എച്ച് ഡി എഫ് സിക്ക് 2015-ല്‍ 6.3 ശതമാനത്തിന് മസാല ബോണ്ട് ഇറക്കാനായി; ദേശീയപാത അതോറിറ്റിയും എന്‍ടിപിസിയ്ക്കും എട്ടു ശതമാനത്തില്‍ താഴെയായിരുന്നു പലിശ; കൊച്ചി മെട്രോക്ക് കിട്ടിയതും കുറഞ്ഞ നിരക്കില്‍; ലണ്ടനിലെ മണിയടിയ്ക്ക് കൊടുത്തത് 9.723 ശതമാനം പലിശ; ഖജനാവിന് നഷ്ടം 2000 കോടി; നേട്ടമുണ്ടാക്കിയത് ലാവ്‌ലിന്റെ കൂട്ടുകാരന്‍; മസാലാ ബോണ്ടില്‍ ഇഡി കണ്ടെത്തിയത് ഫെമാ ലംഘനം

Update: 2025-12-01 04:57 GMT

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് ഗുരുതര ക്രമക്കേടുകള്‍ കണ്ടതിനാല്‍. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയര്‍മാനാണ് മുഖ്യമന്ത്രി. കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. 2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമന്‍സ് അയച്ചിരുന്നു. വിദേശ ധനകാര്യ വിപണികളില്‍നിന്ന് പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യന്‍ രൂപയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത. ഡോളര്‍ അടിസ്ഥാനമാക്കി ബോണ്ട് ഇറക്കിയാല്‍ വിനിമയനിരക്കിലെ വര്‍ധന തിരച്ചടവില്‍ ബാധിക്കും. മസാല ബോണ്ടില്‍ ഈ അപകടമില്ല. കിഫ്ബി 2019-ല്‍ 2150 കോടി രൂപയാണ് മസാല ബോണ്ടിലൂടെ എടുത്തത്. അഞ്ചുവര്‍ഷത്തേക്ക് 9.723 ശതമാനം പലിശനിരക്കില്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇവ ലിസ്റ്റ് ചെയ്തിരുന്നത്. ഇവിടെ ലിസ്റ്റ് ചെയ്ത ആദ്യ സംസ്ഥാനതല സ്ഥാപനമാണ് കിഫ്ബി.

കിഫ്ബിക്ക് 2672.8 കോടി രൂപയ്ക്കുവരെ മാസാല ബോണ്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് എന്‍.ഒ.സി. നല്‍കിയിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പണം ട്രന്‍സഫര്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് അനുമതി നല്‍കിയതെന്നാണ് സൂചന. കൂടിയ പലിശ, എസ്.എന്‍.സി. ലാവ്ലിനുമായി ബന്ധമുള്ള കനേഡിയന്‍ സ്ഥാപനം ബോണ്ട് വാങ്ങി എന്നീ ആരോപണങ്ങളാണ് മസാല ബോണ്ടിനെതിരെ ഉയര്‍ന്നത്. 9.723 ശതമാനം പലിശ വിദേശ, ആഭ്യന്തര വിപണികളില്‍ ഉയര്‍ന്ന നിരക്കാണ്. എച്ച്.ഡി.എഫ്.സി.ക്ക് 2015-ല്‍ 6.3 ശതമാനത്തിന് മസാല ബോണ്ട് ഇറക്കാനായി. ദേശീയപാത അതോറിറ്റി. എന്‍.ടിപി.സി. എന്നിവയ്‌ക്കൊക്കെ എട്ടുശതമാനത്തില്‍ താഴെയായിരുന്നു പലിശ. കൊച്ചി മെട്രോക്ക് ഉള്‍പ്പെടെ വായ്പകിട്ടിയത് കുറഞ്ഞനിരക്കിലാണ്. ഇതാണ് മസാലാ ബോണ്ടിനെ വിവാദത്തിലാക്കിയത്. സംസ്ഥാനതല സ്ഥാപനം എന്നനിലയില്‍ കുറഞ്ഞ റേറ്റിങ് ആയ ബി.ബി. ആയിരുന്നു കിഫ്ബിക്ക്. റേറ്റിങ് കൂടിയ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന പലിശനിരക്കുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. മസാല ബോണ്ടിന്റെ പലിശനിരക്ക് ഡോളറില്‍ കണക്കാക്കിയാല്‍ 4.68 ശതമാനം മാത്രമേയുള്ളൂ. ആഭ്യന്തരവിപണിയില്‍ കിഫ്ബി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ വന്നത് 10.15 ശതമാനമാണെന്ന് കിഫ്ബി വിശദീകരിച്ചിരുന്നു.

