രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് 150 നാവികസേനാ അംഗങ്ങൾ; ഐഎൻഎസ് കൊൽക്കത്തയുടെ ഗൺ സല്യൂട്ടോടെ സ്വീകരണ ചടങ്ങുകൾ; കടലിൽ അണിനിരന്ന് നാവിക സേനയുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും; കരുത്ത് കാട്ടി ശംഖുമുഖം തീരത്തെ 'ഓപ്പറേഷനൽ ഡെമോ'
തിരുവനന്തപുരം: ദേശീയ നാവികസേനാ ദിനാഘോഷങ്ങൾക്ക് തിരുവനന്തപുരത്തെ ശംഖുമുഖം കടൽത്തീരത്ത് കരുത്തുകാട്ടി ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷനൽ ഡെമോൺസ്‌ട്രേഷൻ (ഓപ് ഡെമോ 2025). പ്രധാന നാവിക താവളങ്ങൾക്ക് പുറത്ത് സേനയുടെ കരുത്ത് പ്രദർശിപ്പിക്കാനുള്ള തീരുമാനപ്രകാരമാണ് ഇത്തവണ തലസ്ഥാന നഗരിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിലെ മുഖ്യാതിഥി. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയുടെ മേൽനോട്ടത്തിലാണ് മെഗാ ഇവന്റ് നടക്കുന്നത്.
ആയിരത്തിലധികം ആളുകളാണ് ഈ വിസ്മയക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ തീരത്ത് തടിച്ചുകൂടിയത്. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. 150 നാവികസേനാ അംഗങ്ങൾ രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ഐഎൻഎസ് കൊൽക്കത്തയുടെ ഗൺ സല്യൂട്ടും സ്വീകരണ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ശംഖുമുഖത്ത് നടന്ന സേനാഭ്യാസത്തിൽ പടക്കപ്പലുകളും അന്തർവാഹിനികളും അണിനിരന്നു. നാവികസേനയുടെ കരുത്തും പ്രാഗത്ഭ്യവും വിളിച്ചോതുന്ന പ്രകടനങ്ങൾ കാണാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിരുന്നു.
കേരള ഗവർണർ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രിപിണറായി വിജയൻ എന്നിവരും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, സൈനിക പ്രമുഖർ, പ്രാദേശിക ജനങ്ങൾ എന്നിവരോടൊപ്പം പരിപാടിക്ക് സാക്ഷ്യം വഹിച്ചു. സീ കേഡറ്റ് കോർപ്‌സിന്റെ ഹോൺപൈപ്പ് നൃത്തം, സാംസ്കാരിക പ്രകടനം, കൂടാതെ നാവിക ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലുള്ള കണ്ടിന്യൂറ്റി ഡ്രിൽ എന്നിവയും കാഴ്ചക്കാരെ ആകർഷിച്ചു. ഇന്ത്യൻ നാവിക ബാൻഡിന്റെ ബീറ്റിംഗ് റിട്രീറ്റ്, കപ്പലുകൾ ദീപാലംകൃതമാക്കിയുള്ള പരമ്പരാഗത സൂര്യാസ്തമയ ചടങ്ങ് എന്നിവയോടെ പരിപാടിക്ക് സമാപനമായി.
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്താണ് ഈ ശക്തിപ്രകടനത്തിലെ പ്രധാന ആകർഷണം. ഇത് 'ആത്മനിർഭർ ഭാരത്' (സ്വയംപര്യാപ്ത ഭാരതം) എന്ന ദേശീയ ലക്ഷ്യത്തോടുള്ള നാവികസേനയുടെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുന്നു. യുദ്ധക്കപ്പലുകളിൽ നിന്നുള്ള മിസൈൽ വിക്ഷേപണത്തിന്റെ അനുകരണം, സംയോജിത യുദ്ധതന്ത്രങ്ങൾ, മറൈൻ കമാൻഡോകളുടെ സാഹസികമായ സ്ലിതറിങ് പ്രകടനം, അന്തർവാഹിനിയുടെ കടൽയാത്ര എന്നിവ കാഴ്ചക്കാർക്ക് ആവേശം പകർന്നു.
കേരളത്തിൽ ആദ്യമായാണ് നാവികാഘോഷ പരിപാടികൾക്ക് വേദിയാകുന്നത് . ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധ കപ്പലുകൾ ,ഒരു അന്തർവാഹിനി ,നാല് എസ് ഐ സികൾ, യുദ്ധവിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 32 വിമാനങ്ങളും അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുമെന്ന് നാവികസേന ദക്ഷിണ മേഖല കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന അറിയിച്ചിരുന്നു.
മിഗ്-29കെ ആണ് ഓപ്പറേഷനൽ ഡെമോൺസ്‌ട്രേഷനൈൽ മറ്റൊരു പ്രധാന ആകർഷണം. ഒരു യഥാർത്ഥ സ്വിംഗ് റോൾ വിമാനമാണ് മിഗ്-29കെ. ഇത് എയർ ഡോമിനൻസും പവർ പ്രൊജക്ഷൻ ദൗത്യങ്ങളും ഒരേസമയം ഏറ്റെടുക്കാൻ ആവശ്യമായ ശക്തി വഹിക്കുന്നു, കമാൻഡറിന് കടലിൽ മികച്ച വഴക്കം നൽകുന്നു. മിഗ് 29കെ വിമാനം ഇന്ത്യൻ നാവികസേനയ്ക്കായി പ്രത്യേകം നിർമ്മിച്ച അത്യാധുനിക എയർ ഡോമിനൻസ് ഫൈറ്ററാണ്.
1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ധീരവും നിർണായകവുമായ ആക്രമണങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും ഡിസംബർ 4 നാവികസേന ദിനമായി ആചരിക്കുന്നത്. രാജ്യത്തിനുവേണ്ടി ധീരതയും മഹത്തായ ത്യാഗവും ചെയ്ത പോരാളികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം. നാവിക പാരമ്പര്യമുള്ള സ്ഥലങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നാവികസേന ദിനാഘോഷം ന്യൂഡൽഹിക്ക് പുറത്തേക്ക് മാറ്റിയത്.
