ഫിഫാ നിലവാരത്തിലുള്ള ടര്‍ഫിന് കുഴപ്പം വരുമെന്ന് എസ്റ്റേറ്റ് വിഭാഗം; രണ്ടു ദിവസം കൊണ്ട് എല്ലാം ശരിയാക്കിയത് ചന്ദ്രന്‍പിള്ള! മൃദംഗ വിഷന് പിന്നില്‍ ചരടു വലിച്ചത് ഇടതു ഇവന്റ് മാനേജ്‌മെന്റ് മാഫിയയോ? മൃദംഗ വിഷന്റെ അക്കൗണ്ടിലുള്ളത് വെറും 30 ലക്ഷം; പിരിച്ച പണം എവിടെ? സര്‍വ്വത്ര ദുരൂഹത
കൊച്ചി: മൃദംഗവിഷന്‍ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം വിട്ടുനല്‍കിയതില്‍ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കാനാകില്ലെന്ന് സ്റ്റേഡിയം അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു സിപിഎം പ്രമുഖന്‍ വിഷയത്തില്‍ ഇടപെട്ടു. ഈ പ്രമുഖന്റെ ഇടപെടല്‍ കാരണമാണ് മന്ത്രി പി രാജീവിനേയും കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാറിനേയും ഗിന്നസ് പരിപാടിയില്‍ നിന്നും അകറ്റിയത്. ഈവന്റ് മാനേജ്‌മെന്റിലൂടെ കോടികളുണ്ടാക്കുന്ന ഇടത് അനുകൂലര്‍ കേരളത്തില്‍ സജീവമാണ്. തിരുവനന്തപുരത്ത് 'കരമന' ഫാക്ടറാണ് എല്ലാം നിയന്ത്രിക്കുന്നത്. കൊച്ചിയില്‍ അടക്കം മറ്റൊരു സംവിധാനമുണ്ട്. സിപിഎമ്മിലെ പ്രമുഖരുടെ മക്കള്‍ അടക്കമാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. ഇവരുടെ ബിനാമി സംവിധാനമാണ് മൃദംഗവിഷന്‍ എന്ന വാദം ശക്തമാക്കുന്നതാണ് പുതിയ സൂചനകള്‍.
2024 ഓഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മൃദംഗവിഷന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന്, ഏകദേശം ഒരു മാസത്തിന് ശേഷം ചന്ദ്രന്‍പിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാഗത്തിന് കൈമാറി. 2025 ഏപ്രില്‍ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സിന് മാത്രമായി നല്‍കിയിരിക്കുകയായിരുന്നതിനാല്‍ സ്റ്റേഡിയം വിട്ടുനല്‍കാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാഗത്തിന്റെ തീരുമാനം. ഫുട്‌ബോളിന് വേണ്ടി മാത്രം നല്‍കിയിരിക്കുകയാണ് സ്റ്റേഡിയം. ഈ അപേക്ഷ പരിഗണിക്കാനാവില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടര്‍ഫ് സ്റ്റേഡിയത്തിലുണ്ട്. മറ്റ് പരിപാടികള്‍ നടത്തുന്നത് ടര്‍ഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാഗം കണ്ടെത്തിയതായി ജി.സി.ഡി.എ. രേഖകളില്‍ പറയുന്നു. പക്ഷേ ഈ തീരുമാനം അട്ടിമറിച്ചു.
ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഒരു നിരാക്ഷേപപത്രം ലഭിച്ചാല്‍ സ്റ്റേഡിയം നല്‍കാനാകുമെന്ന് ഒരു ഉടമ്പടിയുണ്ടാകുന്നു. അതിനുശേഷം എന്‍.ഒ.സി. കിട്ടിയതായി കാണിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കി. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പൂര്‍ത്തിയായത്. ഇതിനെതിരെ കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പരിപാടി നടത്താന്‍ മൃദംഗവിഷന്‍ 23.8.2024 നാണ് അപേക്ഷ നല്‍കുന്നത്. അപേക്ഷ പരിഗണിക്കാനാകില്ലെന്ന് എസ്റ്റേറ്റ് ഓഫീസര്‍ ഫയലില്‍ രേഖപ്പെടുത്തി. ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നിലനിര്‍ത്തേണ്ടതിനാല്‍ നൃത്തപരിപാടിക്ക് നല്‍കാനാകില്ലെന്നായിരുന്നു ഫയലില്‍ മറുപടി നല്‍കിയത്.
ഇത് മറികടന്ന് ചെയര്‍മാന്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളില്‍ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറല്‍ കൗണ്‍സിലാണ് സ്റ്റേഡിയം വിട്ട് നല്‍കുന്നതിന് അംഗീകാരം നല്‍കേണ്ടത്. എന്നാല്‍ ഇത് മറികടന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള വഴിവിട്ട് അനുമതി നല്‍കുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയാണ്. ഇതില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി. നിയമപരമായി പരിഗണിക്കാനാകാത്ത അപേക്ഷ വളഞ്ഞ വഴിയില്‍ തീരുമാനമാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇതിലെ വിജിലന്‍സ് അന്വേഷണം നിര്‍ണ്ണായകമാകും. മെഗാ നൃത്തസന്ധ്യയില്‍ ഭാഗമാകുന്നതിന് നര്‍ത്തകരില്‍നിന്ന് 1500 മുതല്‍ 5000 രൂപവരെ കൈപ്പറ്റിയ മൃദംഗവിഷന്റെ ബാങ്ക് അക്കൗണ്ടിലുള്ളത് 38 ലക്ഷം രൂപ മാത്രമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് മൃദംഗവിഷന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചത്. വേറെ രണ്ട് അക്കൗണ്ടുകള്‍കൂടി മൃദംഗവിഷനുണ്ട്. ഇവ നിര്‍ജീവമാണ്. ഇതും വൈകാതെ മരവിപ്പിച്ചേക്കും. പരിപാടിക്കും മറ്റുമായി എത്രരൂപ പിരിച്ചു, എത്ര വിനിയോഗിച്ചു. ഇവയുടെ ക്രയവിക്രയം തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്ന മൂന്നാം പ്രതിയായ ഓസ്‌കാര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ തൃശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ആശുപത്രിവിട്ടാലുടന്‍ അറസ്റ്റ് ചെയ്തേക്കും.
ആദ്യം 'നാട്യമയൂരി' മൃദംഗവിഷന്‍ ആദ്യമായി സംഘടിപ്പിച്ച നാട്യമയൂരി നൃത്തസന്ധ്യയിലേക്കും അന്വേഷണം. കൊച്ചിയിലെ ആഡംബരഹോട്ടലില്‍ ചുരുങ്ങിയ നര്‍ത്തകരെ പങ്കെടുപ്പിച്ചാണ് നാട്യമയൂരി സംഘടിപ്പിച്ചത്. മൃദംഗനാദംപോലെ ഇതിനും പണപ്പിരിവ് നടത്തിയിട്ടുണ്ടോ, വാഗ്ദാനലംഘനം ഉണ്ടായിട്ടുണ്ടോ എന്നെല്ലാമാണ് അന്വേഷിക്കുന്നത്.