കാനോ വസ്തുക്കള്‍ അധികൃതര്‍ മാറ്റുമ്പോള്‍ തടസം സൃഷ്ടിക്കാനോ പാടില്ലെന്നും ദൂരെ മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നേവിയും ചേര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 ഫിലിപ്പീന്‍സ് പൗരന്മാരും രണ്ട് യുക്രൈന്‍ സ്വദേശികളും ഒരു ജോര്‍ജിയക്കാരനും റഷ്യന്‍ പൗരനായ ക്യാപ്റ്റനുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കണ്ടെയ്‌നറുകളില്‍ ഉള്ള രാസവസ്തു കടലില്‍ കലരാനുള്ള സാധ്യത ഉള്ളതിനാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ പ്രതികരണ കപ്പലായ 'സക്ഷം' കടലില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, പ്രദേശം നിരീക്ഷിക്കുന്നതിനായി ഓയില്‍ സ്പില്‍ മാപ്പിങ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന ഡോര്‍ണിയര്‍ വിമാനവും കോസ്റ്റ് ഗാര്‍ഡ് ഉപയോഗിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാകയോട് കൂടിയ കപ്പല്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.25 ഓടെ കൊച്ചിയുടെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത്, 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരിയുകയായിരുന്നു. കടലില്‍ ഉണ്ടായിരുന്ന നാവിക സേനയുടെ ഒരു കപ്പലും രണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 21 ജീവനക്കാരെ കോസ്റ്റും ഗാര്‍ഡും മൂന്നു ജീവനക്കാരെ നാവികസേനയുമാണ് രക്ഷപ്പെടുത്തിയത്. നാവികസേനയുടെ ഐഎന്‍എസ് സുജാത, ഐഎന്‍എസ് സത്പുര, കോസ്റ്റ് ഗാര്‍ഡിന്റ അര്‍ണിവേഷ് എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്.