ഇന്ത്യയുടെ ഓയില്‍ ഹബാകാന്‍ ഒരുങ്ങി കൊല്ലം; പര്യവേക്ഷണത്തിന് മുന്നോടിയായി സുരക്ഷാ പഠനത്തിന് ഒരുങ്ങി ഓയില്‍ ഇന്ത്യ: സ്ഥാപിക്കുന്നത് രണ്ട് പര്യവേക്ഷണ കിണറുകള്‍

ഇന്ത്യയുടെ ഓയില്‍ ഹബാകാന്‍ ഒരുങ്ങി കൊല്ലം; പര്യവേക്ഷണത്തിന് മുന്നോടിയായി സുരക്ഷാ പഠനത്തിന് ഒരുങ്ങി ഓയില്‍ ഇന്ത്യ

Update: 2024-11-29 03:50 GMT

കൊല്ലം: ഇന്ത്യയുടെ ഓഹില്‍ ഹബ്ബാകാന്‍ കൊല്ലത്തിന് കഴിയുമോ? കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ഓയില്‍ ഇന്ത്യ. ഇതിന്റെ മുന്നോടിയായി കൊല്ലം തീരത്ത് സുരക്ഷാ പഠനം നടത്താന്‍ ഒരുങ്ങുകയാണ് ഓയില്‍ ഇന്ത്യ. ആഴക്കടലില്‍ പര്യവേക്ഷണ കിണര്‍ നിര്‍മ്മിക്കാവുന്ന സുരക്ഷിതമായ സ്ഥലം കണ്ടെത്തല്‍, പര്യവേക്ഷണം നടക്കുമ്പോള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടങ്ങളും ഇവ മറികടക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചാണ് പഠനം. പഠനം പൂര്‍ത്തിയായാല്‍ ഉടന്‍ പര്യവേക്ഷണ കിണറുകള്‍ സ്ഥാപിക്കും.

നിലവില്‍ ഓയില്‍ ഇന്ത്യയ്ക്ക് പര്യവേക്ഷണത്തിന് അനുവദിച്ചിട്ടുള്ള ബ്ലോക്കുകളില്‍ മൂന്നര കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്താനാണ് ഒരുങ്ങുന്നത്. ആഴക്കടലില്‍ 850 മീറ്റര്‍ വരെ കടലിന്റെ അടിത്തട്ടിലേക്ക് സീസ്മിക് കിരണങ്ങള്‍ കടത്തിവിട്ടാകും സുരക്ഷാ പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍ കടലിന്റെ അടിത്തട്ടിന്റെ രൂപരേഖ തയ്യാറാക്കിയ ശേഷമാകും കിണര്‍ നിര്‍മ്മിക്കുക. കടലിന്റെ അടിത്തട്ടിലെ മടക്കുകള്‍ ചരിവുകള്‍, വിള്ളലുകള്‍ അടിത്തട്ടിലെ മണ്ണിന്റെ സ്വഭാവം മറ്റേതെങ്കിലും അപകട സാദ്ധ്യത തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുകളില്‍ ജിയോ ഫിസിസ്റ്റ്, സര്‍വേയര്‍, നാവിഗേറ്റര്‍ ടെക്‌നീഷ്യന്‍ തുടങ്ങിയവരടങ്ങുന്ന വിദഗ്ദ്ധ സംഘമാകും പഠനം നടത്തുക. കൊല്ലം തീരത്തിന് പുറമേ ഉടന്‍ പര്യവേക്ഷണം ആരംഭിക്കുന്ന ആന്‍ഡമാന്‍, ആന്ധ്ര എന്നിവിടങ്ങളിലും പഠനം നടക്കും.

രണ്ട് പര്യവേക്ഷണ കിണറുകള്‍ സ്ഥാപിച്ചാകും കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം നടത്തുക. കൊല്ലത്ത് വന്‍ ഓയില്‍ ശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. ദ്രാവകത്തിന് പുറമേ വാതകങ്ങളുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നുണ്ട്. ബ്ലാക്ക്‌ഫോര്‍ഡ് ഡോള്‍ഫിന്‍ ആന്‍ഡമാനില്‍കൊല്ലം തീരം, ആന്‍ഡമാന്‍, ആന്ധ്ര എന്നിവിടങ്ങളില്‍ ഇന്ധന പര്യവേക്ഷണത്തിന്റെ കരാര്‍ ഏറ്റെടുത്ത യു.കെ ആസ്ഥാനമായ ഡോള്‍ഫിന്‍ ഡ്രില്ലിംഗിന്റെ കൂറ്റന്‍ റിഗ്ഗായ ബ്ലാക്ക്‌ഫോര്‍ഡ് ഡോള്‍ഫിന്‍ ഒക്ടോബറില്‍ ആന്‍ഡമാനില്‍ എത്തിയിരുന്നു.

ഓയില്‍ ഇന്ത്യയുമായുള്ള കരാറിന്റെ തുടര്‍നടപടികളും എമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് നടപടികളും പൂര്‍ത്തിയാക്കി. തീരം കേന്ദ്രീകരിച്ച് പര്യവേക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. സുരക്ഷാ പഠനം പൂര്‍ത്തിയാകുന്നതോടെ ആന്‍ഡമാനില്‍ പര്യവേക്ഷണം ആരംഭിക്കും. അവിടെ പൂര്‍ത്തിയാകുന്നതിന് പിന്നാലെ കൊല്ലം തീരത്ത് പര്യവേക്ഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News