ബിടെക് നേടി ആദ്യം പോയത് ഗള്‍ഫില്‍; കാനഡയില്‍ എത്തി ക്വാളിറ്റി എന്‍ജീനീയറിംഗിലും ഡിപ്ലോമ നേടി; പ്രണയം വിവാഹമായപ്പോള്‍ മധുവിധു മലേഷ്യയിലും സിംഗപ്പൂരിലും; പിന്നെ അപ്രതീക്ഷിത അപകട മരണം; മല്ലപ്പള്ളിയെ കരയിച്ച് ആ നാലു പേരും ഇന്ന് മടങ്ങും; ഒരു നാട് മുഴുവന്‍ യാത്രമൊഴിയ്ക്ക്
കോന്നി : ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും ഒരുമിച്ച് വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തി. ഇനി അവര്‍ മറ്റൊരു ലോകത്തേക്കു യാത്രയാകും. ഒപ്പം ഇരുവരുടെയും പിതാക്കന്മാരും. ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ (30), ഭാര്യ മല്ലശേരി പുത്തന്‍വിള കിഴക്കേതില്‍ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജ് (51) എന്നിവര്‍ മരിച്ചത്. മൃതദേഹങ്ങള്‍ മല്ലശ്ശേരിയിലെ വീടുകളില്‍ എത്തിച്ചു. തൊട്ടടുത്ത പള്ളിയിലെ ഹാളിലാണ് പൊതുദര്‍ശനം.
നാലു പേരുടെയും സംസ്‌കാരം ഇന്ന് ഒരുമിച്ച് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തും. മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ രാവിലെ എട്ടോടെ പള്ളിയില്‍ എത്തിക്കും. 12 വരെയുള്ള പൊതുദര്‍ശനത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് സാമുവല്‍ മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാജ്ഞലി അര്‍പ്പിയ്ക്കാനെത്തും.
പള്ളിയിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയശേഷം രണ്ട് കുടുംബക്കല്ലറകളിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ബിജു പി.ജോര്‍ജിന്റെ മൃതദേഹം കല്ലറയില്‍ ഒറ്റയ്ക്ക് സംസ്‌കരിക്കും. നിഖില്‍ ഈപ്പന്‍ മത്തായി, ഭാര്യ അനു ബിജു, നിഖിലിന്റെ അച്ഛന്‍ മത്തായി ഈപ്പന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നിഖിലിന്റെ കുടുംബക്കല്ലറയില്‍ ഒരുമിച്ച് സംസ്‌കരിക്കും.
മധുവിധു ആഘോഷിച്ച് മലേഷ്യയില്‍ നിന്ന് തിരികെയെത്തുന്ന നിഖിലിനെയും അനുവിനെയും വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴി മുറിഞ്ഞകല്ലില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസില്‍ ഇടിച്ച് അപകടമുണ്ടായത്. 8 വര്‍ഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബര്‍ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനു. വിവാഹത്തിന്റെയും ഇടവക പെരുന്നാളിന്റെയും സന്തോഷം മാറും മുന്‍പാണ് കുടുംബത്തിലെ 4 മരണങ്ങളുടെ ദുഃഖ വാര്‍ത്തയെത്തിയത്.
അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിംഗപ്പൂരും മധുവിധു ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. പി ജോര്‍ജ് , മത്തായി ഈപ്പന്‍ എന്നിവര്‍ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുന്നു. നവംമ്പര്‍ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്.
മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയരുന്നു. വിദേശത്തുള്ള ബന്ധുക്കളെത്താന്‍ വേണ്ടിയായിരുന്നു സംസ്‌കാരം മാറ്റിവെച്ചത്. നവംബര്‍ 30ന് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ ബന്ധുക്കള്‍ അടക്കം തിരികെ വന്നിട്ടുണ്ട്. നിഖിലിനോടൊപ്പം കാനഡയില്‍ താമസിക്കുന്ന രണ്ട് മലയാളിസുഹൃത്തുക്കള്‍ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
മല്ലശേരി പൂത്തേതുണ്ടില്‍ വീട്ടിലെ ഷോകേസില്‍ നിഖില്‍ ഈപ്പന്‍ മത്തായിക്ക് ലഭിച്ച പുരസ്‌കാരം അടക്കമുണ്ട്. കാനഡയില്‍ നിന്ന് ക്വാളിറ്റി എന്‍ജിനീയറിംഗ് മാനേജ്‌മെന്റില്‍ ഡിപ്‌ളോമ നേടിയതിന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നിന്ന് സമ്മാനിച്ചതാണ്. ഇടവകയില്‍ യുവജന സംഘടനാ പ്രവര്‍ത്തകനായിരുന്നു നിഖില്‍. മല്ലശേരി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്‌ളസ് ടു പഠനത്തിനു ശേഷം മുസലിയാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് പാസായി.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തശേഷം മൂന്നുവര്‍ഷം മുന്‍പാണ് കാനഡയിലെ കമ്പനിയില്‍ ചേര്‍ന്നത്.പൂങ്കാവില്‍ പള്ളിയുമായി ബന്ധപ്പെട്ട എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു നിഖിലും പിതാവ് ഈപ്പന്‍ മത്തായിയും. ഈപ്പന്‍ മത്തായി ഗള്‍ഫിലെ ജോലിക്കുശേഷം എട്ടുവര്‍ഷമായി നാട്ടിലുണ്ടായിരുന്നു. നിഖലിന്റെ സഹോദരി നിത കുടുംബസമേതം ഖത്തറിലാണ്.