മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരണം ഉപയോഗിച്ചുമാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ; മൊബൈലില്‍ ചിത്രമെടുത്ത് പെറ്റി അടിക്കുന്നത് നിയമവിരുദ്ധം; ഇടുക്കിയില്‍ ഇനി 'മൊബൈല്‍ പെറ്റി' ഇല്ല; പോലീസിന്റേത് നിയമ ലംഘനമോ?
തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തിയാലും ഇനി പിഴ ചുമത്താന്‍ കഴിയില്ല. ഖജനാവിലെ പ്രതിസന്ധി പരിഹരിക്കാന്‍ മൊബൈല്‍ ഉപയോഗിച്ച് പോലീസുകാരെ കൊണ്ട് ചിത്രം എടുപ്പിച്ച് പിഴ ഈടാക്കുന്നത് സര്‍ക്കാര്‍ തന്ത്രമായി വിലയിരുത്തിയിരുന്നു. ഇങ്ങനെ നിരവധി പേര്‍ക്ക് പിഴ കിട്ടി. എന്നാല്‍ വാഹനഗതാഗത നിയമലംഘനം സംബന്ധിച്ചു പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതു നിയമവിരുദ്ധമാണെന്നതാണ് വസ്തുത. ഇതു സംബന്ധിച്ച പരാതി ചര്‍ച്ചകളില്‍ എത്തുകായണ്.
മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരണം ഉപയോഗിച്ചുമാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ. ഇതിനു വിരുദ്ധമായി വെഹിക്കിള്‍ - പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയും ഇ-ചലാന്‍ മുഖാന്തരം പിഴചുമത്തുകയും ചെയ്യുന്നതിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയശേഷം അനധികൃത പണപ്പിരിവു നടത്തുന്നെന്നും കൈക്കൂലി വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചുകളയുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ നല്‍കിയ പരാതിയാണ് നിര്‍ണ്ണായകമാകുന്നത്. നിയമം ലംഘിച്ചു തയാറാക്കിയ ചെലാനുകള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉടന്‍ തീരുമാനം സംസ്ഥാന തലത്തില്‍ വന്നേക്കും. അതിനിടെ മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്ന് നിലവില്‍ ഇടുക്കി ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും ഇടുക്കി സബ്ഡിവിഷന്‍ പോലീസ് കാര്യാലയത്തില്‍നിന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ നിര്‍ദേശം എല്ലാ ജില്ലകളിലും നല്‍കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോടതിയേയും സമീപിച്ചേക്കും.
മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ച് സ്പീഡ് കാമറ, ഡാഷ്ബോര്‍ഡ് കാമറ, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എഎന്‍പിആര്‍), വെയിംഗ് മെഷീന്‍ എന്നിവയടക്കം സംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളില്‍കൂടി മാത്രമാകണം ഗതാഗതലംഘനങ്ങള്‍ കണ്ടെത്തേണ്ടത്.
ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി തീര്‍ന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. എല്ലാത്തരം മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കും ഇ-ചെല്ലാന്‍ സംവിധാനം മുഖേന ചെല്ലാന്‍ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് എംവിഡി അറിയിച്ചിരുന്നു. അതേസമയം ഏതെങ്കിലും കാരണവശാല്‍ സാധുതയുള്ള രേഖകള്‍ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ രേഖ ഹാജരാക്കിയാല്‍ പിഴ ഒഴിവാക്കി കൊടുക്കുന്നതാണെന്നും എംവിഡി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ തരത്തിലെ റിപ്പോര്‍ട്ടും എത്തുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ മാത്രമാണ് നിയമ വിരുദ്ധമാകുകയെന്നാണ് പരാതിക്കാരും പറയുന്നത്.
എംവിഡിയുടെ പഴയ അറിയിപ്പ് ഇങ്ങനെ
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 167 എയില്‍ റോഡ് സുരക്ഷയെ നേരിട്ട് ബാധിക്കുന്ന അമിതവേഗം, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, അനധികൃത പാര്‍ക്കിംഗ്, ട്രാഫിക് സിഗ്‌നലില്‍ റെഡ് ലൈറ്റ് അവഗണിക്കുക. അമിതഭാരവും അമിത അളവുകളും ഉള്ള ചരക്കുകള്‍ വഹിക്കുക, ലെയിന്‍ നിയമങ്ങള്‍ ലംഘിക്കുക, ചരക്ക് വാഹനങ്ങളില്‍ ആളെ കയറ്റുക, നമ്പര്‍ പ്ലേറ്റ് ശരിയായി പ്രദര്‍ശിപ്പിക്കാതെ ഇരിക്കുക, എമര്‍ജന്‍സി വാഹനങ്ങളുടെ വഴി മുടക്കുക തുടങ്ങിയ 12 നിയമലംഘനങ്ങള്‍ക്ക് എ ഐ ക്യാമറകള്‍ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേന ഇ-ചെല്ലാന്‍ സംവിധാനത്തില്‍ ഓട്ടോമേറ്റ്ഡ് ചെല്ലാനുകള്‍ തയ്യാറാക്കി പിഴ ചുമത്തുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതോടൊപ്പം തന്നെ, വാഹനം തടഞ്ഞ് നിര്‍ത്തിച്ച് പരിശോധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിയമലംഘനത്തിന്റെ ചിത്രം പകര്‍ത്തി ഇ-ചെല്ലാന്‍ സംവിധാനം മുഖേന ചെല്ലാന്‍ തയ്യാറാക്കി എല്ലാത്തരം നിയമ ലംഘനങ്ങള്‍ക്കും പിഴ ചുമത്താന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 167(1), (2) പ്രകാരം എല്ലാത്തരം മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കും ഇ-ചെല്ലാന്‍ സംവിധാനം മുഖേന ചെല്ലാന്‍ തയ്യാറാക്കി പിഴ ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയിട്ടുണ്ട്.
രേഖകള്‍ സാധുതയുണ്ടായിട്ടും കേസുകള്‍ വന്നതുമൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള നിര്‍ദ്ദേശം മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ സാധുതയുള്ള രേഖകള്‍ കൈവശം ഉണ്ടായിട്ടും വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ രേഖ ഹാജരാക്കിയാല്‍ പിഴ ഒഴിവാക്കി കൊടുക്കുന്നതാണ്.
പ്രസ്തുത നിര്‍ദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്ത്, വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ചെല്ലാനുകളില്‍ റൂള്‍സ് 167എയില്‍ പ്രതിപാദിക്കുന്ന 12 നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് സാധുത ഉള്ളത് എന്നും അങ്ങനെ അല്ലാതെ പിഴ ചുമത്തിയ കേസുകള്‍ റദ്ദാക്കുമെന്നും മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും എല്ലാത്തരം മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കും ഇ-ചെല്ലാന്‍ സംവിധാനം മുഖേന ചെല്ലാന്‍ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണെന്നും ഇതിനാല്‍ അറിയിക്കുന്നു.