നടന്‍ മോഹന്‍ലാലുമായി അടുത്ത വ്യക്തിബന്ധം; നടനുമായി സാമ്പത്തിക ഇടപാടുകളുമുണ്ടെന്നും വിശ്വസിപ്പിച്ചു; 'ഇന്‍സോമ്നിയ'യുടെ പേരില്‍ പ്രവാസിയില്‍ നിന്ന് 35 ലക്ഷം തട്ടിയത് ലാഭവിഹിതം വാഗ്ദാനം ചെയ്ത്; പണം തിരികെ ആവശ്യപ്പെട്ടതോടെ ഭീഷണിയും ബ്ലാക്ക് മെയിലിംഗും; മെന്റലിസ്റ്റ് ആദിയും ജിസ് ജോയിയും കുടുങ്ങുമോ?

Update: 2026-01-23 14:52 GMT

കൊച്ചി: ഇന്‍സോമ്‌നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന പ്രവാസി മലയാളിയുടെ പരാതിയില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയിക്കുമെതിരെ കേസെടുത്ത് പൊലീസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കൊച്ചി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദര്‍ശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകന്‍ ജിസ് ജോയ് നാലാം പ്രതിയുമാണ്. നടന്‍ മോഹന്‍ലാലുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഇന്‍സോമ്‌നിയ പരിപാടിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് കൊച്ചി സ്വദേശിയില്‍ നിന്നും പണം തട്ടിയത്. ലാഭം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നാണ് പരാതി. രണ്ട് ഘട്ടമായി 35 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി പറയുന്നത്. അതേസമയം കേസുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ജിസ് ജോയി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

താന്‍ ഷോയുടെ സംവിധായകന്‍ മാത്രമെന്ന് ജിസ് ജോയ് പ്രതികരിച്ചു. 50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല. യാതൊരു കരാറും ഇയാളുമായി ഉണ്ടാക്കിയിട്ടില്ലെന്നും വാസ്തവ വിരുദ്ധമായ പരാതിയാണെന്നും ജിസ് ജോയ് പ്രതികരിച്ചു. തന്റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പറഞ്ഞു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഘട്ടമായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 35 ലക്ഷം രൂപ നല്‍കിയെന്നും തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നും കൊടുത്ത പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ബെന്നി വാഴപ്പള്ളി എന്ന സംരഭകന്‍ തട്ടിപ്പിനെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ബിസിനസ് ചെയ്യുന്ന ബെന്നി വാഴപ്പള്ളി, 2024-ല്‍ ഒരു പരിപാടിയുടെ ബുക്കിംഗുമായി ബന്ധപ്പെട്ടാണ് മെന്റലിസ്റ്റ് ആദിയെ പരിചയപ്പെടുന്നത്. തന്റെ വാക്ചാരുതയിലൂടെയും പ്രമുഖരുമായുള്ള ബന്ധം കാണിച്ചും ആദി പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തു. നടന്‍ മോഹന്‍ലാലുമായി തനിക്ക് അടുത്ത വ്യക്തിബന്ധവും സാമ്പത്തിക ഇടപാടുകളുമുണ്ടെന്ന് ആദി വിശ്വസിപ്പിച്ചു. ഇതിനായി മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തെളിവായി കാണിച്ചു. 'INSOMNIA' എന്ന പ്രോജക്റ്റില്‍ മോഹന്‍ലാലിന് പങ്കുണ്ടെന്നും ഇത് വലിയ ലാഭം നല്‍കുന്ന ഒന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി താല്‍ക്കാലിക വായ്പ ആവശ്യപ്പെട്ട ആദി, നിക്ഷേപിക്കുന്ന തുക ഉടന്‍ തിരികെ നല്‍കും, ലാഭത്തിന്റെ മൂന്നിലൊന്ന് വിഹിതം നല്‍കും, ബെന്നി വാഴപ്പള്ളിയുടെ ബ്രാന്‍ഡ് നെയിം 'Producer' ആയി ഉപയോഗിക്കാനും അതുവഴി വലിയ പ്രശസ്തി നേടിത്തരാമെന്നും വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച പരാതിക്കാരന്‍ 2025 ജൂലൈയില്‍ രണ്ട് ഘട്ടങ്ങളിലായി 35 ലക്ഷം രൂപ ആദിയുടെ അക്കൗണ്ടിലേക്ക് കൈമാറി. എന്നാല്‍ പരിപാടികള്‍ പൂര്‍ത്തിയായിട്ടും പണം തിരികെ നല്‍കാന്‍ ആദി തയ്യാറായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. 2025 ഒക്ടോബറില്‍ നടന്‍ ശങ്കറിനോടൊപ്പം മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.

