സഞ്ജയ് ഗാന്ധി മുതല്‍ വിജയ് രൂപാണി വരെ, ഇപ്പോള്‍ അജിത് പവാറും; വിണ്ണില്‍ പൊലിഞ്ഞ രാഷ്ട്രീയ താരങ്ങള്‍! വിമാനാപകടങ്ങളില്‍ നഷ്ടമായത് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംയുക്ത സൈനിക മേധാവിയും ശാസ്ത്രജ്ഞരുമടക്കം പ്രമുഖര്‍; ഇന്ത്യയെ നടക്കിയ ആകാശദുരന്ത വാര്‍ത്തകള്‍

Update: 2026-01-28 10:51 GMT

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വിവരം ഞെട്ടലോടെയാണ് രാജ്യം ഇന്നു കേട്ടത്. പുനെയിലെ ബാരാമതിയില്‍ വെച്ച് ലാന്‍ഡ് ചെയ്യുന്നതിനിടെ, വിമാനം താഴേക്ക് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാരാമതിയില്‍ നാല് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യാന്‍ മുംബൈയില്‍ നിന്നും എത്തിയതായിരുന്നു അദ്ദേഹം. ബാരാമതി വിമാനത്താവളത്തിന് സമീപം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണ് തീപിടിച്ചത്.

വിമാന അപകടത്തില്‍ അജിത് പവാറും കൊല്ലപ്പെട്ടതോടെ, ഇന്ത്യന്‍ രാഷ്ട്രീയത്തെ കാലാകാലങ്ങളില്‍ നടുക്കിയ ആകാശദുരന്തങ്ങളുടെ ദുഃഖകരമായ ചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി ചേര്‍ന്നു. വിമാനം തകര്‍ന്നുവീണ ഓരോ സംഭവവും ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത് അധികാരത്തിലിരുന്നവരെയും ഉയര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരെയുമായിരുന്നു. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദ് വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയായിരുന്നു ഇതിലെ അവസാനത്തെ കണ്ണി. ബാരാമതി ദുരന്തത്തോടെ അജിതും അതില്‍ ചേര്‍ക്കപ്പെടുകയാണ്. രാഷ്ട്രീയ നേതാക്കളെ കൂടാതെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ക്കും വിമാനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ആണവ ശാസ്ത്ര പദ്ധതിയുടെ പിതാവായ ഹോമി ജെ ഭാഭ, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നടി സൗന്ദര്യ എന്നിവരും ഈ നിരയിലുണ്ട്.

സഞ്ജയ് ഗാന്ധി

കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിക്കുന്നതും വിമാനാപകടത്തിലാണ്. 1980 ജൂണ്‍ 23നാണ് സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഡല്‍ഹിയിലെ സഫ്ദര്‍ ജങ് വിമാനത്താവളത്തിലെ ഫ്ളൈയിങ് ക്ലബില്‍ വച്ചായിരുന്നു വിമാനാപകടം. സഞ്ജയ് ഗാന്ധിയായിരുന്നു വിമാനം പറത്തിയിരുന്നത്. രണ്ട് സീറ്റുകളുള്ള എയര്‍ക്രാഫ്റ്റ് വിമാനം പരീക്ഷണ പറക്കലിനിടെയാണ് സഫ്ദര്‍ജംഗില്‍ വെച്ച് അപകടത്തില്‍പ്പെടുന്നത്. കൊല്ലപ്പെടുമ്പോള്‍ സഞ്ചയ് ഗാന്ധിക്ക് വെറും 33 വയസായിരുന്നി പ്രായം. എയറോബാറ്റിക്സസ് പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റന്‍ സുഭാഷ് സക്സേനയും മരിച്ചു.

മാധവറാവു സിന്ധ്യ

കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30 നാണ് ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഒരു റാലിയെ അഭിസംബോധന ചെയ്യാനായി ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലേക്ക് പോകുന്നതിനിടെയാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ വച്ച് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

സിന്ധ്യയും 6 പേരും സഞ്ചരിച്ച 10സീറ്റുള്ള സി90 വിമാനം കാന്‍പുരില്‍ നിന്ന് 172 കിലോമീറ്റര്‍ അകലെ മെയിന്‍പുരി ജില്ലയിലാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയും മേഘസ്ഫോടനവുമാണ് അപകടകാരണം. 1971-ല്‍ ജനസംഘത്തിന്റെ പിന്തുണയോടെ മധ്യപ്രദേശിലെ ഗുണ പാര്‍ലമെന്ററി സീറ്റില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ചുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച സിന്ധ്യ ഒമ്പത് തവണ ലോക്‌സഭാംഗമായി. 1971 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. മകന്‍ ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. സിന്ധ്യ നിലവില്‍ കേന്ദ്ര മന്ത്രിയാണ്.

