മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്; തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി
കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്
ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കര്‍ശന നടപടിയുമായി കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. ഡീബാര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല.
സംഭവത്തില്‍ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുന്‍ പ്രൊഫസര്‍ ജിവി റാവുവിനാണ് മേല്‍നോട്ടം.
പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്. കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
രാജ്യമെമ്പാടും 8700 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നതും കെ എന്‍ ആര്‍ ആണ്.
കോഴിക്കോട് നിന്ന് തേഞ്ഞിപ്പാലം വഴി തൃശൂരിലേക്ക് പോകുന്ന ദേശീയപാതയുടെ കൂരിയാട് കൊളപ്പുറം ഭാഗത്തിന്റെ നിര്‍മ്മാണം നടത്തിയ കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ ഇതാദ്യമായല്ല ദേശീയ പാത നിര്‍മ്മിക്കുന്നത്. രാമനാട്ടുകര-വളാഞ്ചേരി വളാഞ്ചേരി - കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിര്‍മ്മാണമാണ് കെ എന്‍ ആര്‍ കേരളത്തില്‍ നടത്തുന്നത്. 2021 ല്‍ കരാര്‍ ലഭിച്ചു. 2022 ല്‍ തുടങ്ങിയ നിര്‍മ്മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കി വരികയാണ്.
ആന്ധ്രാ ആസ്ഥാനമായ കെ എന്‍ ആര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കായി മറ്റൊരു കമ്പനി കൂടി രൂപീകരിച്ചിട്ടുണ്ട്. രൂപകല്പനനയും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതും ദേശീയ പാതാ അതോറിറ്റിയാണ്. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച അതോറിറ്റിയുടെ ഭാഗമല്ലാത്ത ഒരു ഉദ്യോഗസ്ഥ സംഘമാണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്. കമ്പനിക്കൊപ്പം നിര്‍മ്മാണം വിലയിരുത്തുന്ന ദേശീയപാതാ അതോറിറ്റിക്കും തകര്‍ച്ചയില്‍ പങ്കുണ്ട് എന്നര്‍ത്ഥം.
ഈ മാസം 19നാണ് കൂരിയാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘമാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവകാണ് കൂരിയാണ് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഈ വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് വിവരം.