അറവുശാലയിലെ മാലിന്യത്തില്‍ നിന്ന് മുറിവുണക്കാന്‍ 'അദ്ഭുത മരുന്ന്'! ലോകത്തെ ഞെട്ടിച്ച് ശ്രീചിത്രയുടെ 'കോളിഡേം'; 17 വര്‍ഷം പഴക്കമുള്ള മുറിവും ഉണങ്ങും; കര്‍ഷകര്‍ക്കും നേട്ടം; വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മലയാളി ഗവേഷകര്‍!
ലോകത്തെ ഞെട്ടിച്ച് ശ്രീചിത്രയുടെ 'കോളിഡേം'
തിരുവനന്തപുരം: വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത് വ്യവസായ പങ്കാളികളുടെ സഹകരണത്തോടെ അവ വാണിജ്യവത്ക്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. ചിത്ര ഹാര്‍ട്ട് വാല്‍വ്, ചിത്ര ബ്ലഡ് ബാഗ് എന്നിവ ഇതിന്റെ മകുടോദാഹരണങ്ങളാണ്. ശ്രീചിത്ര 250 ഇന്ത്യന്‍ പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 90 സാങ്കേതികവിദ്യാ കൈമാറ്റങ്ങളും നടത്തി. ജൈവ ജന്യ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് സ്ഥാപനത്തിന്റെ നിലവില്‍ ഉള്ള മുഖ്യ ഗവേഷണ മേഖല ആണ്.
കോളിഡേം (Cholederm)
ഡിവിഷന്‍ ഓഫ് എക്‌സ്‌പെരിമെന്റല്‍ പാത്തോളജിയിലെ ഗവേഷകനായ പ്രൊഫൊസ്സര്‍ . ടി. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 2008 മുതല്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ചികിത്സാ സംബന്ധമായ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങള്‍ സജീവമായി നടന്നുവരുകയാണ്.
ഫാം വളര്‍ത്തു മൃഗങ്ങളുടെ പിത്താശയത്തിലെ ബാഹ്യകോശ അതിസൂക്ഷ്മ തന്മാത്രകള്‍ (Extracellular matrix) വീണ്ടെടുക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് ഇതില്‍ നിന്ന് ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ രൂപപ്പെടുത്തി. ഈ പഠനഫലങ്ങള്‍ 25-ല്‍ അധികം അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചു. 10 ഇന്ത്യന്‍ പേറ്റന്റുകള്‍ നേടാനും ഇവയ്ക്ക് സാധിച്ചു. കോളിഡേം എന്ന പേരില്‍ ഈ ഉത്പന്നം വിണിയിലെത്തിക്കാനും ശ്രീചിത്രയ്ക്ക് സാധിച്ചു. വലിയ പാടുകള്‍ അവശേഷിപ്പിക്കാതെ മുറിവുകള്‍ വേഗം ഉണക്കാന്‍ കഴിയുമെന്നതാണ് കേളിഡേമിന്റെ സവിശേഷത. ഈ കണ്ടുപിടുത്തത്തിലൂടെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രസമൂഹത്തിന്റെ അംഗീകരവും പ്രശംസയും നേടാനും ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് കഴിഞ്ഞു.
സാങ്കേതികവിദ്യാ കൈമാറ്റവും അനുമതികളും
മുറിവുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കോളിഡേം ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ 2017-ല്‍ അലികോണ്‍ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ശ്രീചിത്രയിലെ സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യുബേറ്ററായ TIMED ല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് അലികോണ്‍ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി കോളിഡേം എന്ന പേരില്‍ ഉത്പന്നം രജിസ്റ്റര്‍ ചെയ്യുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2023-ല്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ കോളിഡേമിനെ ക്ലാസ് ഡി മെഡിക്കല്‍ ഉപകരണമായി അംഗീകരിച്ചു.
കോളിഡേമിന്റെ സവിശേഷതകള്‍
1. വളര്‍ത്തുമൃഗങ്ങളുടെ പിത്താശയത്തില്‍ നിന്ന് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണം നിര്‍മ്മിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ സാങ്കേതികവിദ്യ
2. തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയും 2017-ലെ മെഡിക്കല്‍ ഡിവൈസ് ചട്ടപ്രകാരം വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ആദ്യ മൃഗ ഉറവിട ക്ലാസ് ഡി മെഡിക്കല്‍ ഡിവൈസ് ആണ് കോളിഡേം
3. അറവുശാലകളിലെ മാലിന്യത്തിന്റെ കൂട്ടത്തില്‍ വരുന്നതാണ് കശാപ്പു ചെയ്യപ്പെട്ട മൃഗങ്ങളുടെ പിത്താശയം. കോളിഡേം നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കാന്‍ കഴിയുന്നതോടെ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കും.
