ഓവര്‍ സ്മാര്‍ട്ട് കളിക്കുന്ന ജോര്‍ജ്ജ് സാറന്മാരെ സിസ്റ്റമാറ്റിക്കായി, ക്ഷമയോടെ എങ്ങനെ പൂട്ടാം? പിണറായി പൊലീസിന്റെ ഇടി കിട്ടിയാല്‍ സിസി ടിവി ദൃശ്യങ്ങള്‍ എങ്ങനെ വാങ്ങിയെടുക്കാം? 'സിസ്റ്റം ഔട്ട് കംപ്ലീറ്റ്': വിവരാവകാശത്തിന്റെ അനന്ത സാധ്യതകള്‍ വിശദീകരിച്ച് കളക്ടര്‍ ബ്രോയുടെ പുതിയ പുസ്തകം
വിവരാവകാശത്തിന്റെ അനന്ത സാധ്യതകള്‍ വിശദീകരിച്ച് കളക്ടര്‍ ബ്രോയുടെ പുതിയ പുസ്തകം
തിരുവനന്തപുരം: പൊലീസുകാരെല്ലാം ഇടിയന്‍ പൊലീസല്ല. മാറിയ കാലത്ത് ഇടി ആവശ്യമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെ. എന്നാല്‍, രണ്ടിടി കൊടുത്താലേ പ്രതി സത്യം പറയൂ എന്നുവിശ്വസിക്കുന്നവരും കുറവല്ല. സ്റ്റേഷനില്‍ വച്ച് രണ്ടിടി കിട്ടിയാല്‍, അതിന്റെ സിസി ടിവി ദൃശ്യത്തിനായി വിവരാവകാശ അപേക്ഷ കൊടുത്താല്‍ എളുപ്പം കിട്ടുമോ? സ്വന്തം പണി തെറിക്കുന്ന കാര്യമായത് കൊണ്ട് പൊലീസ് ഉഴപ്പാന്‍ സാധ്യതയേറെയാണ്. അതാണ് കുന്നംകുളത്തും പീച്ചിയിലുമൊക്കെ കണ്ടത്. പക്ഷേ വിവരാവകാശ നിയമം സ്‌ട്രോങ്ങാണ്.
2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്ന വിവരാവകാശ നിയമം പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഒക്കെയാണ് ലക്ഷ്യമിടുന്നത്.
പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാകുന്ന കാലത്ത്, വിവരാവകാശ നിയമം സാധാരണക്കാര്‍ക്ക് പോലീസിന്റെ ക്രൂരതകള്‍ക്കെതിരെ പോരാടാനുള്ള ശക്തമായ ആയുധമായി മാറുകയാണ്. പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുമ്പോഴാണ് പലപ്പോഴും പുറം ലോകമറിയുന്നത്. ഈ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഇരകള്‍ വലിയ നിയമപോരാട്ടങ്ങള്‍ നടത്തേണ്ടി വരുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ പോലും അവ നല്‍കാന്‍ പോലീസ് പരമാവധി ശ്രമിക്കാതിരിക്കുന്ന സാഹചര്യങ്ങളാണുള്ളത്. കുന്നംകുളത്ത് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രണ്ട് വര്‍ഷത്തോളമാണ് തന്റെ നേര്‍ക്കുണ്ടായ മര്‍ദ്ദനത്തിന്റെ തെളിവുകള്‍ക്കായി നിയമ പോരാട്ടം നടത്തിയത്.
