വീതി കുറഞ്ഞ റോഡില്‍ മന്ത്രി വാഹനമെത്തിയാല്‍ മറ്റുള്ളവര്‍ പറന്നെങ്കിലും വഴിയൊരുക്കണം! ഇല്ലെങ്കില്‍ കേരളാ പോലീസ് കള്ളക്കേസെടുക്കും; കേളകത്ത് അമ്മയും മകനും ചേര്‍ന്ന് പോലീസ് വാഹനം തടഞ്ഞ് എസ് ഐയെ ഭീഷണിപ്പെടുത്തി! മന്ത്രി കേളുവിന്റെ വഴി മുടക്കിയതില്‍ പ്രതികാരം ഇങ്ങനെ
കേളകം: മന്ത്രി വാഹനം വന്നാല്‍ സ്ഥലമില്ലെങ്കിലും വഴി മാറണം. ഇതാണ് നാട്ടുനടപ്പ്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ആരായാലും പ്രതിയാകും. വീതികുറഞ്ഞ ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡില്‍ മന്ത്രി ഒ.ആര്‍.കേളുവിന്റെ പൈലറ്റ് വാഹനത്തിന് വഴിമാറിക്കൊടുക്കാത്തതിന് താലൂക്ക് സര്‍വേയര്‍ക്കും മകനുമെതിരെ കേസെടുക്കുകയാണ് പോലീസ്.
കേളകത്തെ പ്രീത് വര്‍ഗീസ് (52), മകന്‍ അതുല്‍ എം.പ്രീത് (22) എന്നിവര്‍ക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തത്. ഭാരത ന്യായ് സംഹിതയിലെ 126(2), 285 കേരള പോലീസ് നിയമത്തിലെ 117(ഇ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അരിക് കൊടുത്തില്ലെന്നും കുറുകെ നിര്‍ത്തി മാര്‍ഗതടസ്സം സൃഷ്ടിച്ചെന്നും കാറില്‍നിന്ന് ഇറങ്ങി ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രഥമവിവര റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
പന്തളത്തെ കള്ളകേസ് എടുക്കല്‍ പോലീസിന് വിനയായിരുന്നു. വാഹന ബ്ലോക്കില്‍ ഇടപെടാത്ത പോലീസിന്റെ വീഡിയോ യുവാവ് ചിത്രീകരിക്കുന്നു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ പോലീസ് ശ്രമിക്കുന്നു. ഒടുവില്‍ ഉന്തും തള്ളുമായി. പിന്നെ ആ യുവാവിനെ പിടിച്ചു കൊണ്ടു പോയി പോലീസിനെ ആക്രമിച്ചെന്ന വകുപ്പില്‍ ജയിലില്‍ അടച്ചു. അവിടെ നാട്ടുകാര്‍ എടുത്ത വീഡിയോ പോലീസിന് പണിയായി. സത്യം തെളിയുകയും ചെയ്തു. കേളകത്ത് സിസിടിവിയൊന്നും ഇല്ലെന്നാണ് സൂചന. ആരും വീഡിയോ എടുത്തതായി അറിവുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ഈ അമ്മയും മകനും പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന വകുപ്പില്‍ കേസെടുക്കുന്നത്.
വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. കേളകത്തുനിന്ന് വയനാട്ടിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുകയായിരുന്നു പ്രീതും മകന്‍ അതുലും. അതുലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. എപ്പോഴും അപകടസാധ്യത നിലനില്‍ക്കുന്നതും വീതുകുറഞ്ഞതുമായ റോഡാണ് ബോയ്സ് ടൗണ്‍-പാല്‍ചുരം. വീതി കുറഞ്ഞ ചുരം റോഡില്‍ വാഹനങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഗതാഗതക്കുരുക്കും പതിവാണ്. ഈ റോഡിലായിരുന്നു മന്ത്രിയുടെ വാഹനം ചീറിപാഞ്ഞത്.
'വീതികുറഞ്ഞ ചുരം റോഡിലൂടെ കടന്നുപോകുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് വാഹനങ്ങള്‍ വന്നതിനാല്‍ പൈലറ്റ് വാഹനത്തിന് മറികടന്നുപോകാന്‍ സാധിച്ചില്ല. എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോയശേഷം പൈലറ്റ് വാഹനത്തിലെ എസ്.ഐ. അസഭ്യം പറഞ്ഞ് വണ്ടി മുന്നില്‍കൊണ്ടിട്ടു. വാഹനം ഓടിച്ചിരുന്ന 22-കാരനായ മകന്‍ പേടിച്ചുവിറച്ചു. അവന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ വണ്ടി തുടര്‍ന്ന് ഓടിക്കാനാണ് കാറില്‍ നിന്നിറങ്ങിയത്. മന്ത്രിയുടെ വാഹനമാണ് വരുന്നതെന്ന് അറിയില്ലായിരുന്നു.'-ഇതാണ് പ്രീതയ്ക്ക് പറയാനുള്ളത്. ഹൃദയസംബന്ധമായ അസുഖമുള്ള ആളാണ് പ്രീത്.
അതായത് പ്രീതിന്റെ വാഹനത്തിന് മുന്നില്‍ പോലീസ് വണ്ടി കൊണ്ടിട്ടു. പക്ഷേ കേസ് വന്നപ്പോള്‍ പോലീസ് വാഹനത്തെ അമ്മയും മകനും തടഞ്ഞെന്നായി. ഇത്തരം സാമാന്യയുക്തിയ്ക്ക് നിരക്കാത്തെ കേസുകളെടു്ക്കുന്നതാണ് കേരളാ പോലീസിന് നാണക്കേടായി മാറുന്നത്.