ശബരിമല വിമാനത്താവളത്തിനായി കുടിയൊഴിപ്പിക്കേണ്ടി വരിക 326 കുടുംബങ്ങളെ; ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 234 സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരും; ഏഴ് ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും; പ്രദേശവാസികളെ ജോലിക്ക് പരിഗണിക്കണം; സാമൂഹികാഘാത പഠന കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

ശബരിമല വിമാനത്താവളത്തിനായി കുടിയൊഴിപ്പിക്കേണ്ടി വരിക 326 കുടുംബങ്ങളെ

Update: 2024-11-15 01:55 GMT

കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നു. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ 326 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ്് സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കതലായ ഭാഗം. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 234 സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന 234 കുടുംബങ്ങള്‍ക്ക് തൊഴിലും താമസസ്ഥലവും നഷ്ടമാകും. 327 കുടുംബങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗവും അടയും. എസ്റ്റേറ്റിലെ സ്ഥിര ജോലി തൊഴിലാളികള്‍ക്ക് നഷ്ടമാകും. 363 പേരുടെ വരുമാനത്തെ ബാധിക്കുമെന്നും കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിഭാഗങ്ങളുടേതുമായി ഏഴ് ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും.

സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഒരുവീട് ഒറ്റപ്പെട്ട് പോകും. എസ്റ്റേറ്റിനുള്ളിലൂടെയുണ്ടായിരുന്ന രണ്ട് കുടുംബങ്ങളുടെ വഴി നഷ്ടമാകും. ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ അവസരം ഒരുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ ആശുപത്രി, കാന്റീന്‍, ലേബര്‍ ഓഫിസ്, റേഷന്‍ കട, പ്രവര്‍ത്തനരഹിതമായ ബാലവാടി, ഐസോലേഷന്‍ കെട്ടിടം എന്നിവയും നഷ്ടമാകും. എസ്റ്റേറ്റിന് പുറത്തുള്ള നോയല്‍ മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍ അടക്കം രണ്ട് വിദ്യാലയങ്ങള്‍ക്ക് താഴുവീഴും. ഇതില്‍ എസ്റ്റേറ്റിനുള്ളിലേത് പ്രവര്‍ത്തനരഹിതമാണ്.

തോട്, അരുവി തുടങ്ങിയ ജലാശയങ്ങളും മറ്റ് പ്രകൃതി വിഭവങ്ങളും പദ്ധതി പ്രദേശത്തില്‍ ഉള്‍പ്പെടുന്നു. സമീപപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ മലനിരകളും കുന്നുകളും ഇടിച്ചുനിരത്തുന്നത് ഭാവിയില്‍ പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമായേക്കാമെന്നും കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മണിമലയാറിലേക്ക് എത്തിച്ചേരുന്ന നിരവധി നീരുറവകളും കൈത്തോടുകളും പദ്ധതി പ്രദേശത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ഇവ നഷ്ടമാകുന്നത് ആറിന്റെ സ്വഭാവിക നീരൊഴുക്കിനെ ബാധിക്കാം. കുടിവെള്ളപ്രശ്‌നവും ഉണ്ടാകാം. 2392 തേക്കുകള്‍ അടക്കം 20,000 ത്തിലധികം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുമെന്നും കൊച്ചി തൃക്കാക്കര ഭാരത് മാത സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തല്‍ യൂനിറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

1,699 മരങ്ങളും ചെടികളും വെട്ടേണ്ടി വരും. ഏറ്റവും കൂടുതല്‍ വെട്ടേണ്ടി വരുന്നത് റബറാണ്: 17736 എണ്ണം.പദ്ധതി പ്രദേശത്ത് കൂടുതലായി 60 വയസ്സ് കഴിഞ്ഞവരാണ്. അതിനാല്‍, പ്രായമായവര്‍ക്ക് പുനരധിവാസ സൗകര്യം ഉറപ്പാക്കണം. ഭൂമിയേറ്റെടുക്കല്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം.ആഘാത ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം കഴിയുന്നത്ര വേഗത്തില്‍ നല്‍കണമെന്നും പഠനറിപ്പോര്‍്ട്ടില്‍ പറയുന്നു.

സാമൂഹികാഘാത പഠനറിപ്പോര്‍ട്ട് സംബന്ധിച്ച് ഈ മാസം 29നും 30നും പബ്ലിക് ഹിയറിങ് നടക്കും. 29ന രാവിലെ 10ന് എരുമേലി അസംപ്ഷന്‍ ഫൊറോനാ പള്ളി ഹാളിലും 30നു രാവിലെ 10നു മുക്കടയിലെ കമ്യൂണിറ്റി ഹാളിലുമാണു ഹിയറിങ് നടക്കുക. വിമാനത്താവളത്തിനായി 3500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News