എസ്.എന്‍.സി. ലാവ്ലിന്‍ എന്ന കനേഡിയന്‍ കമ്പനിയില്‍ നിക്ഷേപമുള്ള സി.ഡി.പി.ക്യു. ആണ് മസാല ബോണ്ടിന്റെ നല്ലൊരുപങ്കും വാങ്ങിയത്. ലാവ്ലിനുമായി ബന്ധപ്പെട്ട് മുമ്പുയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇതില്‍ ദുരൂഹതയുണ്ട്. സി.ഡി.പി.ക്യുവിന് ലാവ്നില്‍ മാത്രമല്ല ഇന്ത്യയില്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു കിഫ്ബിയുടെ വാദം. ആര്‍ക്കുവേണമെങ്കിലും ഈ ബോണ്ടുകള്‍ വാങ്ങാമായിരുന്നു. ഒരു സംസ്ഥാനം വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ വഴിയല്ലാതെ വായ്പയെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടിയിരുന്നു. സി.എ.ജി. റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്ന് ഇ.ഡി കോടതിയില്‍ നേരത്തെ നിലപാട് എടുത്തിരുന്നു. മസാല ബോണ്ട് പൂര്‍ണമായും നിയമപരമാണെന്നാണ് തോമസ് ഐസക്കും കിഫ്ബിയും ഇതിനോട് പ്രതികരിച്ചിരുന്നത്. ഏതായാലും 4000 കോടിയാണ് കേരളം തിരിച്ചടച്ചത്. ഇത് ഖജനവാനിന് വലിയ നഷ്ടമാകുകയും ചെയ്തു. എയര്‍ലി എക്‌സിറ്റ്, ഉയര്‍ന്ന പലിശ നിരക്ക് എന്നിവ കാരണമാണ് ഇത് സംഭവിച്ചത്.

'കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധം' കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) ഈ കണ്ടെത്തലാണ് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിതെളിക്കുന്നത്. രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കുന്നു. കേന്ദ്രത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയില്‍ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തല്‍. കിഫ്ബിയെ സര്‍ക്കാര്‍ സ്ഥാപനമായി സിഎജി കാണുമ്പോള്‍ ഒരു കോര്‍പറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) രൂപീകരിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11നാണ് കിഫ്ബി ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. 201617ലെ ബജറ്റ് പ്രസംഗത്തില്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ചു പരാമര്‍ശിച്ചത്. ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ: കിഫ്ബി ആക്ടിന്റെ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും. ഇതുവഴി സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും. നിക്ഷേപകര്‍ക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട എല്ലാ തുകയും ഓഗസ്റ്റ് മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസത്തിനു മുന്‍പ് മടക്കികൊടുക്കും. മോട്ടര്‍ വാഹന നികുതി തുടക്കത്തില്‍ 10 ശതമാനവും പിന്നീട് ഉയര്‍ത്തി 50 ശതമാനവും കിഫ്ബിക്ക് നല്‍കും. പെട്രോള്‍ സെസും കിഫ്ബിക്കായിരിക്കും. സമാഹരിക്കുന്ന നിക്ഷേപത്തിനു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി. കിഫ്ബി വഴി സമാഹരിക്കുന്ന പണം ഖജനാവില്‍ നിക്ഷേപിക്കുകയോ വകുപ്പുകള്‍ വഴി ചെലവാക്കുകയോ ചെയ്യില്ല.

ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഐഎന്‍വിഐടി), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ സാധ്യമാകുന്നത്. ഗതാഗതം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. കെ ഫോണ്‍, പെട്രോകെമിക്കല്‍ ആന്റ് ഫാര്‍മ പാര്‍ക്ക്, തീരദേശമലയോര ഹൈവേ, പവര്‍ ഹൈവേ, ലൈഫ് സയന്‍സ് പാര്‍ക്ക്, ഹെടെക് സ്‌കൂള്‍ പദ്ധതി തുടങ്ങിയവയാണ് കിഫ്ബിയുടെ പ്രധാന പദ്ധതികള്‍. കിഫ്ബി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മോട്ടര്‍ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോണ്‍, നബാര്‍ഡ് ലോണ്‍, നോര്‍ക്ക ലോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തുന്നത്.

Tags:    

Similar News