മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനാണ് ഇതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ്; കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്ന പോലീസും; പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്; ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് താല്‍പ്പര്യമില്ല; കേസ് കോടതി കയറിയേക്കും
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ് നിലപാട് എടുക്കുമ്പോള്‍ പാരാതിയും ഡിജിപിക്ക് കിട്ടുന്നത്. ഗോപാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോണ്‍ ഹാക്ക് ചെയ്തതില്‍ ശാസ്ത്രീയ തെളിവുകളും അപൂര്‍ണമാണ്. ഗ്രൂപ്പില്‍പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചാല്‍ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. അദിലാ അബ്ദുള്ള ഐഎഎസ് ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഇത് പോലീസിന് ലഭിച്ചിട്ടില്ലെന്ന സംശയമാണ് ഈ വാദം ഉയര്‍ത്തുന്നത്. ഇതിനിടെ മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് രൂപീകരണത്തില്‍ കോണ്‍ഗ്രസ് നേതാവ് പരാതിയും നല്‍കി. പോലീസ് കേസെടുത്തില്ലെങ്കില്‍ പ്രതിപക്ഷം കോടതിയെ സമീപിക്കാന്‍ സാധ്യത ഏറെയാണ്.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഞെട്ടലായ വസ്തുതയാണ്. കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോണ്‍ ഹാക്ക് ചെയ്ത് 11 വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേര്‍ത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റ വിശദീകരണം.ഗോപാലകൃഷ്ണന്‍ ആദ്യം പരാതി കൊടുത്തില്ല. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന് അടുത്ത ദിവസം മല്ലു മുസ്ലീം ഓഫീസേഴ്‌സ് ഗ്രൂപ്പും ഗോപാലകൃഷ്ണന്‍ അഡ്മിനായി വന്നു. പിന്നാലെ അതും ഡിലീറ്റായി. ഇതിനിടെ അദിലാ അബ്ദുള്ള പരാതിയുമായി എത്തി.
ഇതോടെ ഹാക്കിംഗ് എന്ന് പറഞ്ഞ് പിന്നീട് ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വിവരങ്ങളെല്ലാം മറച്ചാണ് തന്റെ രണ്ടു ഫോണുകളും ഗോപാലകൃഷ്ണന്‍ പൊലീസിന് അന്വേഷണത്തിനായി കൈമാറിയത്. സംഭവം ഹാക്കിംഗ് അല്ലെന്ന് ആദ്യം മെറ്റ അറിയിച്ചു. പിന്നാലെ ഫോറന്‍സിക് പരിശോധനയിലും ഹാക്കിംഗ് വാദം തള്ളി. ഇതോടെയാണ് ഗോപാലകൃഷ്ണന്‍ കുരുക്കിലായത്. ഗ്രൂപ്പുണ്ടാക്കി എന്നത് മാത്രമല്ല കള്ളപരാതി നല്‍കിയെന്ന് കൂടി ചര്‍ച്ചകളിലുണ്ട്. എന്നാല്‍ കള്ളപ്പരാതിയെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കുക ഈ കേസില്‍ അസാധ്യമാണ്. അതുകൊണ്ടാണ് പോലീസ് സ്വമേധയാ കേസെടുക്കാത്തത്. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫെസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്.
മതസ്പര്‍ദ്ധയും വര്‍ഗീയതയും പടര്‍ത്താന്‍ ശ്രമിച്ചതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുക്കില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു. ഗോപാലകൃഷ്ണന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നായിരുന്നു പൊലീസ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണനെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനാണ് ഇതെന്നുമാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. പോലീസ് നിലപാടുമായി ഇത് യോജിച്ച് പോകുന്നില്ലെന്നതാണ് വസ്തുത.
മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫിസേഴ്സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും മറ്റാരോ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും മല്ലു ഹിന്ദു ഗ്രൂപ്പ് മാത്രമല്ല മുസ് ലിം ഗ്രൂപ്പ് ഉണ്ടെന്നും മറ്റുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. ആ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലിസിന്റെ അന്വേഷണം. വിശദമായ അന്വേഷണത്തില്‍ കെ. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.