ഈ സാഹചര്യത്തിലാണ്, ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍. പ്രശാന്ത് വിവരാവകാശ നിയമത്തിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം പുറത്തിറക്കുന്നത്. 'സിസ്റ്റം ഔട്ട് കംപ്ലീറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം, വിവരാവകാശ നിയമം എങ്ങനെ ഉപയോഗിക്കാമെന്നും, വീട്ടിലിരുന്ന് തന്നെ എങ്ങനെ ഒരു വിവരാവകാശ പ്രവര്‍ത്തകനാകാം എന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു. വ്യാജ മറുപടികള്‍ ലഭിച്ചാല്‍ എന്തുചെയ്യണമെന്നും നിയമത്തിലെ എല്ലാ വശങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. മനോരമ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എങ്ങനെയാണെന്നും, ശരിയായ ചോദ്യങ്ങള്‍ ചോദിച്ച് സംവിധാനത്തിന്റെ മൗനം ഭേദിക്കാമെന്നും ഈ പുസ്തകം വിശദീകരിക്കുന്നു. ഭയമില്ലാതെ, തന്ത്രപരമായി, നിയമപരമായി എങ്ങനെ വിവരാവകാശ നിയമം ഉപയോഗിക്കാമെന്നും വിവിധ വകുപ്പുകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനം ചോദ്യങ്ങളിലൂടെ മനസ്സിലാക്കാമെന്നും പഠിപ്പിക്കുന്നു. ഇ-RTI പോര്‍ട്ടലിന്റെ ശരിയായ ഉപയോഗത്തിലൂടെ വീട്ടിലിരുന്നു വിവരാവകാശ പ്രവര്‍ത്തകനാകാന്‍ സാധിക്കുമെന്നും എന്‍.പ്രശാന്ത് അവകാശപ്പെടുന്നു. ഈ പുസ്തകം സാധാരണക്കാര്‍ക്ക് ഭരണസംവിധാനത്തെ ചോദ്യം ചെയ്യാനും സുതാര്യത ഉറപ്പുവരുത്താനും ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമാകും.
എന്‍ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉണരൂ രതീഷ്!
ഈ സിസ്റ്റം ആടിയുലയുകയില്ല സര്‍. ഇതിനൊരു സുപ്രീം പവറുണ്ട്. ആ പവര്‍ അധികാരപ്രഭുക്കളുടെ കയ്യിലല്ല... ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ള 'ബഹുമാനപ്പെട്ട' സാധാരണക്കാരുടെ കയ്യിലാണ്. അതുറപ്പ് വരുത്തുന്ന സിമ്പിള്‍ നിയമത്തിന്റെ പേരാണ് വിവരാവകാശം അഥവാ RTI.
ഈ പുസ്തകം നിങ്ങള്‍ക്കുള്ള ഒരു ഉപകരണമാണ്. ആയുധമാണ്. ഗവണ്മെന്റ് സംവിധാനത്തിനുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെങ്ങനെയെന്നും എങ്ങനെ ശരിയായ ചോദ്യം ചോദിച്ച് സംവിധാനത്തിന്റെ മൗനത്തെ തകര്‍ക്കാമെന്നും പഠിക്കാം. ഭയരഹിതമായി, തന്ത്രപരമായി, നിയമപരമായി, എങ്ങനെ RTI ഉപയോയോഗിക്കാമെന്നും വിവിധ ഡിപ്പാര്‍ട്മെന്റുകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനം എങ്ങനെ ചോദ്യങ്ങളിലൂടെ മനസ്സിലാക്കാകമെന്നും e-RTI പോര്‍ട്ടലിന്റെ ശരിയായ ഉപയോഗത്തിലൂടെ എങ്ങനെ വീട്ടിലിരുന്നു വിവരാവകാശ ആക്റ്റിവിസ്റ്റാകാമെന്നും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ഈ സിസ്റ്റത്തെ സിസ്റ്റമാറ്റിക്കായി മെരുക്കാന്‍ പഠിപ്പിക്കും. പലര്‍ക്കും കൃത്യമായ ചോദ്യങ്ങള്‍ ഫ്രേം ചെയ്യാനറിയില്ല, ഉഡായിപ്പ് മറുപടി തന്നാല്‍ എന്ത് ചെയ്യണമെന്നറിയില്ല. ഓവര്‍ സ്മാര്‍ട്ട് കളിക്കുന്ന ജോര്‍ജ്ജ് സാറന്മാരെ സിസ്റ്റമാറ്റിക്കായി, ക്ഷമയോടെ പൂട്ടുന്നതെങ്ങനെ എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. RTI മാത്രമല്ല, അനുബന്ധ നിയമങ്ങളും ഇതില്‍ പറയുന്നുണ്ട്.
കേരളമെന്നത് ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ഉറങ്ങുന്ന പുലിക്കുട്ടിയാണ്. ഉണരേണ്ട സമയം അതിക്രമിച്ചതറിയാതുറങ്ങുന്ന ഭീമാകരനാണവന്‍. ഈ കളി കളിക്കാന്‍ പത്ത് രുപയും എഴുത്തും വായനയും മതി.
ബാ, എണീക്കാന്‍ ടൈം ആയി! പ്രീ ബുക്കിംഗ് ആരംഭിച്ചു. (കമന്റില്‍ ലിങ്ക്)
Booking through Whatsaap
7902941983
8137003417
MRP 250Pre-booking offer - 200