'ഐ.എൻ.എസ് വിക്രാന്തിന്റെ പേര് കേട്ട് മാത്രം പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെട്ടു'; രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പലിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറലായി വീഡിയോ

Update: 2025-10-20 15:27 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനാ അംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ. ഗോവ, കാർവാർ തീരങ്ങളിൽ സായുധ സേനാ അംഗങ്ങളോടൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ഈ വേളയിൽ, ഐ.എൻ.എസ്. വിക്രാന്തിന്റെ സാന്നിധ്യം പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എൻ.എസ്. വിക്രാന്തിൽ നാവികസേനാ അംഗങ്ങളെ അഭിസംബോധന ചെയ്യവെ ഇന്ത്യൻ നാവികസേനയുടെ ശക്തിയും ജാഗ്രതയുമടങ്ങിയ പാരമ്പര്യത്തെയും ധീരതയെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു. 'ഐ.എൻ.എസ് വിക്രാന്തിന്റെ പേര് കേട്ട് മാത്രം പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെട്ടു. അതിന്റെ പേര് കേട്ട് ശത്രുക്കളുടെ ധൈര്യം കുറഞ്ഞെങ്കിൽ, അതാണ് ഐ.എൻ.എസ്. വിക്രാന്ത്...' പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ഈ വിമാനവാഹിനി കപ്പൽ, ഇന്ത്യയുടെ സമുദ്രശക്തിയുടെയും അഭിമാനത്തിന്റെയും ശക്തമായ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്നലെ രാത്രി ഐഎൻഎസ് വിക്രാന്തിൽ ചിലവഴിച്ചത് വാക്കുകളിൽ വിവരിക്കാൻ സാധ്യമല്ല. നിങ്ങളിൽ എല്ലാവരിലും ഞാൻ കണ്ടത് അനിവാര്യമായ ഊർജ്ജവും ആവേശവുമാണ്. ഇന്നലെ നിങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചതും, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് നിങ്ങൾ വിവരിച്ച രീതിയും' പ്രധാനമന്ത്രിയുടെ വാക്കുകൾ വികാരഭരിതമായി. വിമാനവാഹിനിക്കപ്പലിൽ നടന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുത്തു. എയർ പവർ ഡെമോൺസ്ട്രേഷൻ, സാംസ്കാരിക പരിപാടികൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

ഐഎൻഎസ് വിക്രാന്ത് വെറും ഒരു കപ്പൽ എന്നതിലുപരി, ഇന്ത്യയുടെ സമുദ്രശക്തിയുടെയും ദേശീയ അഭിമാനത്തിന്റെയും ശക്തമായ പ്രതീകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഒരേ സമയം അനന്തമായ ചക്രവാളങ്ങളെയും, അനന്തമായ ആകാശത്തെയും ഞാൻ എന്റെ ഒരു വശത്ത് കണ്ടു, മറുവശത്ത് ഐഎൻഎസ് വിക്രാന്ത് എന്ന ഈ കൂറ്റൻ കപ്പൽ, നമ്മുടെ നാവിക ശക്തിയുടെയും നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമായി നിലകൊള്ളുന്നു.' പ്രധാനമന്ത്രി വിശദീകരിച്ചു. ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

തദ്ദേശീയമായി നിർമ്മിച്ച ഈ കപ്പൽ, 'ആത്മനിർഭർ ഭാരത്' എന്ന നമ്മുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണെന്നും, ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തതയുടെ തെളിവുകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിമാനവാഹിനിക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ അഭിമാനമായി തലയുയർത്തി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദീപാവലി ആഘോഷിക്കുന്നത് വിവിധ സൈനിക താവളങ്ങളിലാണ്.

ഇത് സൈനികരോടുള്ള അദ്ദേഹത്തിന്റെ ആദരവും കരുതലും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം, കിഴക്കൻ ലഡാക്കിലെ സൈനികരോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്. ഈ വർഷം, സമുദ്ര സുരക്ഷ ഉറപ്പാക്കുന്ന ഐഎൻഎസ് വിക്രാന്തിൽ വെച്ച് ആഘോഷം നടത്തിയതിലൂടെ, രാജ്യത്തിന്റെ അതിർത്തികളിൽ കാവൽ നിൽക്കുന്ന എല്ലാവരെയും അദ്ദേഹം ഓർമ്മിപ്പിക്കുകയായിരുന്നു. ഐഎൻഎസ് വിക്രാന്ത്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലാണ്. 

Tags:    

Similar News