'INSOMNIA' എന്ന പരിപാടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ ആദിയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പണം തിരികെ ചോദിച്ചപ്പോള്‍ ആദിയുടെ പെരുമാറ്റം മാറി. പൊലീസിലും ഉന്നത ഉദ്യോഗസ്ഥരിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നും, പരാതി നല്‍കിയാല്‍ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്നും പറഞ്ഞ് ആദി ഭീഷണിപ്പെടുത്തി. ഈ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് താന്‍ നിയമനടപടിക്ക് മുതിര്‍ന്നതെന്ന് ബെന്നി വാഴപ്പള്ളി വ്യക്തമാക്കുന്നു.

സൈക്കോളജിക്കല്‍ ട്രിക്കുകളും മാജിക്കുകളും ഉപയോഗിച്ച്, ആളുകളുടെ ചിന്തകളെ സ്വാധീനിക്കുകയും എന്റര്‍ടൈന്‍മെന്റ് ഷോ സംഘടിപ്പിക്കുകയും ചെയ്യുന്ന 'മെന്റലിസം' എന്ന കലയിലൂടെ കേരളത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് ആദര്‍ശ് കൊല്ലാടത്ത് എന്ന മെന്റലിസ്റ്റ് ആദി. ഇന്ത്യയിലും വിദേശത്തുമായി നിരവധി മെന്റലിസം ഷോകള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. സെലിബ്രിറ്റികളോടൊപ്പമുള്ള പ്രകടനങ്ങളും വിസ്മയിപ്പിക്കുന്ന വീഡിയോകളും വഴി സോഷ്യല്‍ മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഇദ്ദേഹം നേടിയെടുത്തു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരന്തരം പ്രത്യക്ഷപ്പെടാറുള്ള ഇദ്ദേഹം, ചലച്ചിത്ര മേഖലയില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടാറുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ 27 വര്‍ഷമായി ഇന്തോനേഷ്യയില്‍ ബിസിനസ് ആവശ്യമായി സ്ഥിരതാമസമാക്കിയ ഞാന്‍ 2024 കാലയളവിലാണ് ആദര്‍ശ് കൊല്ലാടത്ത്, അല്ലെങ്കില്‍ മെന്റലിസ്റ്റ് ആതി എന്ന പേരില്‍ അറിയപ്പെടുന്നയാളെ ഇന്തോനേഷ്യ കേരളസമാജത്തിന്റെ വാര്‍ഷിക ആഘോഷത്തില്‍ ഒരു പ്രോഗ്രാം ബുക്ക് ചെയ്യുന്ന സമയത് പരിചയപ്പെടുന്നത്.

അദ്ദേഹം അസാമാന്യ വാക്ചാരുതയോടെ, മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ആളായിരുന്നു.

സംസാരത്തിനിടയില്‍ പലവട്ടം, ചലച്ചിത്ര താരം ശ്രീ. മോഹന്‍ലാലുമായും സിനിമ മേഖലയിലെ മറ്റ് പ്രമുഖരുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം എന്നോട് പറയാറുണ്ടായിരുന്നു. അതിന്റെ തെളിവായി, ശ്രീ. മോഹന്‍ലാലിനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ചേര്‍ന്ന് ഇടപെടുന്ന വീഡിയോകളും ഫോട്ടോകളും, കൂടാതെ സിനിമ മേഖലയിലെ മറ്റു പല പ്രമുഖരോടൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം അദ്ദേഹം എനിക്ക് കാണിക്കുകയും ചെയ്തു.

ശ്രീ. മോഹന്‍ലാലുമായി വെറും ഒരു പരിചയം മാത്രമല്ലെന്നും, വ്യക്തിപരവും സാമ്പത്തികവുമായ ബന്ധമാണെന്നും, സിനിമയുമായി ബന്ധപ്പെട്ട പല വലിയ കാര്യങ്ങളിലും തനിക്ക് സ്വാധീനം ഉണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സംസാര ശൈലിയും, ആത്മവിശ്വാസത്തോടെ പേരുകള്‍ പറയുന്ന രീതിയും, സോഷ്യല്‍ മീഡിയയില്‍ കാണുന്ന പോസ്റ്റുകളും എല്ലാം കൂടി നോക്കുമ്പോള്‍, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമായിരിക്കുമെന്ന വിശ്വാസം എനിക്ക് സ്വാഭാവികമായി ഉണ്ടായി.

