ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ ബ്രിട്ടന്‍ പ്രഖ്യാപിച്ച വിസ സ്‌കീമില്‍ എത്തിയ ആയിരകണക്കിന് ഹോങ്കോങ്ങുകാര്‍ സെറ്റില്‍ ചെയ്തത് ബര്‍മിങ്ങാമിന് സമീപം സോളിഹള്ളില്‍; ചെറു നഗരത്തില്‍ വീട് വില കുത്തുയര്‍ന്നത് റോക്കറ്റ് പോലെ; ബ്രിട്ടണിലെ ഹോങ്കോങിന്റെ കഥ

Update: 2025-01-05 03:26 GMT

ലണ്ടന്‍: ഹരിതാഭ നിറഞ്ഞ, ചെറു നഗരമായ സോളിഹള്ളിന് അംബരചുംബികളുടെ നഗരമായ ഹോങ്കോംഗുമായി ഒരു സാദൃശ്യവുമില്ല. ഒരുപക്ഷെ, ഈ വ്യത്യസ്തതയാകാം ഹോങ്കോംഗില്‍ നിന്നെത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇവിടം താമസസ്ഥലമായി തിരഞ്ഞെടുക്കാന്‍ തോന്നിയതിന് കാരണം. ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഹോങ്കോംഗിനെ ചൈനയുടെ പൂര്‍ണ്ണ അധികാരത്തില്‍ കൊണ്ടുവന്നപ്പോള്‍, അവിടെയുള്ളവര്‍ക്ക് ബ്രിട്ടന്‍ പ്രഖ്യാപിച്ച പ്രത്യേക വിസയില്‍ ഇവിടെ എത്തിയവരാണ് അവരില്‍ പലരും.

ഈ വിസ സ്‌കീമിന്റെ ഭാഗമായി 2021 മുതല്‍ ഹോങ്കോംഗില്‍ നിന്നും സോളിഹള്ളിലേക്ക് എത്തിയത് 4200 ല്‍ അധികം പേരാണ്. ഇവരില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്നു. സോളിഹള്ളിലെ തുറസ്സായ സ്ഥലങ്ങള്‍, ബിര്‍മ്മിംഗ്ഹാമിലെ ചൈന ടൗണിലേക്ക് അധികം ദൂരം ഇല്ലെന്ന വസ്തുത, മെച്ചപ്പെട്ട സ്‌കൂളുകളുടെ സാന്നിദ്ധ്യം ഇതെല്ലാമാണ് ഹോങ്കോംഗുകാരെ കൂട്ടത്തോടെ ഇവിടെക്കാകര്‍ഷിച്ചത്. കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടയില്‍ ബ്രിട്ടനില്‍ സ്ഥിരതാമസം ആരംഭിച്ച ഹോങ്കോംഗുകാരില്‍ വലിയൊരു പങ്കും ഈ ചെറു നഗരത്തെ തന്നെയാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലിസ് ട്രസിന്റെ മിനി ബജറ്റില്‍ തകര്‍ന്നടിഞ്ഞ ഇവിടത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൈ പിടിച്ചുയര്‍ത്തിയത് വലിയൊരു പരിധിവരെ ഹോങ്കോംഗില്‍ നിന്നും എത്തിയവരാണെന്ന് ഇവിടെയുള്ള ഒരു എജന്റ് പറയുന്നു. ഹോങ്കോംഗില്‍ നിന്നെത്തിയവര്‍ വീടുകള്‍ വാങ്ങാന്‍ തയ്യാറായതോടെയാണ് വീടുകളുടെ വില ഇവിടെ ഉയരാന്‍ തുടങ്ങിയത്. സോളിഹള്‍ മെത്തൊഡിസ്റ്റ് പള്ളിയില്‍, ഹോങ്കോംഗില്‍ നിന്നും ഈ നഗരത്തില്‍ എത്തിയവരുടെ ഒരു കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് എണ്‍പതിലധികം പേര്‍ പ്രതിവാര ഒത്തുചേരലുകളില്‍ പങ്കെടുക്കാന്‍ എത്താറുണ്ട് എന്ന് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന, മുന്‍ അദ്ധ്യാപികയായ കാത്തി കോള്‍മാന്‍ പറയുന്നു.

ഹോങ്കോംഗ് ജനനിബിഡമായ ഒരു നഗരമാണ്. അവിടെ ബാല്‍ക്കണി പോലുമില്ലാത്ത ഇടുങ്ങിയ ഫ്‌ലാറ്റുകളില്‍ ജീവിച്ചവര്‍ക്ക്, ഉദ്യാനമൊക്കെയുള്ള വീടുകളോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്ന് അവര്‍ പറയുന്നു. അതുപോലെ ധാരാളം തുറസ്സായ സ്ഥലങ്ങളും, ഹരിതാഭയും സോളിഹള്ളിന്റെ ആകര്‍ഷകശക്തി വര്‍ദ്ധിപ്പിച്ചതായും അവര്‍ പറഞ്ഞു. ഇവിടെ ഫ്‌ലാറ്റിലെ ജീവിതം പോലും ആശ്വാസപ്രദമാണ്. പുറത്ത് ധാരാളം മരങ്ങളും പച്ചപ്പുമെല്ലാമുണ്ട്, അവര്‍ പറയുന്നു.

സോളിഹള്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ഇവിടെത്ത സ്‌കൂളുകളില്‍ 1610 ഹോങ്കോംഗ് - ബ്രിട്ടീഷ് പൗരന്മാരായ വിദ്യാര്‍ത്ഥികളാണ് എന്റോള്‍ ചെയ്യപ്പെട്ടത്. ഇതു തന്നെ നഗരത്തില്‍ അവരുടെസാന്നിദ്ധ്യം എത്രമാത്രമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തും. ഇവര്‍ എത്തിയതോടെ വീടുകളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി പ്രദേശവാസികളും പറയുന്നു.

Tags:    

Similar News