കീമോ തെറാപ്പിയെക്കാള്‍ നല്ലത് നാരങ്ങാവെള്ളം; ഭക്ഷണം വായിലിട്ട് 32 തവണ ചവയ്ക്കണം; എല്ലാവരും എന്നും യോഗ ചെയ്യണം; ബ്രിട്ടനിലെ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗികളെ ഉപദേശിച്ച ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് ഡയറ്റീഷ്യന് സംഭവിച്ചത്
ലണ്ടന്‍: കീമോതെറാപ്പിയെക്കാള്‍ നല്ലത് നാരങ്ങാവെള്ളമാണെന്നും ഭക്ഷണം ഓരോ ഉരുളയും 32 തവണ ചവച്ചരച്ച് കഴിക്കണമെന്നും ഉള്‍പ്പെടെ വിചിത്രമായ ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കിയ ഇന്ത്യന്‍ വംശജയായ എന്‍എച്ച്എസ് ഡയറ്റീഷ്യന്‍ അപര്‍ണ ശ്രീവാസ്തവയെ സര്‍വീസില്‍ നിന്ന് ബ്രിട്ടണ്‍ സസ്പെന്‍ഡ് ചെയ്തു. ഹള്ളിലെ സിറ്റി ഹെല്‍ത്ത് കെയര്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഡയറ്റീഷ്യനായി ജോലി ചെയ്തിരുന്ന ഇവര്‍, ശാസ്ത്രീയ അടിത്തറയില്ലാത്ത ഉപദേശങ്ങള്‍ രോഗികള്‍ക്ക് നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രൊഫഷന്‍സ് ട്രിബ്യൂണല്‍ സര്‍വീസ് നടപടിയെടുത്തത്. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഇപ്പോള്‍ ആറ് മാസത്തേക്ക് കൂടി ഇവരുടെ സസ്പെന്‍ഷന്‍ നീട്ടിയിരിക്കുകയാണ്.
കാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിയെക്കാള്‍ ആയിരം മടങ്ങ് ഫലപ്രദമാണ് ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതെന്ന ഇവരുടെ വാദം സഹപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചു. പഞ്ചസാര ഒഴിവാക്കിയാല്‍ കാന്‍സര്‍ കോശങ്ങള്‍ താനേ നശിക്കുമെന്നും പ്രതിദിനം മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കഴിക്കുന്നത് രോഗത്തെ അകറ്റിനിര്‍ത്തുമെന്നും ഇവര്‍ അവകാശപ്പെട്ടു. ഒരു സഹപ്രവര്‍ത്തകയ്ക്ക് അയച്ച ഇമെയിലിലൂടെയാണ് ഇവരുടെ ഇത്തരം വിചിത്രമായ നിലപാടുകള്‍ പുറംലോകമറിഞ്ഞത്. എന്നാല്‍ താന്‍ തെറ്റായ പ്രചാരണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഇത് അയച്ചതെന്ന അപര്‍ണയുടെ വാദം ട്രിബ്യൂണല്‍ തള്ളി.
രോഗികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പലതും അവരുടെ ആരോഗ്യത്തിന് ഹാനികരമാകുന്നവയായിരുന്നു. 91 വയസ്സുള്ള കാന്‍സര്‍ രോഗിയോട് സഹജ യോഗ ചെയ്യാന്‍ നിര്‍ദേശിച്ചതും, സീലിയാക് ഡിസീസ് ഉള്ള രോഗിയോട് ഗ്ലൂട്ടന്‍ അടങ്ങിയ ബാര്‍ലി കഴിക്കാന്‍ പറഞ്ഞതും ഗുരുതരമായ വീഴ്ചയായി പാനല്‍ വിലയിരുത്തി. ചെറുചൂടുള്ള വെള്ളം കുടിക്കാനും ഓരോ വായ ഭക്ഷണവും കൃത്യം 32 തവണ ചവയ്ക്കാനും ഇവര്‍ കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മരുന്നുകള്‍ക്ക് പകരം പ്രത്യേക ബ്രാന്‍ഡിലുള്ള ആപ്പിള്‍ സിഡെര്‍ വിനാഗിരിയും ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കുക്കീസും കഴിക്കാന്‍ നിര്‍ദേശിച്ചതും അധികൃതരെ ചൊടിപ്പിച്ചു.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനെന്ന പേരില്‍ ക്ലാസിക് എഫ്എം റേഡിയോ കേള്‍ക്കാനും ഇന്ത്യന്‍ പുല്ലാങ്കുഴല്‍ സംഗീതം ആസ്വദിക്കാനും ഇവര്‍ രോഗികളോട് നിര്‍ദേശിച്ചിരുന്നു. സംഗീതം കേള്‍ക്കുന്നത് നല്ലതാണെങ്കിലും, ശാസ്ത്രീയമായ ചികിത്സാ രീതികള്‍ക്ക് പകരം ഇത്തരം കാര്യങ്ങള്‍ നിര്‍ദേശിക്കുന്നത് പ്രൊഫഷണല്‍ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. മതിയായ ക്ലിനിക്കല്‍ തെളിവുകളില്ലാതെ രോഗികളെ തെറ്റായ വഴിക്ക് നയിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും പാനല്‍ കണ്ടെത്തി.
രണ്ട് വര്‍ഷത്തെ പരിശീലന നിയന്ത്രണങ്ങള്‍ക്ക് ശേഷവും അപര്‍ണയുടെ പ്രവൃത്തികളില്‍ മാറ്റമില്ലെന്ന് കണ്ടതോടെയാണ് കര്‍ശനമായ സസ്പെന്‍ഷന്‍ നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയത്. നിലവില്‍ ഇവരുടെ പ്രൊഫഷണല്‍ യോഗ്യതയും കഴിവും പുനഃപരിശോധനയിലാണ്. രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്നും, മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇത്തരം ചികിത്സാ രീതികള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും എന്‍എച്ച്എസ് വ്യക്തമാക്കി. അപര്‍ണ ശ്രീവാസ്തവയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഡയറ്റീഷ്യന്‍ എന്ന നിലയിലുള്ള അവരുടെ കരിയറിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