വിജയ് രൂപാണി

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട 242 പേരില്‍ ഒരാളായിരുന്നു. ടേക്ക് ഓഫിന് പിന്നാലെയാണ് എയര്‍ ഇന്ത്യബോയിംഗ് വിമാനം തകര്‍ന്ന് വീണത്. 2025 ജൂണ്‍ 12ന് അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തിലായിരുന്നു രൂപാണി കൊല്ലപ്പെട്ടത്. ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നയുര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനം തകര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണി. ബോയിംഗ് 787 ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.

വൈ.എസ്. രാജശേഖര റെഡ്ഡി

അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായിരുന്നു ആകാശ ദുരന്തത്തില്‍ മരിച്ച മറ്റൊരു പ്രമുഖന്‍. 2009 സെപ്റ്റംബര്‍ രണ്ടിനായിരുന്നു അപകടം. വൈഎസ്ആര്‍ യാത്ര ചെയ്യുകയായിരുന്ന ഹെലികോപ്റ്റര്‍ ആന്ധ്രയിലെ നല്ലമല വനമഖേലയില്‍ വച്ച് തകര്‍ന്നുവീഴുകയായിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പോലും കഴിഞ്ഞത്. ഹൈദരാബാദില്‍ നിന്ന് ചിറ്റൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വൈ എസ് ആര്‍ സഞ്ചരിച്ച ബെല്‍ 430 ഹെലികോപ്റ്റര്‍ നാലമല്ല വനത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പറന്നുയര്‍ന്ന് കുറച്ചു സമയത്തിനകം ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടിരുന്നു. 27 മണിക്കൂറിന് ശേഷമാണ് വൈ എസ് ആറിന്റെ മൃതദേഹം കണ്ടെത്തിയത്.

ജി.എം.സി. ബാലയോഗി

ലോക്‌സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ആന്ധപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് വച്ച് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. ലോക്‌സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊല്ലേരു പ്രദേശത്തുള്ള കൊവ്വടലങ്ക ഗ്രാമത്തില്‍ വച്ചായിരുന്നു അപകടം. ആകാശത്ത് വെച്ച് ഹെലികോപ്റ്ററിന് മെക്കാനിക്കല്‍ തകരാര്‍ സംഭവിച്ചതിനു പിന്നാലെ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ദോര്‍ജി ഖണ്ഡു

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രില്‍ 30നാണ് കൊല്ലപ്പെട്ടത്. തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്ക് പോവുകയായിരുന്ന ഹാന്‍സ് ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെസ്റ്റ് കാമെങ് ജില്ലയില്‍ ഹെലികോപ്റ്റര്‍ കൊടും വനപ്രദേശത്ത് തകര്‍ന്നുവീഴുകയായിരുന്നു. കാണാതായി നാലു ദിവസത്തിന് ശേഷമാണ് ചൈന അതിര്‍ത്തിയോട് ചേര്‍ന്ന ലുഗുതാങ്ങില്‍ നിന്ന് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ ദോര്‍ജി ഖണ്ഡുവിനെ കൂടാതെ മറ്റ് നാല് പേരും കൊല്ലപ്പെട്ടു. പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതാവുകയായിരുന്നു തിരച്ചിലിനൊടുവില്‍ 2011 മേയ് 4ന് അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു

സൗന്ദര്യ

മലയാളികള്‍ക്ക് സുപരിചിതയായ നടിയായിരുന്ന സൗന്ദര്യ (കെ എസ് സൗമ്യ സത്യനാരായണ) കൊല്ലപ്പെട്ടതും ഒരു ആകാശ ദുരന്തത്തിലാണ്. 2004 ഏപ്രില്‍ 17നായിരുന്നു അപകടം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്ധ്ര പ്രദേശിലെ കരിംനഗറിലേക്കു പോകുന്നതിനിടെ ബെംഗളൂരുവിനടുത്ത് ജക്കൂരില്‍ വച്ച് നടി സഞ്ചരിച്ചിരുന്നു ചെറുവിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

