'സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു, ചികിത്സയുടെ പേരിൽ ചതിച്ചു, ജീവിതം തകർത്തു'; ഉദിത് നാരായണനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി ആദ്യഭാര്യ; പരാതിയിൽ രണ്ടാം ഭാര്യയും സഹോദരങ്ങളും; നിയമപോരാട്ടത്തിനൊരുങ്ങി രഞ്ജന ഝാ
സുപൗൾ: പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി ആദ്യഭാര്യ രഞ്ജന ഝാ രംഗത്ത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗൂഢാലോചന നടത്തി ഗർഭപാത്രം നീക്കം ചെയ്തുവെന്നാണ് രഞ്ജനയുടെ പരാതി. ബിഹാർ സുപൗലിലെ വനിതാ പോലീസ് സ്റ്റേഷനിലെത്തി നേരിട്ടാണ് അവർ പരാതി നൽകിയിരിക്കുന്നത്. ഉദിത് നാരായണന് പുറമെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ദീപ നാരായണൻ, സഹോദരങ്ങൾ എന്നിവർക്കെതിരെയും പരാതിയിൽ ഗുരുതര ആരോപണങ്ങളുണ്ട്.
ചികിത്സയുടെ പേരിൽ ചതിച്ചു?
1984-ൽ വിവാഹിതരായ ഉദിത് നാരായണനും രഞ്ജനയും തമ്മിലുള്ള ബന്ധം വർഷങ്ങൾക്ക് മുൻപേ തകരാറിലായിരുന്നു. 1996-ലാണ് വിവാദപരമായ സംഭവം നടന്നതെന്ന് രഞ്ജന ആരോപിക്കുന്നു. ചികിത്സയ്ക്കെന്ന വ്യാജേന തന്നെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉദിത്തും സഹോദരങ്ങളും, സമ്മതമില്ലാതെ തന്റെ ഗർഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഈ സമയം രണ്ടാം ഭാര്യ ദീപയും കൂടെയുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് താൻ വഞ്ചിക്കപ്പെട്ട വിവരം രഞ്ജന തിരിച്ചറിഞ്ഞത്.
1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം തങ്ങൾ വിവാഹിതരായെന്ന് രഞ്ജന പരാതിയിൽ വിശദീകരിക്കുന്നു. 1985-ൽ ഉദിത് നാരായണൻ മുംബൈയിലേക്ക് താമസം മാറിയതിന് ശേഷമാണ് അദ്ദേഹം ദീപയെ വിവാഹം ചെയ്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഉദിത് നാരായണൻ വിവാഹക്കാര്യം നിഷേധിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തുവെന്നും രഞ്ജന ആരോപിക്കുന്നു.
2006-ൽ മുംബൈയിൽ വെച്ച് ഉദിത്തും ദീപയും തന്നോട് മോശമായി പെരുമാറുകയും വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. നേപ്പാളിൽ ഉദിത്തിന്റെ മാതാപിതാക്കളെ കാണാൻ പോയപ്പോൾ അധിക്ഷേപിച്ച് ഇറക്കിവിട്ടതായും രഞ്ജന പറയുന്നു. അന്നുമുതൽ താൻ മാതാപിതാക്കളുടെ വീട്ടിലാണ് താമസം. മുൻപ് കുടുംബകോടതിയേയും വനിതാ കമ്മീഷനേയും സമീപിച്ചിരുന്നതായും, ഉദിത് തന്നെ ഭാര്യയായി അംഗീകരിക്കുകയും ഒത്തുതീർപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നുവെന്നും രഞ്ജന വെളിപ്പെടുത്തി.
എന്നാൽ, പിന്നീട് വാക്കുമാറ്റുകയും ജീവിതച്ചെലവ് നിഷേധിക്കുകയും ചെയ്തതോടെയാണ് വീണ്ടും നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതയായതെന്നും അവർ കൂട്ടിച്ചേർത്തു. "വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന മാനസിക വിഷമത്തിന് അവസാനമുണ്ടാകണം. എന്റെ സമ്മതമില്ലാതെയാണ് അവർ ക്രൂരത കാട്ടിയത്. വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു ഇതുവരെ," രഞ്ജന ഝാ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് അന്വേഷണം തുടങ്ങുന്നു
മുപ്പത് വർഷത്തോളം പഴക്കമുള്ള സംഭവമായതിനാൽ പോലീസ് അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്. സുപൗൽ സ്റ്റേഷൻ ഇൻ-ചാർജ് അഞ്ജു തിവാരിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കേസ് രജിസ്റ്റർ ചെയ്ത് ഉദിത് നാരായണനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ബോളിവുഡിനെ ഞെട്ടിച്ച ഈ വെളിപ്പെടുത്തലിൽ ഉദിത് നാരായണൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
