പാലക്കാട് തിരഞ്ഞെടുപ്പിന് മുന്‍പേ പികെ ശശിയെ ലണ്ടനിലേക്ക് നാട് കടത്തുന്നു; ആഘോഷമാക്കി മാധ്യമങ്ങള്‍; കോവിഡിന് ശേഷം ബ്രിട്ടീഷ് സഞ്ചാരികള്‍ എത്താത്ത കേരളത്തിലേക്ക് ആളെ ക്ഷണിക്കാന്‍ മന്ത്രി റിയാസ് എത്തിയിട്ടും ഫലമുണ്ടായില്ല; ടൂറിസം ക്ലബുമായി എത്തിയ റിയാസിനേക്കാള്‍ മിടുക്ക് കാട്ടാന്‍ ശശിക്കാകുമോ?
പികെ ശശിയെ ലണ്ടനിലേക്ക് നാട് കടത്തുന്നു
കവന്‍ട്രി:പാര്‍ട്ടി ഫണ്ട് തിരിമറിയും സ്ത്രീ പീഡനവും അടക്കം അനാവശ്യം ഒക്കെ കേട്ടയാളാണ് സിപിഎം നേതാവും കെ ടി ഡി സി ചെയര്‍മാനുമായ പികെ ശശി. പിണറായി വിജയനും പി ശശിക്കും ഏറെ പ്രിയപ്പെട്ടവന്‍ ആണെന്ന് പേരുള്ളതിനാല്‍ എന്തൊക്കെ ആരോപണം ഉയര്‍ന്നിട്ടും തീവ്രതയുള്ള പാര്‍ട്ടി അന്വേഷണത്തില്‍ ഇക്കാലമത്രയും സുരക്ഷിതനായിരുന്നു പികെ ശശി. ഏതാനും ആഴ്ച മുന്‍പാണ് ഇദ്ദേഹത്തെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും തരം താഴ്ത്തി ബ്രാഞ്ചിലേക്ക് തള്ളിയത്. തികച്ചും അപ്രതീക്ഷിതം ആയിരുന്നു ഈ നടപടി. പിണറായിക്ക് പാലക്കാട് ജില്ലയില്‍ പിടി അയയുകയാണ് എന്ന് വരെ കേട്ടുകേള്‍വിയും സൈബര്‍ ലോകത്ത് മുഴങ്ങി. പാലക്കാട് ജില്ലയിലെ സിപിഎം സര്‍വ്വസൈന്യാധിപന്‍ ആയി കഴിഞ്ഞിരുന്ന പികെ ശശിയെ ഇപ്പോള്‍ നാട് കടത്തിയാണ് സിപിഎം സേന പാലക്കാട് ഉപ തിരഞ്ഞെടുപ്പ് യുദ്ധത്തിന് ഇറങ്ങുന്നത്. പാലക്കാട് ഒരു പോര് നടക്കുമ്പോള്‍ അവിടെ ശശി വേണ്ടേ എന്ന ചോദ്യത്തിന് വേണ്ട എന്നാണ് പാര്‍ട്ടിയുടെ ഉത്തരം. പത്തു വോട്ടെങ്കില്‍ പത്തെണ്ണം അയാള്‍ കാരണം കുറയണ്ട എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്ന സൂചനകള്‍.
പികെ ശശി നാട്ടില്‍ ഉണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ സജീവം ആകാതെ നില്കുന്നത് എതിരാളികള്‍ മുതലെടുക്കാതിരിക്കാന്‍ ശശിയെ തല്ക്കാലം നാട് കടത്താം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സിപിഎം നേതൃത്വം. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ശശിയെ കെ ടി ഡി സി ചെയര്‍മാന് സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടതാണ് പിന്നാലെയാണ് ആ പദവി ഉപയോഗിച്ച് സര്‍ക്കാര്‍ പണം മുടക്കി രണ്ടാഴ്ച നീളുന്ന വിദേശ സന്ദര്‍ശനത്തിന് അദ്ദേഹം തയാറെടുക്കുന്നത് എന്നതും വലിയ തമാശയായി മാറുകയാണ്.
