ഇടതും വലതും ചേര്‍ന്ന് ഇല്ലാതാക്കാന്‍ നോക്കി; ട്വന്റി-20യെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി; ബിജെപിക്കൊപ്പം വരുന്നതിനു പിന്നില്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശി; ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമെന്ന് സാബു ജേക്കബ്; മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്ന് രാജീവ് ചന്ദ്രശേഖര്‍; സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

Update: 2026-01-22 10:42 GMT

കൊച്ചി: സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. ട്വന്റി-20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാര്‍ജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താന്‍ ഇരിക്കവെയാണ് നിര്‍ണായക നീക്കം.

ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാര്‍ട്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ട്വന്റി 20 എന്‍ഡിഎയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ജീവിതത്തിലെ നിര്‍ണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും ആയിരുന്നു സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്. ഒറ്റക്ക് നിന്നാല്‍ ലക്ഷ്യങ്ങള്‍ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉന്‍മൂലനം ചെയ്യാന്‍ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവര്‍ക്കുള്ള മറുപടിയെന്നും സാബു ജേക്കബ് പ്രതികരിച്ചു. ഇങ്ങനെ പോയാല്‍ കേരളം തന്നെ ഇനി കാണാന്‍ കഴിയില്ല.

രാജ്യത്തെ നശിപ്പിക്കുന്ന പാര്‍ട്ടികള്‍ക്ക് എതിരെയായിരുന്നുവെന്നും എല്ലാ പാര്‍ട്ടികള്‍ക്കും എതിരെ ആയിരുന്നില്ലെന്നും സാബു പറഞ്ഞു. നശിപ്പിക്കാന്‍ ശ്രമിച്ചവരോടുള്ള വാശി ആണ് ബിജെപിക്കൊപ്പം വരുന്നതിനു പിന്നില്‍. തന്റെ ബിസിനസ്സ് അല്ല ഇന്ന് ചര്‍ച്ച ചെയ്യേണ്ടത്. ഇന്ത്യയില്‍ ഏറ്റവും വികസനമുണ്ടാക്കിയ പാര്‍ട്ടി ബിജെപിയെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാര്‍ വികസന സര്‍ക്കാര്‍ എന്ന് നേരത്തെ സാബു എം ജേക്കബ് പരാമര്‍ശിച്ചിരുന്നു. വികസന കാഴ്ചപ്പാടുള്ള സര്‍ക്കാരെന്നും വ്യക്തമാക്കിയിരുന്നു. നിലവില്‍ നാല് ഗ്രാമപഞ്ചായത്തുകള്‍ ട്വന്റി20 ഭരിക്കുന്നുണ്ട്. രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ പ്രതിപക്ഷ സ്ഥാനത്തുമുണ്ട്. 89 ജനപ്രതിനിധികളുമുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐക്കരനാട് തൂത്തുവാരിയെങ്കിലും കിഴക്കമ്പലത്ത് ട്വന്റി20ക്ക് തിരിച്ചടി നേരിട്ടു. മാത്രമല്ല, ഭരണത്തിലുണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരും ഭരണം നഷ്ടപ്പെട്ടു. തിരുവാണിയൂരില്‍ ശക്തമായ സാന്നിദ്ധ്യമാകാനും സാധിച്ചു.

ട്വന്റി20 എന്‍ഡിഎയുടെ ഭാഗമായതില്‍ സന്തോഷമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകും. സാബു എം ജേക്കബ് തൊഴില്‍ നിര്‍മാണം തുടരണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.പാര്‍ട്ടിയെ സംബന്ധിച്ച് ഒരുപാട് നിര്‍ണായകമായ തീരുമാനമാണിതെന്നും ആലോചിച്ച് കൈകൊണ്ടതാണെന്നും സാബു എം ജേക്കബ് പറഞ്ഞു.

'എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ചതും നാടുനശിപ്പിച്ചതും കണ്ട് മനംമടുത്തിട്ടാണ് രാഷ്ട്രീയത്തിലേയ്ക്ക് വന്നതും ട്വന്റി20 എന്ന പാര്‍ട്ടി രൂപീകരിച്ചതും. 14 വര്‍ഷമായി കേരളത്തിന്റെ വികസനത്തിനായി മാതൃകാപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നു. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഒറ്റയ്ക്ക് നിന്നുകഴിഞ്ഞാല്‍ അത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയുണ്ടായിരുന്നു. തകര്‍ക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി ട്വന്റി20 വളര്‍ന്നു. ഞങ്ങളെ ഇല്ലാതാക്കണമെന്ന് വിചാരിച്ചവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ കേരളത്തെ എങ്ങനെ മാറ്റിയെടുക്കുമെന്ന് കാട്ടിക്കൊടുക്കണം. അതിനായി ആലോചിച്ചെടുത്ത തീരുമാനമാണ് എന്‍ഡിഎയുടെ വികസന കാഴ്ചപ്പാടിനൊപ്പം നിന്ന് കേരളത്തെ മാറ്റിയെടുക്കുക എന്ന ദൗത്യം ഏറ്റെടുക്കുക എന്നത്'-സാബു എം ജേക്കബ് വ്യക്തമാക്കി.

Similar News