നാവിക സേനാ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചത് അടുത്തിടെ; പുതിയ എഞ്ചിന്‍ പരീക്ഷിക്കുന്നതിനിടെ പൊടുന്നനെ നിയന്ത്രണം വിട്ട് പാഞ്ഞ് യാത്രാ ബോട്ടില്‍ ചെന്നിടിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; യാത്രാ ബോട്ടിലെ 10 പേരടക്കം 13 പേര്‍ മരിച്ചു; കുടുബങ്ങള്‍ക്ക് 5 ലക്ഷം അടിയന്തര സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
നാവിക സേനാ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചത് അടുത്തിടെ
മുംബൈ: മുബൈ തീരത്തിന് അടുത്ത് കടലില്‍ കടത്ത് ബോട്ടില്‍ നാവികസേന സ്പീഡ് ബോട്ട് ഇടിച്ച് ദുരന്തം ഉണ്ടായത് എഞ്ചിന്റെ കാര്യക്ഷമതാ പരിശോധനയ്ക്കിടെ. 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ നാവിക സേന ഉദ്യോഗസ്ഥനും എഞ്ചിന്‍ നിര്‍മ്മാതാക്കളുടെ രണ്ടുജീവനക്കാരും ഉള്‍പ്പെടുന്നു. കടത്ത് ബോട്ടില്‍ 110 പേരുണ്ടായിരുന്നു. നാവിക സേന സ്പീഡ് ബോട്ടില്‍ അഞ്ചുപേരും.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കടത്തുബോട്ടിലെ 10 യാത്രക്കാര്‍ മരിച്ചു. നാവികസേനാ ബോട്ടിലെ രണ്ടുപേരടക്കം 102 പേരെ രക്ഷപ്പെടുത്തി. അടുത്തിടെ ബോട്ടിന്റെ എഞ്ചിന്‍ മാറ്റി സ്ഥാപിച്ചിരുന്നുവെന്നും ഇതിന്റെ പരീക്ഷണം നടത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും പറയുന്നു.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ, എഞ്ചിന്‍ പരിശോധന നടത്തുകയായിരുന്ന നാവിക സേനാ സ്പീഡ് ബോട്ട,് നീല്‍ കമല്‍ എന്ന യാത്രാ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു,. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് യാത്രക്കാരെ കൊണ്ടുപോകുകയിരുന്നു കടത്ത് ബോട്ട്.
സ്പീഡ് ബോട്ട് ഫെറിയുമായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പിന്നീട് പുറത്തുവന്നു. കടലിലൂടെ വളഞ്ഞുപുളഞ്ഞു വന്ന സ്പീഡ് ബോട്ട് പെട്ടെന്ന് ഫെറിക്ക് നേരേ തിരിഞ്ഞ് വന്ന് ഇടിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ച ആളുകളെ രക്ഷിച്ച് മറ്റൊരു ബോട്ടിലേക്ക് മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ആ സമയത്ത് ബോട്ട് ഒരുവശത്തേക്ക് ചെരിഞ്ഞിരിക്കുകയായിരുന്നു,. നവി മുംബൈയിലെ ഉറാനു സമീപമാണ് അപകടം. ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
11 നാവിക ബോട്ടുകളും മൂന്ന് മറൈന്‍ പൊലീസ് ബോട്ടകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടും മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നാല് ഹെലികോപ്ടറുകളും തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും മുഴുകിയിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കിഴക്കായുളള എലിഫന്റ ഗുഹകളിലേക്ക് പോകാനാണ് ആളുകള്‍ പൊതുഫെറി ബോട്ടുകള്‍ ഉപയോഗിക്കുന്നത്.
സംഭവത്തില്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് അതീവദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.