സുരേഷ് ഗോപി വിജയിച്ച തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടില്ല; എല്‍ഡിഎഫ് - യുഡിഎഫ് ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍; ബി.ജെ.പിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചെന്ന ആരോപണങ്ങള്‍ തള്ളി ഗ്യാനേഷ് കുമാര്‍
സുരേഷ് ഗോപി വിജയിച്ച തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേടില്ല
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തൃശ്ശൂരിലും ക്രമക്കേടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ക്രമക്കേട് ആരോപണങ്ങളില്‍ അന്വേഷണമില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. കമ്മിഷനും വോട്ടര്‍മാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ബി.ജെ.പിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്റെ പ്രതികരണം.വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ വരുത്തണമെന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് എസ്ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
അതേസമയം വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ അവസാനം പ്രതികരിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകള്‍ വിവാദത്തിലായിരുന്നു. ആരോപണം ഉന്നയിക്കുന്നത് ചില വാനരന്‍മാരാണെന്നും അതിന് മറുപടി പറയേണ്ടത് താനല്ലെന്നു സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനാണ് മറുപടി പറയേണ്ടതെന്നും താന്‍ മന്ത്രിയായതുകൊണ്ടാണ് മറുപടി പറയാത്തതെന്നും അദ്ദഹം പ്രതികരിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കാമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം സുരേഷ് ഗോപി നടത്തിയ വാനരര്‍ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയില്‍ നോക്കിയുള്ളതാണെന്നും അതേ പദത്തില്‍ മറുപടി പറയാന്‍ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് പറഞ്ഞു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവില്‍ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ്.
കേന്ദ്രമന്തി സുരേഷ് ഗോപിയുടെ പരാമര്‍ശം കണ്ണാടിയില്‍ നോക്കിയുള്ളതാണ്. സുരേഷ് ഗോപി അനധികൃതമായി ചേര്‍ത്ത വോട്ടുകളെക്കുറിച്ചാണ് കോണ്‍ഗ്രസ് പറഞ്ഞത്. ജയിച്ചു മന്ത്രിയായി. ഇതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഞങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയേണ്ടത് ജനപ്രതിനിധിയാണ്. ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടര്‍മാരെയും ജനങ്ങളെയും അവഹേളിച്ചു.തെറ്റ് പറ്റിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി നല്‍കിയ മറുപടിയാണിത്. എന്ത് പദപ്രയോഗം നടത്തിയാലും കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ല. സുരേഷ് ഗോപി ഇനിയെങ്കിലും കണ്ണാടിയില്‍ നോക്കാതെ മറുപടി പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. പലസ്ഥലങ്ങളിലും വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിച്ചത് കുറ്റസമ്മതമാണ്.
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഇപ്പോഴും സംശയിക്കുന്നു. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതിനുശേഷം അക്കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൃശ്ശൂരില്‍ കോണ്‍ഗ്രസിന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലാര്‍ ബാബുവിന്റെ രാജി ഫേസ്ബുക്കിലൂടെയാണ് അറിയുന്നതെന്നും കാര്യം എന്താണെന്ന് അറിയില്ലെന്നും ഇപ്പോള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.