ഷാനിമോള്‍ വാതില്‍പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട ആ പോലീസുകാരെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ; ബിന്ദുകൃഷ്ണയുടെ മുറിയിലേക്ക് ഇരച്ചു കയറിയതും അറിയിക്കേണ്ടവരെ അറിയിക്കാതെ; ആ പാതിരാ റെയ്ഡ് നിയമവുരുദ്ധമെന്ന വിലയിരുത്തല്‍ ശക്തം; പോലീസ് മേധാവിയോട് കമ്മീഷന്‍ വിശദീകരണം തേടിയേക്കും; 'ട്രോളി ബാഗ്' പോലീസിന് വിനയാകും

Update: 2024-11-08 01:26 GMT

തിരുവനന്തപുരം: കള്ളപ്പണം പരിശോധിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ റെയ്ഡ് നിയമപരമല്ലെന്നു പാലക്കാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണ് ഇത്. തിരഞ്ഞെടുപ്പു കാലത്തു പരിശോധന നടത്തുമ്പോള്‍ മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തലുണ്ട്. വനിതകളുടെ പഴ്‌സും മറ്റും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധിക്കരുതെന്നും കമ്മിഷന്റെ നിര്‍ദേശമുണ്ട്. ഇതിനിടെയാണ് റെയ്ഡ് നിയമപരമല്ലെന്ന നിലപാട് കളക്ടര്‍ എടുത്തുവെന്ന സൂചനകളും എത്തുന്നത്. എന്നാല്‍ കലക്ടര്‍ ഡോ.എസ്.ചിത്ര റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് പ്രതികരിക്കുന്നത്.

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ നിരീക്ഷകരെയോ അറിയിക്കാതെ തിടുക്കത്തില്‍ പരിശോധന നടത്തിയതിനെക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പോലീസ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയേക്കും. റെയ്ഡ് സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പരിശോധന ആരംഭിച്ചശേഷമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികളോ മറ്റോ വേണമെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന വാദവും ശക്തമാണ്.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡിനെ കുറിച്ച് അന്തിമഘട്ടത്തിലാണ് അറിഞ്ഞത്. നടപടികളില്‍ വീഴ്ച വന്നെന്നും കള്ളപ്പണ ആരോപണത്തില്‍ വ്യക്തതയില്ലെന്നും വിശദമായി അന്വേഷിച്ചാല്‍ മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ ഉള്ളതായി അറിയുന്നു. പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയത്. അതുകൊണ്ട് തന്നെ തുടര്‍ നടപടികള്‍ കമ്മീഷന്‍ എടുക്കും. വ്യക്തമായ മറുപടി നല്‍കാനായില്ലെങ്കില്‍ പോലീസിന് ഇത് തലവേദനയാകാനും സാധ്യതയുണ്ട്.

വനിതകള്‍ ഒറ്റയ്ക്കു താമസിക്കുന്ന മുറിയില്‍ അര്‍ധരാത്രി പുരുഷ പൊലീസുകാര്‍ മാത്രം പരിശോധന നടത്താനെത്തിയത് വിവാദമായിരുന്നു. പാലക്കാട്ടെ ഉദ്യോഗസ്ഥരാകെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയന്ത്രണത്തിലാണ്. എന്നിട്ടും ജില്ലാ കലക്ടര്‍ പോലും വിവരം അറിഞ്ഞതു റെയ്ഡ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പു ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും അവര്‍ എത്താന്‍ ഒരു മണിക്കൂര്‍ വൈകിയെന്നുമാണു റെയ്ഡിനു പോയ പോലീസുകാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കളക്ടറുടെ നിലപാട് അതിനിര്‍ണ്ണായകമാണ്.

കമ്മിഷന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ഉദ്യോഗസ്ഥ സംഘം അടങ്ങിയ സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം (എസ്എസ്ടി), ഫ്‌ലയിങ് സ്‌ക്വാഡ് (എഫ്എസ്) എന്നിവയ്ക്കാണ് ഇത്തരം പരിശോധനയ്ക്ക് പ്രാഥമികാധികാരമുള്ളത്. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് പണം, മദ്യം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഫ്‌ലയിങ് സ്‌ക്വാഡുകളാണ് പരിശോധന നടത്തേണ്ടത്. അവര്‍ക്ക് എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എസ്എസ്ടിയെ അറിയിച്ച് പരിശോധന നടത്താം. രണ്ടു സംഘങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരും ഉള്‍പ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനല്‍ ചട്ടപ്രകാരം വസ്തുക്കള്‍ പിടിച്ചെടുത്തവരില്‍നിന്നു മൊഴി രേഖപ്പെടുത്തേണ്ടത്. എന്നാല്‍ പാലക്കാട്ടെ റെയ്ഡില്‍ ഈ മാനദണ്ഡമൊന്നും പാലിക്കപ്പെട്ടിട്ടില്ല. കളക്ടര്‍റുടെ റിപ്പോര്‍ട്ട് പോലീസിന് എതിരായാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ നടപടികള്‍ എടുത്തേക്കും.

ക്രമസമാധാനപ്രശ്‌നം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ചുമതല സംഘത്തിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനാണ്. പാലക്കാട്ട് സംഭവത്തിനു ശേഷമാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ അധികാരമുള്ള എഡിഎം സ്ഥലത്തെത്തിയത്. സംഭവങ്ങളുടെ വിഡിയോ ചിത്രീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശമുണ്ട്. ഇത്തരം പ്രത്യേക സംഘങ്ങളില്ലാതെ പൊലീസ് പരിശോധന നടത്തിയാലും അതെക്കുറിച്ച് തിരഞ്ഞെടുപ്പ് വരണാധികാരി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, എസ്പി, തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകന്‍ എന്നിവര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം. ഇതിലൊന്നും കെപിഎം റീജന്‍സി ഹോട്ടലിലെ റെയ്ഡില്‍ വ്യക്തത വന്നിട്ടില്ല.

Tags:    

Similar News