പദവി നഷ്ടമായി വീട്ടിലിരിക്കേണ്ടയാള്‍ ജനങളുടെ പണമെടുത്തു വിദേശ നാടുകള്‍ കാണാന്‍ എത്തുന്ന അശുഭ കാഴ്ചയും കൂടി ശശിയുടെ കാര്യത്തില്‍ സംഭവിക്കുകയാണ്. ലണ്ടനില്‍ എത്തുന്ന ശശിക്ക് സ്വീകരണ പരിപാടികള്‍ കൂടി പാര്‍ട്ടി അനുഭാവികള്‍ തയാറാക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ പ്രസക്തമാകുകയാണ്. മുന്‍പ് സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ടൂറിസം പ്രൊമോഷന്‍ പരിപാടികളുമായി എത്താന്‍ ശശി പ്ലാന്‍ തയാറാക്കുകയൂം സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ശക്തമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ പിന്നീട് ശശി തന്നെ ആ ട്രിപ് ക്യാന്‍സല്‍ ചെയ്യുക ആയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി പൊതു ഖജനാവിലെ പണം ധൂര്‍ത്ത് അടിക്കുന്നത് ശരിയല്ല എന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശം. അതെ വിമര്‍ശം ഇന്നും പ്രസക്തം ആണെങ്കിലും ഇപ്പോള്‍ ശശിയെ നാടുകടത്തേണ്ടത് പാര്‍ട്ടിയുടെ ആവശ്യം ആയതിനാല്‍ ഏതു എതിര്‍പ്പും മറികടന്നു ശശി ലണ്ടന്‍, ഫാങ്ക്ഫര്‍ട്, മ്യുണിച്ച് എന്നിവിടങ്ങളില്‍ എത്തും എന്നുറപ്പാണ്.
അതേസമയം ശശിയുടെ നാട് കാണല്‍ പരിപാടി സംസ്ഥാന ധനവകുപ്പ് എതിര്‍ത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ ലോകത്തു ടൂറിസം പ്രൊമോഷന്‍ ഒക്കെ ചിലവ് കുറച്ചു ചെയ്യാമെന്നിരിക്കെ രാഷ്ട്രീയക്കാര്‍ ആളെ പിടിക്കാന്‍ ഊരു ചുറ്റുന്നത് ഒഴിവാക്കണം എന്നാണ് ധനവകുപ്പിന്റെ അഭ്യര്‍ത്ഥന എന്ന് ഉന്നത ഉദ്യോഗസ്ഥനറെ വാക്കുകള്‍ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. മാത്രമല്ല ഇത്തരം സന്ദര്‍ശങ്ങള്‍ പരമാവധി ഒഴിവാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം എന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഓരോ തവണയും അധിക പണം തേടി കേന്ദ്രത്തെ സമീപിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ധൂര്‍ത്തായി കേന്ദ്രം വിലയിരുത്തുമെന്നും ധനശേഷി മെച്ചപ്പെടുത്താന്‍ ചെയ്ത ക്രിയാത്മക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടി വരുമ്പോള്‍ ശശിയുടെ വിദേശ ടൂര്‍ പോലെയുള്ള കാര്യങ്ങള്‍ തിരിച്ചടി ആയി മാറുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയതും പറയപ്പെടുന്നു. സ്വന്തം പണമെടുത്തു ഇത്തരം യാത്രകള്‍ നടത്തുകയാണെങ്കില്‍ ആരോപണങ്ങള്‍ എങ്കിലും ഒഴിവാക്കാം എന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അടക്കം പറയുന്നതും. ധന മന്ത്രിക്ക് പോലും ഇത്തരം കാര്യങ്ങള്‍ വാ തുറന്നു പറയാനാകാത്ത സാഹചര്യമാണ് സംസ്ഥാനത്തു നില നിലക്കുന്നത് എന്നതും പരസ്യമാണ്.
