ഇറാന്റെ നെഞ്ചായ ഖാര്‍ഗ് ദ്വീപില്‍ യുഎസ്-ഇസ്രേയല്‍ പ്രഹരം; പകരത്തിന് പകരം യുഎഇയിലെ ഫുജൈറ തുറമുഖം ആക്രമിച്ച് ഇറാന്‍; യുഎസ് സൈനികരെ റാഞ്ചുമെന്ന് ഭീഷണി; ഫുജൈറ, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാതെ എണ്ണ കൈമാറ്റം സാധ്യമാകുന്ന തന്ത്രപ്രധാന കേന്ദ്രം; ഹോര്‍മുസ് തുറക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ പൊലിഞ്ഞത് 2300-ഓളം ജീവനുകള്‍

യുഎഇയിലെ ഫുജൈറ തുറമുഖം ആക്രമിച്ച് ഇറാന്‍

Update: 2026-03-14 15:50 GMT

ദുബായ്: ഇറാന്റെ ഖാര്‍ഗ് ദ്വീപ് തകര്‍ക്കാനുള്ള അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിര്‍ണ്ണായക തുറമുഖത്തിന് നേരെ ഡ്രൊണുകള്‍ തൊടുത്തുവിട്ട് ഇറാന്‍. ഖാര്‍ഗ് ദ്വീപിലെ എണ്ണ സംവിധാനം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കന്‍ സൈനികരെ തടവിലാക്കുമെന്നും തങ്ങളുടെ ദ്വീപ് തകര്‍ത്തതിന് ട്രംപിനോട് പകരം ചോദിക്കുമെന്നുമാണ് ഭീഷണി.

ഫുജൈറ തുറമുഖത്തിന് നേരേ ആക്രമണം

യുഎഇയിലെ ഏറ്റവും വലിയ എണ്ണ സംഭരണശാലകളിലൊന്നായ ഫുജൈറ തുറമുഖത്തിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് തുറമുഖത്തിന് മുകളില്‍ കറുത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖാര്‍ഗ് ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ സൈന്യം ശ്രമിച്ചാല്‍ അവരെ തടവിലാക്കുമെന്ന് മുന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി മനോചെഹര്‍ മൊട്ടാക്കി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം ഒഴിവാക്കി കപ്പലുകള്‍ക്ക് എണ്ണ ലഭ്യമാക്കാന്‍ ആശ്രയിക്കുന്ന പ്രധാന താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാക്കുന്നു.

ഫുജൈറയുടെ പ്രാധാന്യം

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാതെ തന്നെ എണ്ണ കൈമാറ്റം സാധ്യമാകുന്ന ഒമാന്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാനമായ ലൊക്കേഷനാണ് ഫുജൈറ. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പല്‍ ഇന്ധന വിതരണ കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ബദല്‍ മാര്‍ഗ്ഗമായി കണ്ടിരുന്ന ഈ തുറമുഖത്തിന് നേരെയുള്ള ആക്രമണം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കും.

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ എണ്ണ സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ അയച്ചിരിക്കുന്നത്.

