ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആ എട്ടു മണിക്കൂര്‍ മണിയന്‍ പിള്ള രാജു ഒളിവില്‍ പോയി? നടന്റെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായത് 'രക്ഷിക്കാന്‍' ശ്രമിച്ച മ്യൂസിയം പോലീസ്; അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും; വീണ്ടും 'ധിം തരികിട തോം'!

Update: 2026-02-07 02:29 GMT

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടക്കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണം ഇന്നു മുതല്‍ തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സ്‌പെഷല്‍ ബ്രാഞ്ചിന്റെ സഹായവും തേടും.

അപകടം നടന്ന വ്യാഴാഴ്ച രാത്രി തന്നെ രാജുവിന്റെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ മടങ്ങിയെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വിശദീകരണം. എന്നാല്‍, പൊലീസ് തന്നെ കണ്ടിരുന്നുവെന്നും ആരോഗ്യസ്ഥിതി മോശമായതിനാലാണ് രാവിലെ സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചതെന്നും രാജു വെളിപ്പെടുത്തിയത് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. മണിയന്‍ പിള്ള രാജു അഭിനയിച്ച ധിം തരികിട തോം എന്ന സിനിമ പോലെയാണ് പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. രാജുവിനെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മ്യൂസിയം പോലീസിന് പണി കിട്ടാന്‍ സാധ്യത ഏറെയാണ്.

അപകടം നടന്ന് 12 മണിക്കൂറിനു ശേഷം മാത്രം വൈദ്യപരിശോധന നടത്തിയത് മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള സാധ്യത ഇല്ലാതാക്കാനാണെന്ന് ആക്ഷേപമുണ്ട്. ഇതിനിടെയാണ് മണിയന്‍പിള്ളയുടെ മൊഴി പോലീസിനെ വെട്ടിലാക്കുന്നത്. ഭരണപക്ഷത്ത് സ്വാധീനമുള്ള പ്രവാസി വ്യവസായി രാജുവിന് വേണ്ടി ഇടപെടല്‍ നടത്തിയെന്നാണ് സൂചന. അപകടം കണ്ടയുടന്‍ സുഹൃത്തായ ശാസ്തമംഗലം മോഹന്‍, രാജുവിനെ വിളിച്ചു. തനിക്ക് ഭയമുണ്ടെന്ന് പറഞ്ഞ് രാജു ഓടിച്ചു പോയി എന്നാണ് ശാസ്തമംഗലം മോഹന്‍ പറയുന്നത്. പോലീസ് ആസ്ഥാനത്തിന് മുന്നിലാണ് സംഭവം. അതുകൊണ്ടു തന്നെ അവിടെ ആരും നിയമം കൈയ്യിലെടുക്കാന്‍ സാധ്യതയും കുറവാണ്.

അപകടമുണ്ടാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാതെ, രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് ടെന്നിസ് ക്ലബ്ബിനു പിന്നില്‍നിന്ന് കണ്ടെടുത്തതും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണ വാഹനാപകടം ആയതിനാലാണ് രാത്രി വീട്ടില്‍ കയറി പരിശോധിക്കാതിരുന്നതെന്നാണ് മ്യൂസിയം പൊലീസിന്റെ വാദം. എന്നാല്‍, പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാതെ കടന്നുകളഞ്ഞ 'ഹിറ്റ് ആന്‍ഡ് റണ്‍' കേസില്‍ ഇത്തരമൊരു അയഞ്ഞ സമീപനം എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്.

മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള രക്തപരിശോധനാ ഫലം വരാന്‍ ഒരാഴ്ചയെടുക്കും. 2024 മുതല്‍ താന്‍ മദ്യം തൊട്ടിട്ടില്ലെന്നാണ് രാജുവിന്റെ വാദം. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ നടനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

അപകടമുണ്ടാക്കിയ വാഹനം നടന്റേതാണെന്നു തിരിച്ചറിഞ്ഞ ഉടന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സാധാരണ വാഹനാപകടക്കേസ് ആയതിനാലാണ് വീട്ടില്‍ തിക്രമിച്ചു കയറി പരിശോധന നടത്താതിരുന്നതെന്നും മണിയന്‍പിള്ള രാജു ആ സമയത്ത് ബന്ധുവീട്ടിലേക്കു മാറിയതിനാലാണ് കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കാതെ വന്നതെന്നും മ്യൂസിയം പൊലീസ് പറയുന്നു. അതായത് രാജു രാത്രിയില്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് അവകാശപ്പെടുന്നുണ്ട്.

രാത്രി തന്നെ പൊലീസ് തന്നെ കണ്ടിരുന്നുവെന്ന മണിയന്‍പിള്ള രാജുവിന്റെ വെളിപ്പെടുത്തല്‍ പൊലീസിന്റെ ഈ വാദങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. രാത്രി കസ്റ്റഡിയിലെടുക്കാതിരുന്നതിലൂടെ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന വൈകിയെന്നതാണ് പ്രധാന ആക്ഷേപം.

Tags:    

Similar News