കുടുംബബന്ധങ്ങള്‍ വളര്‍ത്താന്‍ സ്‌കോട്ടിഷ് റയിലിന്റെ സമ്മാനപദ്ധതി; ഫാമിലി ടിക്കറ്റ് എടുത്താല്‍ ഒക്ടോബര്‍ 13 മുതല്‍ 20 വരെ സ്‌കോട്‌ലന്‍ഡില്‍ ഒരു കുടുംബത്തിന് ഏഴു ദിവസം ഏത് ട്രെയിനില്‍ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം
പ്രകൃതിയിലെ അദ്ഭുത സൃഷ്ടിയാണ് കുടുംബം എന്ന സ്പാനിഷ് തത്ത്വചിന്തകനായ ജോര്‍ജ്ജ് സാന്റയാനയുടെ വാക്കുകള്‍ പിന്തുടര്‍ന്നുകൊണ്ട്, ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനു വഴിയൊരുക്കുകയാണ് സ്‌കോട്ട് റെയില്‍. പൊതുവെ യൂറോപ്പിലെ ഏറ്റവും കൂടിയ റെയില്‍ ടിക്കറ്റ് നിരക്കുകള്‍ നിലനില്‍ക്കുന്നത് യു കെയിലാണ്. ചില റൂട്ടുകളിലെ നിരക്കുകള്‍, അതേ റൂട്ടിലുള്ള വിമാന ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതലുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബമൊന്നിച്ചുള്ള യാത്ര സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായ സാഹചര്യത്തിലാണ് സ്‌കോട്ട് റെയില്‍ പുതിയ പദ്ധതിയുമായി എത്തുന്നത്.
ഈ ഒക്ടോബറില്‍ പരിധികളില്ലാത്ത ഫാമിലി പാസ്സാന് സ്‌കോട്ട് റെയില്‍ ഇറക്കിയിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലം കണക്കാക്കിയാണ് ഇത് ഇറക്കിയിരിക്കുന്നത്. 50 പൗണ്ടിന്റെ ഫാമിലി പാസ്സ് എടുത്താല്‍ രണ്ട് പ്രായപൂര്‍ത്തിയായവര്‍ക്കും നാല് കുട്ടികള്‍ക്കും തുടര്‍ച്ചയായ ഏഴ് ദിവസം പരിധിയില്ലാത്ത ട്രെയിന്‍ യാത്ര ആസ്വദിക്കാം. ഒക്ടോബര്‍ 13 നും 20 ഇടയില്‍ ഏതൊരു ദിവസവും നിങ്ങള്‍ക്ക് യാത്ര ആരംഭിക്കാം. ഈ ഫാമിലി പാസ്സുകള്‍ ഇന്നലെ മുതല്‍ വില്പന ആരംഭിച്ചിട്ടുണ്ട്.
2022 മുതല്‍ സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌കോട്ട് റെയില്‍, ഈ വര്‍ഷം, ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും ടിക്കറ്റ് നിരക്ക് വര്‍ദ്ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് വര്‍ദ്ധനയാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിട്ടുള്ളത്. ഇംഗ്ലണ്ടിലും, വെയ്ല്‍സിലും ടിക്കറ്റ് നിരക്ക് 4.6 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ സ്‌കോട്ട് റെയില്‍ വര്‍ദ്ധിപ്പിച്ചത് 3.8 ശതമാനം മാത്രമായിരുന്നു. വര്‍ദ്ധനവ് സാധ്യമായത്ര കുറഞ്ഞ നിരക്കില്‍ ആകണമെന്നുള്ള സ്‌കോട്ടിഷ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇതിനു കാരണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സ്‌കോട്ട്‌ലാന്‍ഡ് പറഞ്ഞു.
അതിനു പുറമെ മറ്റൊരു നീക്കത്തിലൂടെ സെപ്റ്റംബറില്‍ ഓഫ് - പീക്ക് ടിക്കറ്റുകള്‍ നിര്‍ത്തലാക്കി അതിനു പകരമായി കുറഞ്ഞ നിരക്കിലുള്ള എനിടൈം ഫെയേഴ്സും നടപ്പിലാക്കിയിരുന്നു. സ്‌കൂള്‍ അവധികാലം കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് ആഘോഷമാക്കുന്നതിനായിട്ടാണ് ഇപ്പോള്‍ ഫാമിലി പാസ് ഇറക്കിയിരിക്കുന്നതെന്ന് സ്‌കോട്ട് റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ജൊവാന്‍ മഗ്യുര്‍ പറഞ്ഞു.