4. സാധാരണ അറവുശാലകളില്‍ മാലിന്യം ആയി അവശേഷിക്കുന്ന മൃഗങ്ങളുടെ പിത്താശയവും പ്രത്യേകിച്ച് മൂല്യമോ ഉപയോഗമോ ഇല്ലാതെ കുമിഞ്ഞു കൂടുമ്പോള്‍ അവയില്‍ നിന്നും സവിശേഷമായ ഒരു മൂല്യ വര്‍ദ്ധിത അസംസ്‌കൃത വസ്തു ലഭിക്കുകയും , അവയെ ഉപയോഗപ്രദമായ ഒരു മെഡിക്കല്‍ ഉപകരണമായി വികസിപ്പിച്ചു അത് വഴി കര്‍ഷകരുടെ വരുമാനം വര്‍ധിക്കുവാനും ഇടയാകുന്നു. ഇത് വഴി അറവുശാലകളില്‍ കുമിഞ്ഞു കൂടിയ മാലിന്യം ഒരു പരിധി വരെ നിര്‍മ്മാര്‍ജനം ചെയ്യുവാനും സാധിക്കുന്നു .
സാങ്കേതികവിദ്യാ കൈമാറ്റം M/s അലികോണ്‍ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ്
അലികോണ്‍ മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉത്പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത് കേരളത്തിലാണ്. നിയമപരമായ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുറിവുകളുടെ ചികിത്സയ്ക്ക് നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നമായാണ് കോളിഡേം വിപിണിയില്‍ എത്തുന്നത്. ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ചികിത്സയ്ക്കായി കോളിഡേം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ദീര്‍ഘകാലമായി ഉണങ്ങാത്ത മുറിവുകള്‍
പഴുപ്പ്, നിര്‍ജ്ജീവകോശങ്ങള്‍ മുതലായവ നീക്കം ചെയ്ത് വച്ചുകെട്ടേണ്ട മുറിവുകള്‍
പുതിയ കോശങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ബയോളജിക്കല്‍ സ്‌കഫോള്‍ഡ് ആവശ്യമായ മുറിവുകള്‍ ചികില്‍സിക്കുന്ന ഡോക്ടറിനാണ് രോഗികളെ തിരഞ്ഞെടുക്കുന്നതിനും ചികിത്സയുടെ തീരുമാനം എടുക്കുവാനുമുള്ള ചുമതല.
പൂനെയിലെ ഡി വൈ പാട്ടീല്‍ മെഡിക്കല്‍ കോളേജിലെ ത്വക് രോഗ വിഭാഗത്തിലെ ഡോ. വിശ്വജിത്ത് സിംഗ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവയ്ക്കുന്നു
'കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഞങ്ങള്‍ കോളിഡേം ഉപയോഗിക്കുന്നു. പ്രമേഹ രോഗികള്‍, കുഷ്ഠരോഗികള്‍ അടക്കമുള്ള 20-ല്‍ അധികം രോഗികളെ ഞങ്ങള്‍ ചികിത്സിച്ചു. ഇതില്‍ നാല് മാസം മുതല്‍ 17 വര്‍ഷം വരെ പഴക്കമുള്ള മുറുവുകളുള്ള രോഗികളുണ്ടായിരുന്നു. കോളിഡേം ഉപയോഗിച്ചതോടെ ഇവരുടെ മുറിവുകള്‍ ഉണങ്ങാന്‍ തുടങ്ങി. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് കോളിഡേം. കാരണം ഇത് ഏഴ് ദിവസത്തിലൊരിക്കല്‍ മാറ്റി പരിശോധിച്ചാല്‍ മതിയാകും. സാധാരണ ഡ്രെസ്സിംഗ് ദിവസവും അഴിച്ചുകെട്ടുന്നത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാകാറുണ്ട്. അള്‍സര്‍ പോലെ ഉണങ്ങാത്ത മുറിവുകള്‍ വേഗത്തില്‍ ഭേദമാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അലികോണ്‍ മെഡിക്കലിന്റെ കോളിഡേം നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.'
ദേശീയ പദ്ധതിയുമായി യോജിക്കുന്നു
വൈദ്യശാസ്ത്ര ഉപകരണനിര്‍മ്മാണ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കോളിഡേം. വികസിത ഭാരതം, ആത്മ നിര്‍ഭര്‍ ഭാരതം , മേക്ക് ഇന്‍ ഇന്ത്യ , ആയുഷ്മാന്‍ ഭാരത് തുടങ്ങി രാഷ്ട്രത്തെ സ്വയം പര്യാപ്തതയിലേക്കു നയിക്കുന്ന വിവിധ പദ്ധതികളിലേക്കു ഉള്ള ശ്രീ ചിത്രയുടെ സംഭാവന ആണ് ഈ ഉത്പന്നം . എഫ്ഡിഎ, സിഇ അടക്കമുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കോളിഡേം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ അലികോണ്‍ മെഡിക്കല്‍ ആരംഭിച്ചുകഴിഞ്ഞു.
