വിവാഹം ആഘോഷമാക്കാന്‍ റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്; കൂട്ടുകാര്‍ പൊട്ടിച്ച ഗുണ്ടിന്റെ പ്രകമ്പനത്തില്‍ നടുങ്ങി വധു; അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ട യുവതി ബോധം കെട്ട് വീണു; കല്യാണ ആഘോഷം പുലിവാലായപ്പോള്‍

വിവാഹം ആഘോഷമാക്കാന്‍ റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്

Update: 2026-03-16 05:26 GMT

കൊച്ചി: വിവാഹ ആഘോഷങ്ങള്‍ പുലിവാലാകുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ സദ്യയില്‍ പപ്പടം ഇല്ലാത്തതിന്റെ പേരില്‍ ചിക്കന്‍കാല് കിട്ടാത്തതിന്റെ പേരിലും കൂട്ടത്തല്ല് കേരളത്തില്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വീണ്ടും കേരളത്തില്‍ ആവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. കൊച്ചിയില്‍ ഒരു വിവാഹ ആഘോഷം അതിരുവിട്ടു.

വിവാഹദിനം ആഘോഷമാക്കാന്‍ സുഹൃത്തുക്കള്‍ ഒരുക്കിയ വെടിക്കെട്ടിന്റെ ആഘാതത്തില്‍ വധു ബോധം കെട്ടുവീണു സംഭവമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ട് കൊച്ചി മരടിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനിടെയാണ് സംഭവം. കൂട്ടുകാര്‍ പൊട്ടിച്ച ഗുണ്ടിന്റെ പ്രകമ്പനത്തിലും ശബ്ദത്തിലും പകച്ചുപോയ വധു തളര്‍ന്നു വീഴുകയായിരുന്നു.

വൈറ്റില സ്വദേശിനിയായ വധുവും വരനും വേദിയിലേക്ക് എത്തിയതിനൊപ്പം ആയിരുന്നു വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ചത്. അപ്രതീക്ഷിതമായി വലിയ ശബ്ദം കേട്ട യുവതി തളര്‍ന്നുവീഴുകയായിരുന്നു. വധുവിനെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 7.30 ഓടെയാണ് വധുവിനെയും കൊണ്ട് വിവാഹ സംഘം ആശുപത്രിയിലെത്തിയത്.

അടിയന്തര ശുശ്രൂഷകള്‍ നല്‍കിയതോടെ ശാരീരിക അസ്വസ്ഥതകള്‍ മാറി യുവതി ബോധം വീണ്ടെടുത്തു. വൈകാതെ തന്നെ തിരികെ വിവാഹ ഹാളിലേക്ക് മടങ്ങി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Tags:    

Similar News