ഇതിനുശേഷമാണ് അദ്ദേഹം 'INSOMNIA' എന്ന പേരില്‍ കേരളത്തിലുടനീളം നടത്താന്‍ ഉദ്ദേശിക്കുന്ന ഒരു വലിയ പരിപാടിയെക്കുറിച്ച് എന്നോട് വിശദമായി പറയുന്നത്. ഇത് ഒരു സാധാരണ ഷോ അല്ലെന്നും, വലിയ രീതിയില്‍ പ്ലാന്‍ ചെയ്ത ഒരു പ്രോജക്റ്റാണെന്നും, സിനിമ മേഖലയിലെ വലിയ ആളുകള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച്, ശ്രീ. മോഹന്‍ലാലിന്റെ പേര് അദ്ദേഹം പലവട്ടം എടുത്തുപറഞ്ഞു, ഇതുവഴി ഈ പ്രോജക്റ്റിന് വലിയ വിശ്വാസ്യതയും ശക്തമായ പിന്തുണയും ഉണ്ടെന്ന തോന്നല്‍ എനിക്ക് ഉണ്ടാക്കി.

സംസാരത്തിന്റെ തുടര്‍ച്ചയായി, പരിപാടിയുടെ ഒരുക്കങ്ങള്‍, ഹാളുകള്‍, ടെക്‌നിക്കല്‍ ടീമുകള്‍, പ്രമോഷന്‍, യാത്ര, താമസം തുടങ്ങിയ കാര്യങ്ങള്‍ക്കായി പെട്ടെന്ന് വലിയൊരു തുക പണം ആവശ്യമാണ് എന്നും, അത് താല്‍ക്കാലികമായി വായ്പയായി നല്‍കിയാല്‍, പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പരിപാടി വലിയ വിജയമാകുമെന്നും, അതില്‍ നിന്ന് കിട്ടുന്ന ലാഭവിഹിതത്തില്‍ നിന്നും മൂന്നിലൊരു വീതം നല്‍കാമെന്നും , കൂടെ 2026 ലെ മുഴുവന്‍ പ്രോഗ്രാമുകളും എനിക്ക് നല്‍കാമെന്ന് വാക്ക് പറയുകയും ചെയ്തു.

ഇതോടൊപ്പം തന്നെ, ഈ പരിപാടിയില്‍ എന്റെ ബ്രാന്‍ഡ് നെയിം 'Producer' ആയി ഉപയോഗിച്ചാല്‍,

• പരിപാടിക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടാകും

• എന്റെ ബ്രാന്‍ഡിന് വലിയ reach ലഭിക്കും

• മീഡിയ കവറേജും പബ്ലിസിറ്റിയും കൂടും

• ഭാവിയില്‍ എന്റെ ബ്രാന്‍ഡിന് വലിയ ഗുണമുണ്ടാകും

എന്നിങ്ങനെ അദ്ദേഹം വാഗ്ദാനം ചെയ്തു

ആദ്യം ഞാന്‍ ഇതില്‍ അത്ര താല്‍പ്പര്യം കാണിച്ചില്ല. കാരണം, എന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് എനിക്ക് തോന്നി. എന്നാല്‍ അദ്ദേഹം,

''ഇന്തോനേഷ്യയില്‍ മലയാള സിനിമയുടെ ഡിസ്ട്രിബൂഷന്‍ എടുക്കാന്‍ എനിക്ക് പ്ലാന്‍ ഉള്ള നിലക്ക് ഇത് നിങ്ങളുടെ ബ്രാന്‍ഡിന് ഒരു golden opportunity ആണ്

എന്നിങ്ങനെ പറഞ്ഞ്, തുടര്‍ച്ചയായി എന്നെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചു.

ഇങ്ങനെ പല ദിവസങ്ങളായി ആവര്‍ത്തിച്ച് പറഞ്ഞ്, എന്റെ വിശ്വാസവും സൗഹൃദവും ഉപയോഗിച്ചാണ് അദ്ദേഹം എന്നെ സമ്മതിപ്പിച്ചത്.

അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമായിരിക്കുമെന്ന വിശ്വാസത്തിലും, വലിയ ആളുകളുടെ പേരുകള്‍ പറഞ്ഞുണ്ടാക്കിയ ആത്മവിശ്വാസത്തിലും, ഒടുവില്‍ ഞാന്‍ എന്റെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാന്‍ സമ്മതിക്കുകയായിരുന്നു.

• 03.07.2025-ന് 23,00,058/-

• 15.07.2025-ന് 12,00,058/-

എന്നിങ്ങനെ ആകെ 35,00,000/- അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു.

ഈ പണം നല്‍കുമ്പോള്‍, ഇതൊരു ചതിയാണെന്നോ, പണം തിരികെ കിട്ടില്ലെന്നോ ഒരു സംശയം പോലും എനിക്ക് ഉണ്ടായിരുന്നില്ല. കാരണം, അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളും, പ്രോജക്റ്റിന്റെ വിശ്വാസ്യതയും, എന്റെ ബ്രാന്‍ഡ് ഉപയോഗിക്കുന്നതുമെല്ലാം ഞാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു.