ഗുര്‍നാം സിങ്

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ഗുര്‍നാം സിങ് 1973 മെയ് 31 ന് ഡല്‍ഹിയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. പഞ്ചാബിന്റെ ആറാം മുഖ്യമന്ത്രിയായിരുന്ന ഗുര്‍നാം ശിരോമണി അകാലി ദളില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയായിരുന്നു. എട്ടുമാസം മാത്രമാണ് ഗുര്‍നാം മുഖ്യമന്ത്രിയായിരുന്നത്. ചെന്നൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ബോയിങ് 737 വിമാനം പാലം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ 65 യാത്രക്കാരില്‍ 48 പേരും മരിച്ചു.

ബല്‍വന്ത്‌റായ് മേത്ത

ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ബല്‍വന്ത്‌റായ് മേത്ത പദവിയിലിരിക്കെ 1965 സെപ്തംബറില്‍ വിമാനം തകര്‍ന്നാണ് മരിച്ചത്. ഇന്ത്യ പാക് യുദ്ധകാലത്ത് കച്ച് അതിര്‍ത്തിക്ക് സമീപം പാക് വ്യോമസേന ബല്‍വന്ത്‌റായ് മേത്ത സഞ്ചരിച്ച വിമാനം വെടിവച്ചിടുകയായിരുന്നു.ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു അപകടം.

ബിപിന്‍ റാവത്ത്

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ജനറല്‍ ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ 8 നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ അപകടത്തില്‍ മരിച്ചു. സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്കുള്ള യാത്രാമധ്യേ തമിഴ്‌നാട്ടിലെ കൂനൂരിനടുത്താണ് സംഭവം. അപകടത്തിന് കാരണം 'മാനുഷിക പിഴവ് ' ആണെന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ജനുവരി 1നാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റത്.

ഹോമി ജെ ഭാഭ

ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ ഹോമി ജഹാംഗീര്‍ ഭാഭ 1966 ജനുവരി 24 നാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലണ്ടനിലേക്കുള്ള യാത്രാമധ്യേ ആല്‍പ്സ് പര്‍വതനിരകളിലെ മോണ്ട് ബ്ലാങ്ക് കൊടുമുടിക്കു സമീപമുണ്ടായ വിമാനാപകടത്തിലായിരുന്നു മരണം. ജനീവ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള തെറ്റായ ആശയവിനിമയം കാരണം ഹോമി ജെ ഭാഭ സഞ്ചരിച്ച എയര്‍ ഇന്ത്യ ഫ്ലൈറ്റ് 101 സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്ട് ബ്ലാങ്കില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ഒ.പി. ജിന്‍ഡാല്‍

2005 ല്‍ വ്യവസായിയും ഹരിയാന മന്ത്രിയുമായിരുന്ന ഒ.പി. ജിന്‍ഡാലും മുന്‍ കേന്ദ്രമന്ത്രി സുരീന്ദര്‍ സിംഗും ഉത്തര്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.

ബല്‍വന്ദ് റായി മേത്ത

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ബല്‍വന്ത് റായി മേത്ത കൊല്ലപ്പെട്ടത് ഇതുപോലെ ഒരു വിമാനാപകടത്തിലാണ്. പഞ്ചായത്തീരാജിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്ന മേത്ത 1965ല്‍ ഇന്ത്യ-പാക്ക് യുദ്ധ സമയത്താണ് കൊല്ലപ്പെട്ടത്. മേത്ത സഞ്ചരിച്ച വിമാനം പാക്ക് സൈന്യം വെടിവച്ചിടുകയായിരുന്നു. വ്യോമയാന ചരിത്രം പോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രവും ആകാശദുരന്തങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. ബാരാമതിയിലെ അപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടതോടെ, വിമാനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായ പ്രമുഖരുടെ പട്ടികയില്‍ മറ്റൊരു കണ്ണി കൂടി ചേര്‍ക്കപ്പെടുന്നു. ഹോമി ജെ ഭാഭ, സഞ്ജയ് ഗാന്ധി, സൗന്ദര്യ... ആകാശ ദുരന്തങ്ങളുടെ പട്ടികയിലേക്ക് അജിത് പവാറും

Tags:    

Similar News