ഹോര്‍മുസ് തുറക്കും; ആഗോള സഹകരണം തേടി ട്രംപ്

ഇറാനുമായുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തുറന്നു നിലനിര്‍ത്തുന്നതിനും ആഗോളതലത്തില്‍ നാവിക സഹായം തേടി ഡൊണാള്‍ഡ് ട്രംപ്. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയുമായി ചേര്‍ന്ന് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി രാജ്യങ്ങള്‍ കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും അമേരിക്കയുമായി ചേര്‍ന്ന് യുദ്ധക്കപ്പലുകള്‍ അയക്കുമെന്നാണ് ട്രംപിന്റെ വാദം. ഇറാന്റെ സൈനികശേഷിയുടെ 100 ശതമാനവും നശിപ്പിച്ചുകഴിഞ്ഞെങ്കിലും, ഒന്നോ രണ്ടോ ഡ്രോണുകളോ ചെറിയ ദൂരപരിധിയിലുള്ള മിസൈലുകളോ ഉപയോഗിക്കാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ കൃത്രിമ നിയന്ത്രണം ബാധിച്ച ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യു.കെ. തുടങ്ങിയ രാജ്യങ്ങള്‍ ഈ മേഖലയിലേക്ക് കപ്പലുകള്‍ അയച്ച് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ഒരു രാജ്യത്തിന്റെ ഭീഷണിയാകുന്നത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്ക ഇറാനിയന്‍ ബോട്ടുകളെയും കപ്പലുകളെയും തുടര്‍ച്ചയായി ലക്ഷ്യമിട്ട് ബോംബാക്രമണം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദി അറേബ്യയിലെ യു.എസ്. താവളത്തില്‍ അഞ്ച് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. താവളത്തിന് നേരെ ആക്രമണം നടന്നെന്നും ഒരു വിമാനത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചെന്നും അദ്ദേഹം സമ്മതിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താവളം ആക്രമിക്കപ്പെട്ടെങ്കിലും, അഞ്ച് വിമാനങ്ങളില്‍ നാലെണ്ണം കാര്യമായ കേടുപാടുകളില്ലാതെ സേവനത്തില്‍ തിരിച്ചെത്തി. ഒന്നിന് നേരിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ട്രംപ് വിശദീകരിച്ചു. വ്യാജ വാര്‍ത്തകളില്‍ പ്രചരിച്ചതുപോലെ ഒരു വിമാനം പോലും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇറാനിലെ ഖാര്‍ഗ് ദ്വീപിലെ സൈനിക പശ്ചാത്തല സൗകര്യങ്ങളെ ലക്ഷ്യമിട്ട് രാത്രിയില്‍ നടന്ന ശക്തമായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന്റെ സൈനിക ശേഷി ഇപ്പോള്‍ 'പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു' എന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ:

'ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ബാധിച്ചിട്ടുള്ള നിരവധി രാജ്യങ്ങള്‍, അമേരിക്കയുമായി ചേര്‍ന്ന് ഈ ജലപാത സുരക്ഷിതമായും തുറന്നും സൂക്ഷിക്കുന്നതിനായി യുദ്ധക്കപ്പലുകള്‍ അയക്കും.

ഇറാന്റെ സൈനിക ശേഷി ഞങ്ങള്‍ ഇതിനകം 100% നശിപ്പിച്ചു കഴിഞ്ഞു. എങ്കിലും, എത്ര ദയനീയമായി പരാജയപ്പെട്ടാലും ഒന്നോ രണ്ടോ ഡ്രോണുകള്‍ അയക്കാനോ, മൈനുകള്‍ വിതറാനോ, ഈ ജലപാതയിലുടനീളം ഹ്രസ്വദൂര മിസൈലുകള്‍ പ്രയോഗിക്കാനോ അവര്‍ക്ക് എളുപ്പമാണ്.

ഈ കൃത്രിമ തടസ്സത്താല്‍ വലയുന്ന ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ മേഖലയിലേക്ക് കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട (Decapitated) ഒരു രാജ്യത്തില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കി ഹോര്‍മുസ് കടലിടുക്കിനെ സംരക്ഷിക്കാം. അതുവരെ, അമേരിക്ക ഇറാന്റെ തീരപ്രദേശങ്ങളില്‍ അതിശക്തമായ ബോംബാക്രമണം തുടരും. ഒപ്പം ഇറാന്റെ ബോട്ടുകളെയും കപ്പലുകളെയും കടലില്‍ വെടിവെച്ചു വീഴ്ത്തുകയും ചെയ്യും. എങ്ങനെയെങ്കിലും ഞങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ ഉടന്‍ തന്നെ തുറന്നതും സുരക്ഷിതവും സ്വതന്ത്രവുമാക്കും!'