കാരണമായി പറയുന്നത് ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട്; മന്ത്രിയും പരിവാരങ്ങളും പതിവായി എത്തിയിരുന്ന വേദി
പികെ ശശിയെ ഉപതിരഞ്ഞെടുപ്പ് കഴിയും വരെ പാലക്കാട് ജില്ലയില്‍ മാത്രമല്ല കേരളത്തിലെങ്ങും കണ്ടു പോകരുത് എന്ന പ്ലാന്‍ ആണ് സിപിഎം എടുത്തിരിക്കുന്നത്. അതിനാല്‍ അടുത്ത ആഴ്ച നടക്കുന്ന ലണ്ടനിലെ ട്രാവല്‍ മാര്‍ട്ടും കണ്ടു, പിന്നീടുള്ള ദിനങ്ങളില്‍ ജര്‍മനിയും ഒക്കെ കറങ്ങി സാവധാനം നാട്ടിലേക്ക് എത്തിയാല്‍ മതിയെന്നാണ് ശശിക്ക് ലഭിച്ച നിര്‍ദേശം . അപ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടാനുള്ള വോട്ടൊക്കെ പെട്ടിയിലും ആകും. എന്തായാലും മന്ത്രി പോകേണ്ട ചടങ്ങിലേക്ക് തന്നെ വിടുന്ന സന്തോഷം ശശിയും മറച്ചു വയ്ക്കുന്നില്ല. സാധാരണ കേരളത്തില്‍ നിന്നും ടൂറിസം മന്ത്രിയും സെക്രട്ടറിയും അടക്കം വലിയൊരു പട തന്നെ എത്തുന്നതാണ് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട്. എല്ലാ വര്‍ഷവും വഴിപാട് എന്ന നിലയില്‍ ഈ ചടങ്ങിലേക്ക് പങ്കെടുക്കാന്‍ ലക്ഷകണക്കിന് രൂപയാണ് ടുറിസം വകുപ്പ് മുടക്കുന്നത്. എന്നാല്‍ കോവിഡിന് ശേഷം കേരളത്തെ അമ്പേ കൈവിട്ട ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ഒരു പ്രചോദനവും സൃഷ്ടിക്കുന്നില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
വര്‍ഷങ്ങളായി ഒരു സ്വകാര്യ ടൂര്‍ പാക്കേജ് കമ്പനിയുടെ ലോബിയിങ് നടത്താനുള്ള വേദിയായാണ് വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിനെ കണക്കാക്കുന്നത്. കേരളത്തെ ഷോകേസ് ചെയ്യിക്കാനുള്ള വേദിയാക്കി മാറ്റേണ്ട ട്രാവല്‍ മാര്‍ട്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ കടകംപള്ളി സുരേന്ദ്രന്‍ അടക്കം ഉള്ളവര്‍ എത്തിയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഇരുന്നു കേരള രാഷ്ട്രീയം ചികയുന്ന തിരക്കിലായിരുന്നു എന്ന വിമര്‍ശവും കേട്ടിട്ടുള്ളതാണ്. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കുറവ് മൂലമാകാം പതിവായി കേരളത്തില്‍ നിന്നും എത്തുന്ന മന്ത്രി തല സംഘം ഈ വേദിയില്‍ അത്ര സജീവമാകാറുമില്ല. ഏതായാലും മന്ത്രി റിയാസ് തിരഞ്ഞെടുപ്പ് പ്രമാണിച്ചു പാലക്കാട് സജീവമാകും എന്ന സൂചന നല്‍കിയാണ് മന്ത്രി പങ്കെടുക്കേണ്ട ലണ്ടന്‍ വേദിയിലേക്ക് കെടിഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ പികെ ശശിയെ അയക്കുന്നത് എന്ന് വ്യക്തം. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം ആഘോഷമാക്കുന്നതോടെ പ്രതിപക്ഷവും ശശിയുടെ 'നാടുകടത്തല്‍ ' ഏറ്റെടുക്കും എന്നുറപ്പാണ്.
റിയാസ് ലണ്ടനില്‍ വന്നിട്ടും ബ്രിട്ടിഷ് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് മടക്കി വിളിക്കാനായില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ശശിക്ക് കഴിയുമോ എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ വരവ് ഉയര്‍ത്തുന്നത്. ട്രാവല്‍ രംഗത്തെ വിദഗ്ധരോട് കൂടിയാലോചനകള്‍ നടത്തേണ്ട വേദിയില്‍ ടൂറിസം സെക്രട്ടറിക്ക് ഇല്ലാത്ത അധികാരമോ പദവിയോ പ്രോട്ടോക്കോളോ രാഷ്ട്രീയ നിയമനം നേടിയ ചെയര്‍മാന്‍ പദവിയില്‍ ഇരിക്കുന്ന ശശിക്ക് അവകാശപ്പെടാനാകുമോ എന്നതും ചോദ്യചിഹ്നം തന്നെയാണ്. അന്താരഷ്ട്ര വേദികളില്‍ ഇത്തരം സന്ദര്‍ശങ്ങളും പ്രതിനിധി സംഘവും ഒക്കെ എത്തുമ്പോള്‍ ഉദ്യോഗസ്ഥരോ മന്ത്രിയോ പോലും ആഡംബരം ആകുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് ചെയര്‍മാന്‍ തന്നെ സര്‍ക്കാര്‍ പണം ചിലവാക്കി വിദേശ യാത്രക്ക് തയ്യാറാകുന്നത്. ആഴ്ചകളോളം നീളുന്ന സന്ദര്‍ശനത്തിന് ചിലവാക്കുന്ന പണം പോലും കടം വാങ്ങേണ്ട സാഹചര്യമുള്ള സംസഥാനത്ത് നിന്നുമാണ് വെറും രാഷ്ട്രീയ കാരണങ്ങളാല്‍ വലിയ തുക ചിലവിട്ടു പികെ ശശി ലണ്ടന്‍, ജര്‍മന്‍ സന്ദര്‍ശനം നടത്തുന്നത് എന്നത് വലിയ വിവാദങ്ങളിലേക്കും എത്തിക്കാനിടയുണ്ട്. അതിനിടെ കെടിഡിസി ചെയര്‍മാന് പദവി പോലും രാജിവയ്‌ക്കേണ്ട സാഹചര്യം ആണെന്ന് മാധ്യമ വാര്‍ത്തകള്‍ തുടരെ എത്തുന്ന സമയത്താണ് അദ്ദേഹം നീണ്ട വിദേശ സന്ദര്‍ശന പരിപാടിക്ക് തയാറാകുന്നത് എന്നതും വിരോധാഭാസമായി മാറുകയാണ്.