പിന്നീട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ ജില്ലകളിലായി പ്രസ്തുത പരിപാടികള്‍ നടന്നു. എന്നാല്‍, പരിപാടികള്‍ കഴിഞ്ഞിട്ടും അദ്ദേഹം പറഞ്ഞതുപോലെ ഒരു രൂപ പോലും എനിക്ക് തിരികെ ലഭിച്ചില്ല.

ആദ്യത്തില്‍ ഞാന്‍ വളരെ സാവധാനമായി പണം തിരികെ ചോദിച്ചു. അപ്പോള്‍ അദ്ദേഹം,

''ഇപ്പോള്‍ അല്പം delay ഉണ്ട്'',

''അടുത്ത ആഴ്ച തീര്‍ക്കാം'',

''accounts settle ചെയ്യുകയാണ്''

എന്നിങ്ങനെ പറഞ്ഞ് വിഷയം മാറ്റിക്കൊണ്ടിരുന്നു.

ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍, അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന നിലപാടാണ് സ്വീകരിച്ചത്.

പരിപാടിയുടെ വരവ്-ചിലവ് കണക്കുകള്‍ ചോദിച്ചപ്പോഴും, വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നില്ല.

ഇതോടെ എനിക്ക് സംശയം തോന്നിത്തുടങ്ങി.

ഈ സംശയം ഉറപ്പാക്കുന്നതിനായി, 2025 ഒക്ടോബര്‍ 29-ന് ഞാന്‍ കൂടി നിര്‍മാണ പങ്കാളിയായ സിനിമയുടെ പ്രചരണാര്‍ത്ഥം ഞാനും ആക്ടര്‍ ശങ്കറും കൂടി ശ്രീ. മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോള്‍ ഈ വിഷയവും സംസാരിക്കുകയുണ്ടായി.

അപ്പോള്‍ അദ്ദേഹം വളരെ വ്യക്തമായി, 'INSOMNIA' എന്ന പരിപാടിയുമായി തനിക്കൊരുവിധ സാമ്പത്തികയോ പ്രൊഫഷണലായോ ബന്ധമില്ല എന്നും, തന്റെ പേര് ഉപയോഗിക്കാന്‍ താന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. അപ്പോഴാണ്, പ്രമുഖ വ്യക്തിയുടെ പേര് വ്യാജമായി ഉപയോഗിച്ച് എന്നെ വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്ന് എനിക്ക് വ്യക്തമായി മനസ്സിലായത്.

ഇതിന് ശേഷം, ഞാന്‍ വീണ്ടും ആദിയോട് ഞാന്‍ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം പൂര്‍ണ്ണമായും മാറി.

അദ്ദേഹം എന്നോട് വളരെ കടുപ്പത്തോടെ സംസാരിക്കുകയും,

''കേരള പോലീസിലും മറ്റ് അന്വേഷണ ഏജന്‍സികളിലും എനിക്ക് വലിയ സ്വാധീനം ഉണ്ട്; അവരുടെ പല ഇന്‍വെസ്റ്റിഗേഷന്‍സിലും ഞാന്‍ അവരെ സഹായിക്കുന്ന ആളാണ്''

എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൂടാതെ, എന്നെയും എന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സ് വഴിയായി അപകീര്‍ത്തിപ്പെടുത്തുമെന്നും, വലിയ പ്രശ്‌നങ്ങളിലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഈ ഭീഷണികള്‍ മൂലം

ഒരു സാധാരണ പൗരനായ എനിക്ക്, എന്റെ കുടുംബത്തിന്റെ സുരക്ഷയെയും, എന്റെ പേര്-മാനം നഷ്ടപ്പെടുമോ എന്നതെയും കുറിച്ച് വലിയ ആശങ്ക ഉണ്ടായി.

ഈ വിഷയത്തെ തുടര്‍ന്ന് ഞാന്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയത്.

ഇപ്പോള്‍ ഞാന്‍ പിന്നോട്ടു നോക്കുമ്പോള്‍, തുടക്കത്തില്‍ തന്നെ പണം തിരികെ നല്‍കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ, വ്യാജ അവകാശവാദങ്ങളും തെറ്റായ വാഗ്ദാനങ്ങളും നല്‍കി,

എന്റെ വിശ്വാസവും എന്റെ ബ്രാന്‍ഡ് നെയിമും ദുരുപയോഗം ചെയ്ത് ?35,00,000/- തുക കൈപ്പറ്റിയതാണെന്ന് എനിക്ക് വ്യക്തമായി മനസ്സിലാവുകയും, അതിനെ തുടര്‍ന്നാണ് ഞാന്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതും.

എന്ന് ബെന്നി വാഴപ്പള്ളി.

Tags:    

Similar News