അതിനിടെ, യുഎസ് സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ഡൊണാള്‍ഡ് ട്രംപ് പുറത്തുവിട്ടു. ഖാര്‍ഗ് ദ്വീപിനെ അമേരിക്ക 'ചാരമാക്കി' (Obliterated) എന്ന് വെള്ളിയാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റിലെ (UAE) മൂന്ന് പ്രധാന തുറമുഖങ്ങളില്‍ നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ മിസൈലുകളുടെ പ്രഭവകേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി. അബുദാബിയിലെ ഖലീഫ, ദുബായിലെ ജെബല്‍ അലി, കൂടാതെ ഫുജൈറ തുറമുഖം എന്നിവയാണ് ഇറാന്റെ ലക്ഷ്യങ്ങള്‍. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് (Fars) പുറത്തുവിട്ട പ്രസ്താവന ഇങ്ങനെയാണ്:

'ഈ മേഖലകളില്‍ സിവിലിയന്‍ സ്ഥാപനങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ സൈന്യം ഒളിച്ചിരിക്കുന്നതിനാല്‍ ഇവയെല്ലാം ആക്രമിക്കപ്പെടേണ്ട നിയമപരമായ ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു. വരും മണിക്കൂറുകളില്‍ ഇവിടെ ആക്രമണം ഉണ്ടാകും. അതിനാല്‍ എല്ലാ പൗരന്മാരും പോര്‍ട്ട് ജീവനക്കാരും സ്വന്തം ജീവന്‍ രക്ഷിക്കാനായി ഈ പ്രദേശങ്ങളില്‍ നിന്ന് എത്രയും വേഗം മാറിപ്പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'

തെക്കന്‍ ഇസ്രായേലില്‍ ആക്രമണം; കുട്ടിയടക്കം രണ്ടുപേര്‍ക്ക് പരിക്ക്

തെക്കന്‍ ഇസ്രായേലിലെ എയ്ലാത്തിലുണ്ടായ ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 12 വയസ്സുള്ള ആണ്‍കുട്ടിയെയും 39 വയസ്സുള്ള പുരുഷനെയും ഇസ്രായേലിലെ ആംബുലന്‍സ് സര്‍വീസായ മഗന്‍ ഡേവിഡ് അഡോം (MDA) വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.

ഷെല്‍ ചീളുകള്‍ തറച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. 12 വയസ്സുകാരന്റെ നില ഗുരുതരമാണെങ്കിലും ബോധമുണ്ടെന്ന് എംഡിഎ വക്താവ് അറിയിച്ചു. 39-കാരന്റെ തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്. സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായും ജനാലച്ചില്ലുകള്‍ തകരുകയും പുക ഉയരുകയും ചെയ്തതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.

യുദ്ധം തുടങ്ങിയത് മുതലുള്ള ആകെ മരണസംഖ്യ

ഫെബ്രുവരി 28 മുതല്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തില്‍ ഓരോ രാജ്യത്തും മരിച്ചവരുടെ എണ്ണം താഴെ പറയുന്ന പ്രകാരമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍: 1,444 പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍: 773 പേര്‍ കൊല്ലപ്പെട്ടു

ഇറാഖ്: 26 പേര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍: 14 പേര്‍ കൊല്ലപ്പെട്ടു

യുഎസ് സേന: 11 പേര്‍ കൊല്ലപ്പെട്ടു

യുഎഇ: 6 പേര്‍ കൊല്ലപ്പെട്ടു

കുവൈറ്റ്: 6 പേര്‍ കൊല്ലപ്പെട്ടു

ഒമാന്‍: 3 പേര്‍ കൊല്ലപ്പെട്ടു

ബഹ്റൈന്‍: 2 പേര്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യ: 2 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ നടന്നുവരുന്ന കനത്ത ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ പുതിയ സംഭവം.

Tags:    

Similar News