ഒരു ബാറ്ററി ചൂടായി വീര്‍ത്ത് പൊട്ടി; 34 ബാറ്ററികളിലേക്ക് തീ പടര്‍ന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചത് 'ഇന്റേണല്‍ ഷോട്ടേജ്'; അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്; അത്യാഹിതവിഭാഗം പഴയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങി

ഒരു ബാറ്ററി ചൂടായി വീര്‍ത്ത് പൊട്ടി; 34 ബാറ്ററികളിലേക്ക് തീ പടര്‍ന്നു

Update: 2025-05-05 02:01 GMT

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിക്കും പുക പടരാനുമിടയാക്കിയത് ബാറ്ററിയില്‍നിന്നുള്ള 'ഇന്റേണല്‍ ഷോട്ടേജ്' കാരണമെന്ന് കണ്ടെത്തില്‍. വൈദ്യുതി ഇന്‍സ്പക്ടറേറ്റ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എം.ആര്‍.ഐ സ്‌കാനിങ് യന്ത്രത്തിന്റെ യു.പി.എസ് മുറിയിലെ ബാറ്ററികളിലൊന്നില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും അത് ചൂടായി വീര്‍ത്ത് പൊട്ടുകയുമായിരുന്നു.

ഈ സമയത്ത് ചെറിയ രീതിയില്‍ തീയുണ്ടായി. പിന്നീട് തീ മറ്റു 34 ബാറ്ററികളിലേക്ക് പടര്‍ന്നു. ഇതോടെ മുറിക്കുള്ളിലെ താപനില ഉയരുകയും ഫയര്‍ അലാറം അടിയുകയും സ്പ്രിങ്ക്‌ലര്‍ വഴി വെള്ളം വരികയും ചെയ്തു. എന്നാല്‍, പൂര്‍ണമായി തീ അണയാതിരുന്നതോടെ പുക ഉയരാന്‍ തുടങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ മുറിയില്‍ പുക നിറഞ്ഞു. യു.പി.എസ് മുറിയുടെ വാതില്‍ തകര്‍ത്തതോടെ പുക പുറത്തേക്ക് വ്യാപിച്ചുവെന്നുമാണ് വൈദ്യുതി ഇന്‍സ്പക്ടറേറ്റ് ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ റിജു ദീപക് കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശുപത്രിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം പഠനവിധേയമാക്കി വിശദ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. അതേസമയം അത്യാഹിത വിഭാഗം പഴയ അത്യാഹിത വിഭാഗം ബ്ലോക്കില്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു. രോഗികള്‍ക്ക് 24 മണിക്കൂറും അടിയന്തര സേവനം നല്‍കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഗവ. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് മുറിയില്‍ പൊട്ടിത്തെറിയുണ്ടായി പുക ഉയര്‍ന്നതില്‍ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസും വിലയിരുത്തുന്നത്. അതേസമയം പുക പടര്‍ന്ന് രോഗികളെ മുഴുവന്‍ ഒഴിപ്പിക്കേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് പൊലീസിന്റെ വിശദാന്വേഷണം തുടരുകയാണ്. സുരക്ഷാവീഴ്ചയും പ്രത്യേകം പരിശോധിക്കുന്നുണ്ട്.

എം.ആര്‍.ഐ സ്‌കാനിങ് യൂനിറ്റിന്റെ യു.പി.എസില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും തീ ഉയരുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെയടക്കം വിദഗ്ധ പരിശോധന നടത്തുന്നത് വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റാണ്. ഇവരുടെ റിപ്പോര്‍ട്ടുകൂടി ലഭിച്ചാലേ കൂടുതല്‍ വ്യക്തത പൊലീസിന് വരികയുള്ളൂ.

പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അത്യാഹിത വിഭാഗത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, ആശുപത്രി രജിസ്റ്ററുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

Tags:    

Similar News