റിയാസ് വന്നപ്പോള്‍ മുഖമൂടിയായി ടൂറിസം ക്ലബ്, ശശിയുടെ കയ്യിലെന്താകും മാജിക്?
കോവിഡില്‍ തകര്‍ന്നു കിടക്കുന്ന വിനോദ സഞ്ചാര വകുപ്പിനെ രക്ഷിക്കാന്‍ എന്ന മുദ്രാവാക്യവുമായാണ് രണ്ടു വര്‍ഷം മുന്‍പ് മുഹമ്മദ് റിയാസ് വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിലേക്ക് വന്നത്. തെറ്റായ സമയത്തെ അനാവശ്യ യാത്രകള്‍ രാഷ്ട്രീയ വിവാദത്തിലേക്കും മാധ്യമ ശ്രദ്ധയിലേക്കും എത്തും എന്ന് മനസിലാക്കി തന്നെ ട്രാവല്‍ മാര്‍ട്ടിനൊപ്പം ലണ്ടന്‍ ടൂറിസം ക്ലബ് ഉത്ഘാടനം എന്ന പരിപാടിയും കൂടി ആവിഷ്‌കരിച്ചായിരുന്നു മന്ത്രിയുടെ വരവ്. എന്നാല്‍ ടുറിസം ക്ലബ് കേരളത്തില്‍ മന്ത്രി തന്നെ പ്രൊമോട്ട് ചെയ്തു നടക്കുന്ന കാര്യം ആണല്ലോ എന്ന് പരിപാടി സംഘടിപ്പിക്കുന്ന സ്വകാര്യ ഏജന്‍സിയോട് അന്ന് തിരക്കിയപ്പോള്‍ വിദേശത്തെ ആദ്യ ക്ലബ് ആണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം എന്നാണ് മറുപടി ആയി ലഭിച്ചത്. ആരാണ് ക്ലബിലെ അംഗങ്ങള്‍, എന്താണ് ക്ലബിന്റെ പ്രവര്‍ത്തനം, എത്ര സഞ്ചാരികളെയാണ് ക്ലബ് മുഖേനെ കേരളത്തില്‍ എത്തിക്കുക എന്ന ചോദ്യങ്ങള്‍ക്കൊന്നും അന്ന് ഉത്തരമുണ്ടായില്ല .റിയാസ് പ്രഖ്യാപിച്ച ടൂറിസം ക്ലബ് ഒക്കെ എവിടെയെന്നു ഇപ്പോള്‍ മന്ത്രി റിയാസിന് പോലും ഓര്‍മ്മയും കാണില്ല. ഇതാണ് ഓരോ ട്രാവല്‍ മാര്‍ട്ട് കഴിയുമ്പോഴും കാണാനാകുന്ന കെട്ടുകാഴ്ചകള്‍. ഇത്തവണ ശശി എത്തുമ്പോള്‍ റിയാസിന്റെ ടൂറിസം ക്ലബിനെക്കാള്‍ മികച്ചത് എന്തെങ്കിലും കയ്യില്‍ കാണുമോ എന്നാണ് ഇനി അറിയാനുള്ളത്.