ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി നാണംകെട്ടു; എട്ട് മാസത്തിനുള്ളില്‍ മഹാരാഷ്ട്ര കാവിതരംഗത്തില്‍; മഹായുതി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ; തെരഞ്ഞെടുപ്പില്‍ അദാനി പണമൊഴുക്കിയെന്ന് ശിവസേന ഉദ്ധവ് വിഭാഗം

മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാറിന്റെ മുന്നേറ്റം അമ്പരപ്പിക്കുന്നത്

Update: 2024-11-23 10:16 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കാവിതരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യമായ മഹായുതി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ചയിലേക്ക്. ഒടുവില്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ 231 സീറ്റില്‍ മഹായുതി സഖ്യം മുന്നേറുന്നു. സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറി. ഉദ്ധവ് വിഭാഗം ശിവസേനയുടെയും എന്‍സിപി (ശരദ് പവാര്‍), കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോലും ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബിജെപിയും സഖ്യകക്ഷികളും നടത്തിയത്.

കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 51 സീറ്റിലേക്ക് ചുരുങ്ങുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 132 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ മുന്നണിയുടെ വിജയം പ്രവചിച്ചെങ്കിലും തൂത്തുവാരല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.

മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാറിന്റെ മുന്നേറ്റം അമ്പരപ്പിക്കുന്നതാണെന്ന് വിലയിരുത്തല്‍. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വെറും 17 സീറ്റ് മാത്രമാണ് ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 48 ലോക്‌സഭാ സീറ്റില്‍ 17 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. 2019ല്‍ 41 സീറ്റുകള്‍ നേടിയ സ്ഥാനത്തുനിന്നായിരുന്നു 17 എണ്ണത്തിലേക്കുള്ള കൂപ്പുകുത്തല്‍. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്കാകട്ടെ മികച്ച നേട്ടമുണ്ടാക്കാനും കഴിഞ്ഞിരുന്നു. 30 സീറ്റുകള്‍ നേടി ഇന്ത്യാ മുന്നണി കരുത്തുകാട്ടി.

എന്നാല്‍, വെറും എട്ട് മാസത്തിനിപ്പുറം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചാണ് ബിജെപി സഖ്യത്തിന്റെ വിജയം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം തുടരാനാകുമെന്ന പ്രതീക്ഷയുമായെത്തിയ ഇന്ത്യാ മുന്നണി അടപടലം പരാജയപ്പെടുകയും മഹായുതി സഖ്യം അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു.

കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ 1,15,477 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ മത്സരിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് 1,24,860 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ബാരാമതിയില്‍ അജിത് പവാര്‍ 1,09, 848 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെ വര്‍ളിയില്‍ ജയമുറപ്പിച്ചു കഴിഞ്ഞു.

ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും വന്‍ നേട്ടമാണ് തെരഞ്ഞെടുപ്പിലുണ്ടാക്കിയത്. ഇതോടെ ലോക്‌സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി. ഷിന്‍ഡേ ശിവസേന മത്സരിക്കുന്ന 81ല്‍ 54 സീറ്റിലും അജിത് പവാറിന്റെ എന്‍സിപി 59 സീറ്റില്‍ 40 സീറ്റിലും മുന്നിലാണ്. അതേസമയം, 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 17 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. ശരദ് പവാറിന്റെ എന്‍സിപി 86 സീറ്റില്‍ 11 സീറ്റിലേക്കും താക്കറെ സേന 95 മണ്ഡലങ്ങളില്‍ 20 സീറ്റിലും മാത്രമാണ് ലീഡ് ചെയ്യുകയോ ജയിക്കുകയോ ചെയ്തത്.

ഇതില്‍ ഉദ്ധവ് താക്കറേക്ക് നേരിട്ട കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകം. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് തെളിയിക്കാനാണ് താക്കറെ ശിവസേന അരയും തലയും മുറുക്കി രംഗത്തെത്തിയത്. എന്നാല്‍ മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് അവര്‍ക്കുണ്ടായത്. മത്സരിച്ച 95 സീറ്റില്‍ 20 മണ്ഡലത്തില്‍ മാത്രമാണ് അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞത്. ശക്തികേന്ദ്രമായ മുംബൈയില്‍ പോയി തിരിച്ചടിയുണ്ടായി. ബുധനാഴ്ച അവസാനിച്ച പോളിംഗില്‍ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ഇനി മുഖ്യമന്ത്രി ചര്‍ച്ചയായിരിക്കും ശ്രദ്ധാകേന്ദ്രം. ഒറ്റക്ക് തന്നെ ഭൂരിപക്ഷത്തിനടുത്തെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുമെന്നതില്‍ സംശയമില്ല. ഫഡ്‌നവിസ് തന്നെയായിരിക്കും പരിഗണനയില്‍ മുന്നില്‍. എന്നാല്‍, കഴിഞ്ഞ തവണ ശിവസേനയെ പിളര്‍ത്താന്‍ ഷിന്‍ഡെയെ ഉപയോഗിച്ചതിന്റെ പ്രതിഫലമായിട്ടായിരുന്നു ഏക്‌നാഥ് ഷിന്‍ഡെക്ക് നല്‍കിയ മുഖ്യമന്ത്രി സ്ഥാനം. ഏക്‌നാഥ് ഷിന്‍ഡെയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടതിനാലാണ് വന്‍വിജയമെന്ന് അവകാശ വാദമുന്നയിച്ച് ഷിന്‍ഡെ വിഭാഗം രംഗത്തെത്തുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

ആദ്യ മണിക്കൂറില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച് മുന്നേറ്റം

വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. കേവലഭൂരിപക്ഷത്തിനും അപ്പുറമാണ് മഹാരാഷ്ട്രയില്‍ കാവിതരംഗത്തിന്റെ തേരോട്ടമുണ്ടായത്. എക്സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടിയാണ് മഹാരാഷ്ട്രയില്‍ മഹായുതി കുതിച്ചത്. മഹായുതി 118 മുതല്‍ 175 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തീര്‍ത്തും മങ്ങിയതായിരുന്നു മഹാവികാസ് അഘാഡിയുടെ പ്രകടനം. ആദ്യമണിക്കൂറുകളില്‍ വെറും 60 സീറ്റുകളില്‍ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്തത്.

അദാനി പണമൊഴുക്കിയെന്ന് ശിവസേന ഉദ്ധവ് വിഭാഗം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ മിന്നും ജയത്തില്‍ സംശയം പ്രകടിപ്പിച്ച് ആരോപണവുമായി ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത് വന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലം മാഹാരാഷ്ട്രയിലെ ജനഹിതമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ എല്ലാ എംഎല്‍എമാരും എങ്ങനെ വിജയിക്കും.

മഹാരാഷ്ട്രയെ വഞ്ചിച്ച അജിത് പവാറിന് എങ്ങനെ വിജയിക്കാന്‍ കഴിയും. ബിജെപി പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന കോടീശ്വരന്‍ ഗൗതം അദാനി തെരഞ്ഞെടുപ്പ് വിലക്കു വാങ്ങി. അമേരിക്കയില്‍ അദാനി കുഴപ്പത്തിലാണ്. തെരഞ്ഞെടുപ്പില്‍ ധാരാളം പണം ഉപയോഗിച്ചുവെന്നും റാവത്ത് ആരോപിച്ചു. സാധാരണ ഗതിയില്‍ ഷിന്‍ഡെയ്ക്ക് 60 സീറ്റും അജിത് പവാറിന് 40 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിക്കാന്‍ സാധ്യതയുണ്ടോ. ഞങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News