105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നു; ഒപ്പം കനത്ത മഴയും; ആറു വിമാനത്താവളങ്ങള്‍ അടച്ചു; രണ്ടായിരത്തോളം സര്‍വ്വീസും റദ്ദാക്കി; ഫ്‌ളോറിഡയെ വിറപ്പിച്ച് മില്‍ട്ടണ്‍; മരണ സംഖ്യയില്‍ വ്യക്തതയില്ല
ഫ്‌ളോറിഡ: അതിതീവ്ര ചുഴലിക്കാറ്റായ മില്‍ട്ടണ്‍ കരതൊട്ടതിനെ തടര്‍ന്ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടം. നിരവധി പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 20 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ വ്യാപകമായി നാശനഷ്ടമുണ്ടായി. ഹാര്‍ഡി കൗണ്ടിയിലും അയല്‍പ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുമ്പ് തന്നെ 125ലേറെ വീടുകള്‍ നശിച്ചിരുന്നു.
അവയില്‍ പലതും മുതിര്‍ന്ന പൗരന്‍മാര്‍ താമസിക്കുന്ന ഇടങ്ങളാണ്. ഉഷ്ണമേഖലാ-കൊടുങ്കാറ്റ് കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്‌ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തേ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കഴിഞ്ഞ മാസം അവസാനം അമേരിക്കയില്‍ ഹെലന്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയിരുന്നു.
ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് മരിച്ചത്. ഫ്‌ളോറിഡ മുതല്‍ വിര്‍ജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും ഇത് കാരണമായിരുന്നു.
അതിനിടെ മില്‍ട്ടന്‍ ചുഴലിക്കാറ്റ് ആഞ്ഞടി്ച്ചതിനെ തുടര്‍ന്ന് ഫ്ളോറിഡയിലെ തംബാബേയിലെ ബേസ് ബോള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണതായി റി്പ്പോര്‍ട്ടുണ്ട്. കൊടുങ്കാറ്റില്‍ നിന്ന് രക്ഷ നേടുന്നതിനായി നിരവധി പേര്‍ ഇതിനുളളിലാണ് താമസിച്ചിരുന്നത്.