അടിവസ്ത്രം അടക്കം വലിച്ചു പുറത്തിട്ടിട്ടും നൂറ് രൂപ പോലും കള്ളപ്പണം പിടിച്ചെടുക്കാനായില്ല; ബഹളം കേട്ട് വാതില്‍ തുറന്ന ബിന്ദു കൃഷ്ണ; 12 മണി കഴിഞ്ഞപ്പോള്‍ വാതില്‍ തട്ടി; പിന്നെ തള്ളലായി; ബെല്ല് അടിച്ച ശേഷം മുറി തുറക്കണമെന്ന നിര്‍ദ്ദേശവും കേട്ടു; ഷാനിമോള്‍ക്കുണ്ടായത് കടുത്ത അപമാനം; ഓപ്പറേഷന്‍ 'മാങ്കൂട്ടത്തില്‍' തകരുമ്പോള്‍

Update: 2024-11-06 04:08 GMT

പാലക്കാട്: കെപിഎം റീജന്‍സിയിലെ പരിശോധന പോലീസിനുണ്ടാക്കുന്നത് തീരാ നാണക്കേട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കലും ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ല. അര്‍ദ്ധ രാത്രിയില്‍ വനിതാ പോലീസില്ലാതെ വനിതാ നേതാക്കളുടെ മുറിയിലേക്ക് പോലീസ് ഇരച്ചു കയറി. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായി. കള്ളപ്പണം ഒളിപ്പിച്ചെന്ന പേരിലായിരുന്നു മഫ്തി പൊലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവു പരിശോധനയാണെന്ന് എസിപി മാധ്യമങ്ങളോടു പറഞ്ഞു. മുറിയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു. രാവിലെ 11ന് എസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഈ സംഭവത്തില്‍ പലവിധ ഗൂഡാലോചനകള്‍ കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. വനിതാ നേതാക്കളുടെ 'മാനം' വച്ച് പോലീസ് കളിച്ചോ എന്നും സംശയം ശക്തമാണ്.

ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ എന്ന രഹസ്യ പേരിലാണ് പോലീസ് ഓപ്പറേഷന്‍ എന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അസ്വാഭാവിക നീക്കങ്ങളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം കിട്ടുന്നു. ഉന്നത തലത്തില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് കെപിഎം റീജന്‍സിയിലേക്ക് പോലീസ് ഇരച്ചെത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആ ഹോട്ടലില്‍ താമസിക്കുന്നുണ്ടായികുന്നു. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലേക്ക് മാത്രമാണ് പോലീസ് പോയത് മാധ്യമങ്ങള്‍ അടക്കം കണ്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തകരും ഇതേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് പോലീസ് നീക്കങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കാണാനായി. പിന്നീട് സിപിഎം നേതാവ് ടിവി രാജേഷിന്റെ മുറിയിലും പരിശോധിച്ചെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇതാരും കണ്ടില്ലെന്നാണ് അവിടെ ഉള്ളവര്‍ പറയുന്നത്. അതിനിടെ കെപിഎം റീജന്‍സി ഹോട്ടല്‍ പോലീസില്‍ പരാതിയും നല്‍കി. അതിക്രമിച്ച് കയറി ഹോട്ടിലന് നാശമുണ്ടാക്കി എന്നാണ് കേസ്.

സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അന്തസ്സിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തേക്കൊണ്ട് മറുപടി പറയിക്കുമെന്നും അവര്‍ പറഞ്ഞു. അനധികൃത പണം എത്തിച്ചെന്നാരോപിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പോലീസ് നടത്തിയ പരിശോധന സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

വളരെ മോശമായ കാര്യമാണു പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ''മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ട്. സ്ത്രീയെന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത്. 12 മണി കഴിഞ്ഞപ്പോഴാണ് ആരോ വാതിലില്‍ മുട്ടിയത്. അതു കഴിഞ്ഞ് വാതിലില്‍ തള്ളി. മുറിയുടെ ബെല്ലടിച്ചശേഷം മുറി തുറക്കണം എന്നാവശ്യപ്പെട്ടു. 4 പുരുഷ പൊലീസുകാര്‍ യൂണിഫോമില്‍ ഉണ്ടായിരുന്നു. നൈറ്റ് ഡ്രൈസിലായിരുന്നു താന്‍ അപ്പോഴെന്നും ഷാനിമോള്‍ പറയുന്നു.

വസ്ത്രം മാറിയശേഷം ഞാന്‍ പുറത്തുവന്നു. യൂണിഫോം ഇല്ലാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. അവര്‍ കാര്‍ഡ് കാണിച്ചില്ല. വനിതാ പൊലീസ് ശരീരപരിശോധന നടത്തി. വസ്ത്രങ്ങള്‍ അടക്കം മുഴുവന്‍ സാധനങ്ങളും എടുത്ത് വെളിയിലിട്ട് പരിശോധിച്ചു. ശുചിമുറിയിലും കിടക്കയ്ക്കുള്ളിലും പരിശോധിച്ചു. 15 ദിവസമായി താമസിക്കുന്ന മുറിയാണ്. പരിശോധിച്ചതിന്റെ വിവരങ്ങള്‍ എഴുതി തരണമെന്ന് പറഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല'' ഷാനിമോള്‍ പറഞ്ഞു. രാത്രി 12 മണിക്ക് ശേഷം വാതിലില്‍ മുട്ടിയ നടപടി കേരളാ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അത്യന്തം ഗുരുതരമായ തെറ്റാണ്. അസമയത്ത് വന്ന് മുറിയുടെ കോളിങ് ബെല്ലടിച്ചാല്‍ തുറക്കേണ്ട കാര്യമില്ല. അത്യാവശ്യമുണ്ടെങ്കില്‍ റിസപ്ഷനില്‍ നിന്ന് ഫോണില്‍ വിളിക്കാം. അതല്ല പോലീസ് ചെയ്തത്, ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

പുരുഷ പോലീസുകാരെ പറഞ്ഞുവിടുകയാണ് ചെയ്തതെന്നും പിന്നീട് വനിതാ പോലീസ് എത്തി മുറി പരിശോധിച്ചെന്നും അവര്‍ പറഞ്ഞു. മുറി പരിശോധിച്ചെങ്കില്‍ എന്ത് ലഭിച്ചു എന്ന് രേഖാമൂലം അറിയിക്കണം. തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും മാര്‍ക്കറ്റൊന്നുമല്ല ഇതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാടാണ് യൂണിഫോം ഇട്ടവരും ഇടാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണെങ്കില്‍ ഏത് ഉദ്യോഗസ്ഥരാണ് വന്നത്. അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് എവിടെ. അത് കാണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

സ്ത്രീകളെന്ന രീതിയില്‍ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ പറഞ്ഞു. '' ഉറങ്ങി കിടന്നപ്പോള്‍ മുറിക്ക് പുറത്ത് പുരുഷന്‍മാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭര്‍ത്താവുമാണു മുറിയിലുണ്ടായിരുന്നത്. പൊലീസ് മുറിയിലേക്ക് ഇരച്ചു കയറി. നാല് പെട്ടി മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവന്‍ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാന്‍ ഞാന്‍ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടിയിട്ടില്ല എന്ന് എഴുതി തരാന്‍ പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത് ''-ബിന്ദു കൃഷ്ണ പ്രതികരിച്ചു.

Tags:    

Similar News