അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റ് വില്ലനായോ? മെക്കാനിക്കല്‍ തകരാറില്ലെന്ന് സ്ഥിരീകരണം; ആ ശബ്ദം പൈലറ്റ് സുമീതിന്റേത് തന്നെ! ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് പറന്നുയര്‍ന്ന നിമിഷം; അമേരിക്കയില്‍ നടന്ന ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവരുമ്പോള്‍ നടുക്കത്തോടെ വ്യോമയാന ലോകം

അഹമ്മദാബാദ് വിമാനാപകടത്തില്‍ പൈലറ്റ് വില്ലനായോ?

Update: 2026-01-31 08:16 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം തേടിയുള്ള അന്വേഷണം ഇപ്പോഴും തുടരുമ്പോഴും ഇക്കാര്യത്തില്‍ നിരവധി വിശദീകരണങ്ങളാണ് ഇപ്പോഴും പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പന്ത്രണ്ടിനാണ് നാടിനെ നടുക്കിയ അപകടം നടന്നത്. 260 പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തിന് ഉത്തരവാദി വിമാനത്തിന്റെ പൈലറ്റാണെന്നും മനപൂര്‍വ്വം വരുത്തിയ ഒരപകടമാണ് ഇത് എന്നുമാണ്. നേരത്തേയും ഇതേ രീതിയിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

മെക്കാനിക്കല്‍ തകരാറ് വിദഗ്ദ്ധര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അട്ടിമറി സാധ്യതയുള്ള തെളിവുകളൊന്നും ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയ സ്രോതസുകള്‍ ഏതാണെന്ന കാര്യം അവര്‍ വെളിപ്പെടുത്തിയിട്ടില്ല.

അപകടത്തില്‍ പെട്ട വിമാനമായ ബോയിംഗ് 787 ഡ്രീംലൈനറിന്റെ പ്രധാന പൈലറ്റായ സുമീത് സബര്‍വാള്‍ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ലിഫ്റ്റ് ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്ക് ശേഷം 'കട്ട് ഓഫ്' ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

എന്നാല്‍ പൈലറ്റുമാരുടെ സംഘടന സബര്‍വാളിന്റെ മേല്‍ കുറ്റം ചുമത്താന്‍ നീക്കം നടക്കുന്നതായി സൂചിപ്പിച്ച് കോടതിയെ സമീപിച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ അപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഈ സമയപരിധിക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

ഡിസംബറില്‍ അന്വേഷണത്തിന്റെ അവസാന ഘട്ടങ്ങളിലൊന്ന് പൂര്‍ത്തിയായിരുന്നു. വിമാനത്തിന്റെ കോക്ക്പിറ്റും ഫ്ലൈറ്റ് ഡാറ്റയും വിശകലനം ചെയ്യുന്നതിനായി അമേരിക്കയിലേക്ക് അയച്ചിട്ടുണ്ട്. ഇന്ധന സ്വിച്ചുകള്‍ മനഃപൂര്‍വ്വം കട്ട്-ഓഫ് സ്ഥാനത്തേക്ക് നീക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് പോയിരുന്നു. സ്വിച്ചുകള്‍ ഉണ്ടാക്കുന്ന പ്രത്യേക ശബ്ദം തിരിച്ചറിയാന്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് റെക്കോര്‍ഡിംഗുകള്‍ പരിശോധിച്ചു.

എന്നാല്‍ ടേക്ക് ഓഫ് സമയത്തെ കനത്ത കോക്ക്പിറ്റ് ശബ്ദം വിശകലനത്തെ സങ്കീര്‍ണ്ണമാക്കിയതായി വിദഗ്ധര്‍ പറഞ്ഞു. സുമീതിന്റെ 91 വയസ്സുള്ള അച്ഛന്‍ പുഷ്‌കരാജ് സബര്‍വാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത് തന്റെ മകന്‍ വളരെ വൈദഗ്ധ്യമുള്ള പൈലറ്റാണെന്നും അദ്ദേഹം തന്റെ വ്യോമയാന പരീക്ഷകളില്‍ 'പതിവായി' വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. അമേരിക്കന്‍

ഉദ്യോഗസ്ഥന്‍മാര്‍ പക്ഷപാതപരമായി പെരുമാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

അപകടത്തിന്റെ മറ്റ് സാധ്യതയുള്ള കാരണങ്ങള്‍ പരിശോധിക്കാന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.38 ന് പറന്നുയരുന്നതിന് മുമ്പ് വിമാനം റണ്‍വേയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നത് വീഡിയോയില്‍ കാണാം. ക്യാപ്റ്റന്‍ സബര്‍വാളിന് 15,000-ത്തിലധികം മണിക്കൂര്‍ പറക്കല്‍ അനുഭവമുണ്ട്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് അദ്ദേഹം വിട വാങ്ങിയത്.

Tags:    

Similar News